മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലത്തോട് അനുബന്ധിച്ച് അടച്ച ഇരവികുളം ദേശീയോദ്യാനം ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന് നല്‍കും. ഇത്തവണ പ്രവേശനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്. ഇതിനായി ക്യൂആര്‍ കോഡും തയ്യാറാക്കിയിട്ടുണ്ട്.
സഞ്ചാരികളില്‍ പ്രായമായവര്‍ക്കും വികലാംഗര്‍ക്കുമായി ബഗ്ഗി കാര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ ഏതാനം ദിവസങ്ങളായി പാര്‍ക്കില്‍ നടന്ന് വരികയാണ്. രാത്രി 7 മണി വരെ ഇന്നത്തേക്കുള്ള 370 ടിക്കറ്റ് ഓണ്‍ലൈനായി വിറ്റുപോയതായി പാര്‍ക്കിന്റെ ചുമതലയുള്ള അസി. വൈല്‍ഡ് ലൈഫ് വാര്ഡന് ജോബ് ജെ. നേര്യംപറമ്പില്‍ പറഞ്ഞു. ഒരു ദിവസം പരമാവധി 2880 പേര്‍ക്കാണ് പ്രവേശനം. 5 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബഗ്ഗി കാറിന് 500 രൂപയാണ് നിരക്ക്. രാജമലയില്‍ ബസിറങ്ങി 1.5 കി.മീറ്റര്‍ മുകളിലേട്ടും തിരിച്ചും ഇതില്‍ യാത്ര ചെയ്യാനാകും.
സഞ്ചാരികള്‍ മുമ്പ് മണിക്കൂറുകളോളം ക്യൂ നിന്നാണ് പ്രവേശനം നേടിയിരുന്നത്. ഇത് മറികടക്കാനായാണ് പ്രവേശനം ഓണ്‍ലൈനാക്കുന്നത്. മൂന്നാറിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനായി പ്രത്യേകം തയ്യാറാക്കിയ ക്യൂ ആര് കോഡ് സ്റ്റാന്‍ഡുകള്‍ സ്ഥാപിച്ചു. ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്കി ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ ആപ്പുകള്‍ വഴിയും പണം അടക്കാം.
ശേഷം മൊബൈലില്‍ മെസേജ് ലഭിക്കും. ഇതിനൊപ്പം വാട്ട്സാപ്പിലും മെയിലും പ്രത്യേക ക്യൂ ആര് കോഡ് അയച്ച് നല്‍കും. ഇത് സ്കാന്‍ ചെയ്ത ശേഷമാകും ബസില്‍ പ്രവേശനം അനുവദിക്കുക. മുമ്പ് ടിക്കറ്റ് നല്കിയവരാകും ഓണ്‍ലൈന്‍ ടിക്കറ്റ് പരിശോധിക്കുക. എവിടെ വച്ചും ടിക്കറ്റ് പരിശോധിക്കാനായി പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷന്‍ ബസ് ഡ്രൈവര്‍ അടക്കമുള്ളവര്‍ക്കും നല്‍കിയിട്ടുണ്ട്.
ഇതിനൊപ്പം രാവിലെ, ഉച്ചകഴിഞ്ഞ്, വൈകിട്ട് എന്നിങ്ങനെ ടൈം സ്ലോട്ടും ഉണ്ടാകും. രാവിലെ എട്ട് മുതല്‍ വൈകിട്ട് 4.30 വരെ മാത്രമാകും പ്രവേശനം. ഒരാള്‍ക്ക് ഒരു സമയം പരമാവധി 50 ടിക്കറ്റാണ് എടുക്കാനാകുക. ടിക്കറ്റെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് അഞ്ചാംമൈലിലെ പ്രവേശന കവാടത്തിലെത്തിയാല്‍ ടിക്കറ്റ് ഒഴിവുണ്ടെങ്കില്‍ ഇവിടെ ഒരുക്കിയിരിക്കുന്ന ഫ്രീ വൈ ഫൈ ഉപയോഗിച്ച് വാഹനത്തിലിരുന്ന് തന്നെ ടിക്കറ്റെടുക്കാം. വാഹന പാര്‍ക്കിങ് മേഖലയിലടക്കം വൈ ഫൈ ലഭിക്കും. ഇതിന് ശേഷം പരിശോധനകള്‍ പൂര്‍ത്തിയാക്കി വനം വകുപ്പിന്റെ തന്നെ ബസില്‍ കയറി രാജമലയിലെ പാര്‍ക്കിലെത്താനാകും. 4 കി.മീറ്ററോളം ദൂരം കാനനഭംഗി ആസ്വദിച്ചുള്ള യാത്രക്കൊപ്പം തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പര്‍വതമായ ആനമുടിയും കാണാനാകും.
പാര്‍ക്കിലെ 1.5 കി.മീ. ദൂരമാണ് സഞ്ചാരികള്‍ക്ക് നടന്ന് കാണാനാകുക. വിദേശികള്‍ക്ക് 500, സ്വദേശികള്‍ക്ക് 200 രൂപയുമാണ് പ്രവേശന ഫീസ്. മൂന്നാറില്‍ നിന്ന് മറയൂര്‍ റോഡില്‍ എട്ട് കി.മീ. സഞ്ചരിച്ചാല്‍ പ്രവേശന കവാടത്തിലെത്താം. പ്രവേശനം ഓണ്‍ലൈന്‍ ആകുന്നതോടെ മറയൂര്‍ റോഡിലെ അനധികൃത പാര്‍ക്കിങ്ങിനും ഒരുപരിധി വരെ പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: