ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കര കയറുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) കുതിപ്പേകാന്‍ 6062.45 കോടി രൂപ (808 ദശലക്ഷം ഡോളര്‍) ചെലവിടാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാണിജ്യ വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസവും സന്തോഷവും പകരുന്നതാണ് ഈ തീരുമാനം. രാജ്യത്തെ ആറരക്കോടി സംരംഭകര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഇതിന്റെ പ്രയോജനം ലഭിക്കും.
ലോക ബാങ്കിന്റെ സഹായത്തോടെ ഈ സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കിത്തുടങ്ങുന്ന റെയ്സിങ് ആന്‍ഡ് ആക്സിലറേറ്റിങ് എംഎസ്എംഇ (ആര്‍എഎംപി) എന്ന പദ്ധതി വഴിയാണ് പണം ചെലവിടുക. മൊത്തം തുകയില്‍ 3750 കോടി ലോക ബാങ്ക് വായ്പയാണ്. ബാക്കി 2312.45 കോടി കേന്ദ്ര സര്‍ക്കാര്‍ നല്‍കും.
കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് എംഎസ്എംഇ സംരംഭങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ കേന്ദ്രം ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. സ്ഥാപനങ്ങളെ ശക്തമാക്കുക, അവയ്ക്ക് വായ്പയും വിപണിയും ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതി കേന്ദ്ര സംസ്ഥാന ബന്ധവും മെച്ചപ്പെടുത്തും. കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനും നൈപുണ്യ വികസനത്തിനും ഉപകാരപ്പെടും.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ കുറവായ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങാനും ഇത് സഹായിക്കും. ഒരു ലക്ഷത്തോളം പുതിയ വനിതാ സംരംഭങ്ങള്‍ ഉണ്ടാക്കുകയാണ് മറ്റൊരു ലക്ഷ്യം. സംസ്ഥാനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുക. അതിനാല്‍ അവരാണ് തന്ത്രപരമായ നിക്ഷേപ പദ്ധതികള്‍ തയ്യാറാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: