തിരുവനന്തപുരം: സുരേഷ് ഗോപി എംപിയുടെ അഭ്യര്‍ത്ഥന പ്രകാരം അട്ടപ്പാടി, വയനാട് ജില്ലകളിലെ ആദിവാസികളുടെ ദുരിതം നേരിട്ടറിയാന്‍ കേന്ദ്ര മന്ത്രിമാര്‍ നേരിട്ടെത്തും. കേന്ദ്ര മന്ത്രി അര്ജുന് മുണ്ട അടുത്തുതന്നെ അട്ടപ്പാടി, വയനാട് ജില്ലകളിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിക്കും.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഇരു ജില്ലകളും ക്യാമ്പ് ചെയ്ത് വനവാസികളുടെ പ്രശ്നങ്ങളും, ദുരിതങ്ങളും വിലയിരുത്തും. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍ കേന്ദ്രം സംഘത്തെ നിയോഗിക്കും. കഴിഞ്ഞ ആഴ്ച്ച ഈ വിഷയം രാജ്യസഭയില്‍ സുരേഷ് ഗോപി ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് സുരേഷ്ഗോപി എംപിക്ക് ഇതുസംബന്ധിച്ചു ഉറപ്പു ലഭിച്ചത്.
ഇടമലക്കുടി, വയനാട്ടിലെ കുളത്തൂര്‍ ഉള്‍പ്പെടെയുള്ള ആദിവാസി കോളനികളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് എംപി അവരുടെ പ്രശ്നങ്ങള്‍ രാജ്യസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ശുദ്ധജല പ്രശ്നം, നവജാത ശിശുമരണം, ഗോത്രജനതയുടെ ആരോഗ്യം ഉറപ്പാക്കിയ റാഗി പോലുള്ള ധാന്യങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കാത്ത വിഷയം എന്നിവ സുരേഷ് ഗോപി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ മാസം സുരേഷ് ഗോപി വയനാട്ടിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചിരുന്നു. നിലമ്പൂര്‍ നഞ്ചങ്കോട് പാത പദ്ധതി നടപ്പിലാകുമെന്നും, വയനാടിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും കേരളത്തിലെ ഭരണകൂടം വയനാടിനെ വളരാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാറുമ്മല്‍ക്കടവ് കോളനി, അനേരി കോളനി, കുളത്തൂര്‍ കോളനി തുടങ്ങി ആറോളം കോളനികള്‍ സന്ദര്‍ശിച്ച് ഊരിലെ, വനവാസി ജനത അനുഭവിക്കുന്ന പ്രശ്നങ്ങളും ജീവിത സാഹചര്യങ്ങളും നേരിട്ട് കണ്ട് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: