ലഖ്നോ: യോഗിയുമായി നടത്തിയ 20 മിനിറ്റ് നേരത്തെ ചര്‍ച്ച അഖിലേഷ് യാദവിന്റെ അമ്മാവന് ശിവപാല്‍ യാദവിനെ സംബന്ധിച്ചിടത്തോളം മരുമകന് അഖിലേഷ് യാദവില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും അകന്നുകഴിഞ്ഞതിന്റെ പരസ്യ പ്രസ്താവനയായിരുന്നു. എന്നാല്‍ ഇദ്ദേഹം ഇതുവരെയും അഖിലേഷ് യാദവുമായി അകന്നെന്നോ യോഗിയുമായി അടുത്തെന്നോ പരസ്യമായി പ്രസ്താവിച്ചിട്ടില്ല.
അതിനിടെ ഇതാ ശിവപാല്‍ യാദവിന്റെ ട്വിറ്ററില്‍ കഴിഞ്ഞ ദിവസം അദ്ദേഹം പ്രധാനമന്ത്രി മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയെയും പിന്തുടരാന് തുടങ്ങി. ഇത് ശിവപാല്‍ യാദവിന്റെ ബിജെപി യാത്രയുടെ തുടക്കം തന്നെയെന്ന് വിലയിരുത്തപ്പെടുന്നു. ഇതോടെ അങ്കലാപ്പിലായ അഖിലേഷ് യാദവ് ദല്‍ഹിയില്‍ അച്ഛന് മുലായം സിങ് യാദവുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും ഉടനെ ലഖ്നോവിലേക്ക് തിരിച്ച് ശിവപാല്‍ യാദവുമായി ചര്‍ച്ച നടത്തും. ബിജെപിയിലേക്ക് പോകാനുള്ള ശിവപാല്‍ യാദവിന്റെ നീക്കം ഏത് വിധേനെയും തടയുകയാണ് ലക്ഷ്യമെന്നറിയുന്നു.
യുപി തെരഞ്ഞെടുപ്പില്‍ മുലായം സിങ്ങ് യാദവിന്റെ സഹോദരന് ശിവപാല്‍ യാദവും അഖിലേഷ് യാദവും തമ്മില്‍ സഖ്യത്തിലായിരുന്നു. എന്നാല്‍ ഈ സഖ്യം പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിയോടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യം വലിയ പൊട്ടിത്തെറിയായെന്ന് പറയുന്നു. മാര്‍ച്ച് 26ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സമാജ് വാദി എംഎല്‍എമാരുടെ യോഗത്തിലേക്ക് ശിവപാല്‍ യാദവിനെ ക്ഷണിച്ചിരുന്നില്ല. ഇത് ഇരുവരും തമ്മിലുള്ള അകല്‍ച്ചയുടെ ആഴം കൂട്ടി. അഖിലേഷ് യാദവ് ഈ തിങ്കളാഴ്ച വിളിച്ചുചേര്‍ന്ന പ്രതിപക്ഷ സഖ്യപാര്‍ട്ടികളുടെ യോഗത്തിനും ശിവപാലിനെ ക്ഷണിച്ചില്ല.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ശിവപാല്‍ യാദവ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരും 20 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. അഖിലേഷിന്റെ സമാജ്വാദിക്കെതിരെ ശിവപാലിനെ ഉപയോഗിച്ച് നീക്കം ശക്തമാക്കുകയാണ് യോഗി എന്നറിയുന്നു. താന്‍ എല്ലാം യോഗിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഉടന്‍ ഒരു തീരുമാനമെടുക്കുമെന്നും ശിവപാല്‍ യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ ശിവപാല്‍ യാദവ് ഇറ്റാവയിലെ ജസ്വന്ത് നഗര്‍ സീറ്റില്‍ നിന്ന് സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചിരുന്നു. കഴിഞ്ഞ ദിവസം എംഎല്‍എയായി ഇദ്ദേഹം സത്യപ്രതിജ്ഞയും ചെയ്തിരുന്നു. ശിവപാല്‍ ബിജെപിയ്ക്കൊപ്പം നില്ക്കാന് തീരുമാനിച്ചാല്‍ സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും കുറഞ്ഞത് അഞ്ച് എം.എല്‍.എമാരെയെങ്കിലും ബിജെപി ക്യാമ്പില്‍ എത്തിച്ചേരുമെന്ന് ഊഹാപോഹമുണ്ട്.
മാര്‍ച്ച് 24 ന് അഖിലേഷും ശിവാപാലും കണ്ടുമുട്ടിയപ്പോള്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി അഖിലേഷ് യാദവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ശിവപാല്‍ യാദവ് തന്റെ പാര്‍ട്ടിയായ പ്രഗതി ശീല് സമാജ് വാദിക്ക് കൂടുതല്‍ അധികാരം മുന്നണിയില്‍ ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിലേക്കെത്തിച്ചത്.
2016ലുണ്ടായ അധികാര തര്‍ക്കത്തെത്തുടര്‍ന്ന് ശിവ്പാല്‍ യാദവിനെ സമാജ് വാദിയില്‍ നിന്നും അഖിലേഷ് യാദവ് പുറത്താക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: