രൂപേഷ് അടൂര്‍
അടൂര്‍: ധീര ദേശാഭിമാനി വേലുത്തമ്പി ദളവയുടെ വീരാഹുതികള് നടക്കുമ്പോഴും അദ്ദേഹത്തിന്റെ സ്മാരകത്തിന് അവഗണന. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള മണ്ണടി വേലുത്തമ്പി ദളവ മ്യൂസിയത്തിനാണ് ഈ ദുരവസ്ഥ. വേലുത്തമ്പി ദളവ വീര മൃത്യുവരിച്ച ഇടമെന്ന നിലയില്‍ ചരിത്രത്തില്‍ ഇടം നേടിയ മണ്ണടിക്ക് അഭിമാനിക്കാന്‍ ആ ഓര്‍മകളല്ലാതെ മറ്റൊന്നുമില്ല. ഒരു പൂര്‍ണ്ണകായ പ്രതിമ മാത്രമാണ് നിലവിലുള്ളത്.
വേലുത്തമ്പിയുടെയും മണ്ണടിയുടെയും ചരിത്രം അന്വേഷിച്ച് മ്യൂസിയത്തില്‍ വരുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. കല്ലടയാറ്റിലും മറ്റും ഉപേക്ഷിക്കപ്പെട്ട് കിടന്ന പൊട്ടിയ വിഗ്രഹങ്ങളും അടക്കം പഴയ കുറച്ച് ചരിത്ര വസ്തുക്കള്‍ മാത്രമാണ് ഇവിടുള്ളത്. മ്യൂസിയത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ വേലുത്തമ്പിയുടെ ഉടവാള് ഇവിടെ എത്തിക്കണമെന്നാവിശ്യം ഇതുവരെ നടപ്പായില്ല. ഇരുനില കെട്ടിടത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
നിലവിലുള്ള ചരിത്രശേഷിപ്പുകള്‍ പൊടി കയറാതെ സൂക്ഷിക്കാനും ഇവിടെ സൗകര്യമില്ല. ഭിത്തിയിലെ റാക്കിന് ഗ്ലാസ് പാളിപോലും പിടിപ്പിച്ചിട്ടില്ല. ഇവിടെയുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിറയെ പറവകളുടെ കാഷ്ടമാണ്. പഴയ സ്തൂപത്തിന്റെ ഭാഗങ്ങള്‍ പലയിടത്തായി ചിതറി കിടക്കുകയാണ്. വേലുത്തമ്പി ദളവയുടെ പൂര്‍ണ്ണ കായ വെങ്കല പ്രതിമയ്ക്ക് ചുറ്റും ഉദ്യാനം നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും അതും പാതിവഴിക്ക് അവസാനിച്ചു.
വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ടതാണ് കാമ്പിത്താന് മണ്ഡപം. കല്ലടയാറിന്റെ തീരത്തുള്ള ശില്‍പ്പാലംകൃതമായ കല്‍മണ്ഡപവും ഇന്ന് സംരക്ഷണമില്ലാതെ നശിക്കുകയാണ്. കല്മണ്ഡപത്തില് നിന്ന് പടവുകള്‍ ഇറങ്ങി ചെല്ലുന്നത് കല്ലടയാറ്റിലേക്കാണ്. ഈ ഭാഗത്ത് കല്ലടയാറ്റില്‍ ബോട്ട് സര്‍വ്വീസ് ഉള്‍പ്പടെയുള്ള ടൂറിസം പദ്ധതിക്ക് മുമ്പ് ആലോചിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. രാജ്യാന്തര പഠന ഗവേഷണ കേന്ദ്രവും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. പദ്ധതിക്കായി സര്‍ക്കാര്‍ രണ്ട് കോടിയാണ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: