ചൈനയില്‍ നിന്നുള്ള കടന്നു കയറ്റ ഭീഷണി അമേരിക്കന്‍ ഐക്യ നാടുകള്‍ക്കും ലോകത്തിനു തന്നെ പ്രത്യക്ഷത്തില്‍ പ്രകടവും നാള്‍ക്കുനാള്‍ വിനാശകരവുമായി മാറിക്കൊണ്ടിരിക്കുകയാണെണ് അമേരിക്കന്‍ കുറ്റാന്വേഷണ വകുപ്പായ എഫ്ബിഐയുടെ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വ്രെ 2022 ജനുവരിയില്‍ വെളിപ്പെടുത്തുകയുണ്ടായി. 2021ല്‍ ഗല്‍വാന്‍ താഴ്വരയില് ചൈന നടത്തിയ കടന്നു കയറ്റം മുന്‍ നിര്‍ത്തി പരിശോധിക്കുകയാണെങ്കില്‍ ഇത് സത്യമാണെന്നു സ്ഥാപിക്കാനാകും. ഇന്ത്യയുടെ അതിര്‍ത്തികള്‍ വഴി കടന്നു കയറ്റമാണ് ചൈന നടത്തുന്നതെങ്കില്‍ അമേരിക്കയുടെ കാര്യത്തില്‍ അത് സൈബര്വ്യാപാര മേഖലയിലാണെന്നതാണ് വ്യതാസം.
അമേരിക്കന്‍ ബൗദ്ധികസ്വത്തവകാശങ്ങളും ഗവേഷണ ആശയങ്ങളും കണ്ടുപിടുത്തങ്ങളും ചൈന മോഷ്ടിച്ചതായി എഫ്ബിഐയുടെ അന്വേഷണങ്ങളില്‍ തെളിയുകയുണ്ടായി. ചൈനീസ് ആര്‍മിയുടെ നേതൃത്വത്തില്‍ അമേരിക്കയും, ഇന്ത്യയും പോലുള്ള ലോകശക്തികളെ പ്രതിരോധത്തിലാക്കാനായി വന്‍ തോതിലുള്ള ഹാക്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പെന്റഗണ്‍ 2021ലെ പ്രതിരോധ റിപ്പോര്‍ട്ടിലൂടെ പുറത്തുവിടുകയുണ്ടായി. അമേരിക്കയുടെ ആശയ നൂതനത്വത്തിനും സാമ്പത്തിക സുരക്ഷയ്ക്കും ചൈനയേക്കാള്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന മററൊരു രാജ്യം ലോകത്തില്ല എന്നാണ് ആ റിപ്പോര്‍ട് വ്യക്തമാക്കിയത് .
സാമ്പത്തിക മത്സരക്ഷമത നിലനിര്‍ത്തുന്നതിനും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുമായി ഗവേഷണ രഹസ്യങ്ങള്‍, പേറ്റന്റുകള്‍, ബൗദ്ധിക സ്വത്തുകള്‍ എന്നിവ ചൈന അപഹരിക്കുന്നു.2016നും 2019നും ഇടയില്‍, ചൈനയുടെ ആഭ്യന്തര സുരക്ഷാ മന്ത്രാലയം നൂറുകണക്കിന് വ്യാപാരസംബന്ധ മോഷണങ്ങള്‍ നടത്തിയതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 1996ലെ അമേരിക്കന്‍ സാമ്പത്തിക ചാരവൃത്തി നിയമത്തിന് കീഴില്‍ സമര്‍പ്പിച്ച കുറ്റാരോപണങ്ങളില്‍ പകുതിയിലധികം കേസുകളും ചൈനയെ സംബന്ധിച്ചവയാണ്. സ്വതന്ത്ര ഗവേഷകനായ നിക്കോളാസ് എഫ്റ്റിമിയാഡ്സിന്റെ അഭിപ്രായത്തില്‍, 2018ല്‍ ചൈനീസ് സാമ്പത്തിക ചാരപ്രവര്‍ത്തനങ്ങള്‍ക്ക് മൂലം അമേരിക്കന്‍ സാമ്പത്തിക രംഗത്ത് 320 ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായി. 2018ല്‍ അമേരിക്കയില്‍ രേഖപ്പെടുത്തിയ ബൗദ്ധിക സ്വത്ത് മോഷണത്തിന്റെ 80 ശതമാനം കേസുകളിലും കുറ്റക്കാരെന്ന് തെളിഞ്ഞത് ചൈനയും അതിനു നേതൃത്വം കൊടുക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമാണ് .
ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടന് തുടങ്ങിയ വിദേശ രാജ്യങ്ങളുടെ ദേശീയ സുരക്ഷയും പ്രതിരോധവും തകര്‍ക്കാന്‍ ചൈന സൈബര്സാമ്പത്തിക ചാരവൃത്തി ഉപയോഗിക്കുന്നു. ഇങ്ങനെ മോഷ്ടിച്ചെടുക്കുന്ന ബൗദ്ധിക സ്വത്തുപയോഗിച്ചുനൂതന യുദ്ധോപകരണ രൂപകല്‍പ്പനയിലും ഡ്രോണ്‍ സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വില കുറഞ്ഞ ഉപകരണങ്ങള്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് വിലക്കിഴിവില്‍ വില്‍ക്കുകയും അത് വഴി ചൈന സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നു. ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിനെ പ്രതിരോധിക്കാന്‍ പാക്കിസ്ഥാന് ചൈനയുടെ പക്കല്‍ നിന്നും വാങ്ങിയ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമത എത്രയുണ്ടെന്ന് ഈയിടെ നമ്മള് എല്ലാം അറിഞ്ഞതാണ് .
ചൈനയുടെ നീചമായ ഈ പ്രവര്‍ത്തി യഥാര്‍ത്ഥ ഉപകരണ നിര്‍മ്മാതാക്കള്‍ക്ക് നാശം വരുത്തിവയ്ക്കും. കാരണമെന്തെന്നാല്‍ അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ കോടിക്കണക്കിനു ധനം ചിലവഴിച്ചാണ് നവീനമായ സാങ്കേതിക വിദ്യകള്‍ ഗവേഷണം നടത്തിയെടുക്കുന്നത്. ഇത്തരത്തിലുള്ള ഗവേഷണ ഫലങ്ങള്‍ ചുളുവില്‍ അടിച്ചുമാറ്റിയെടുത്തു വിലകുറഞ്ഞ പതിപ്പുകള്‍ നിര്‍മിക്കുക എന്നത് ചൈനയുടെ ലക്ഷ്യമാണ്. ഈയിടെയ്ക്കു ചൈനയില്‍ നിര്‍മിച്ച റോള്‍സ് റോയ്സ് കാറിന്റെ വ്യാജ പതിപ്പ് സാമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചൈനയുടെ ഈ ദുഷ് പ്രവണതയ്ക്ക് പ്രതികരണമെന്ന നിലയില്‍, സാമ്പത്തിക ചാരവൃത്തി കണ്ടെത്തുന്നതിനും ചെറുക്കുന്നതിനുമായി അമേരിക്കയുടെ നേതൃത്വത്തില്‍ വിവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നുണ്ട്. ഇന്ത്യ ഉള്‍പ്പെട്ട ക്വാഡ് പോലെയുള്ള സഖ്യങ്ങള്‍ ഇതിനു ഉദാഹരണമാണ്.
സ്വതന്ത്ര സൈബര്സാമ്പത്തിക ഗവേഷക കാതറിന് ലോട്രിയോന്റെ അഭിപ്രായത്തില്‍, ചൈനീസ് സാമ്പത്തിക ചാരവൃത്തിയുടെ അനന്തരഫലമായി യുഎസിനുണ്ടായ ദോഷം സാമ്പത്തിക നഷ്ടത്തില്‍ മാത്രം ഒതുങ്ങുന്നവയല്ല . അതിനോടൊപ്പം തന്നെ മാനുഷിക മൂല്യങ്ങളും അന്താരാഷ്ട്രവ്യാപാര ചട്ടങ്ങളും ലംഘിക്കപ്പെടുന്ന അവസ്ഥയും സംജാതമായി. സാമ്പത്തിക ചാരപ്രവര്‍ത്തനം സംരംഭകരുടെ ബിസിനസ് ഗവേഷണ കഴിവുകളെയും അതിന്റെ വളര്‍ച്ചയ്ക്കുള്ള പ്രോത്സാഹനത്തെയും അപകടത്തിലാക്കുന്നു, ആഗോള വ്യാപാര വ്യവസ്ഥയ്ക്ക് അടിവരയിടുന്ന തത്വങ്ങളും ചൈനയുടെ ചതിയില്‍പെട്ട് താറുമാറാകുന്നു . അധാര്‍മ്മികമായ വ്യാപാര സമ്പ്രദായങ്ങളെ ചൈന സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി വളര്‍ത്തുന്നു. ചൈനയുടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പോരാടാന്‍ അമേരിക്കന്‍ ഗവണ്മെന്റിനോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളെയും അനുവദിക്കുന്നത്, സൈബര്‍ സാമ്പത്തിക ചാരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് ചില വിദഗ്ദര്‍ കരുതുന്നു.
വേള്‍ഡ് ട്രേഡ് ഓര്ഗനൈസേഷന് നിഷ്കര്‍ഷിക്കുന്ന ന്യായമായ വ്യാപാര മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി സാമ്പത്തിക ചാരവൃത്തിക്ക് ചൈനയ്ക്കെതിരെ കേസെടുക്കുന്നതിലും ഈയിടയായി അമേരിക്ക കൂടുതല്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സൈബര്‍സ്പേസിലെ ചൈനീസ് അധിനിവേശത്തെ എതിര്‍ക്കുന്നതിന്,’ഡിഫെന്‍ഡിങ് ഫോര്‍വേഡ്’എന്ന അസാധാരണമായ ആക്രമണാത്മക സൈബര്‍ തന്ത്രം അമേരിക്ക രൂപകല്പന ചെയ്തു. പുലിയെ അതിന്റെ മടയില്‍ പോയി കൊല്ലുക എന്ന തന്ത്രമാണിത്. ചൈനീസ് ഹാക്കര്‍മാരുടെ ഗൂഢതന്ത്രങ്ങളെ അവരുടെ ഉറവിടത്തില്‍ വെച്ചുതന്നെ പ്രതിരോധിക്കാനും അവരുടെ ഹാക്കിങ് നെറ്റ്വര്‍ക്കുകളും മറ്റു സങ്കേതങ്ങളും തുറന്നുകാട്ടാനുമാണ് ഈ സമീപനം ഉദ്ദേശിക്കുന്നത്.കൂടാതെ, സൈബര്‍ ചാര പ്രവൃത്തി നടത്തി സാമ്പത്തിക ലാഭം കൊയ്യുന്ന ചൈനീസ് സംരംഭങ്ങള്‍ക്ക് പിഴ ചുമത്താനും അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട് . അമേരിക്കന്‍ ഡാറ്റ സ്റ്റോറേജ് കമ്പനിയായ മൈക്രോണില്‍ നിന്ന് വിവര സാങ്കേതിക വിദ്യ മോഷ്ടിക്കാന്‍ ചാരന്മാരെ നിയഗിച്ചത് കാരണം ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ചിപ്പ് നിര്‍മ്മാണ സ്ഥാപനമായ ഫ്യുജിയാന് ജിന്ഹുവയ്ക്ക് സാങ്കേതികവിദ്യ വില്‍ക്കുന്നത് അമേരിക്കന്‍ വാണിജ്യ മന്ത്രലയം തടയുകയുണ്ടായി. ലോകത്തിലെ നിരവധി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്ഥാപനങ്ങള്‍ക്കായി ബാക്കെന്‍ഡ് ടെക്നോളജി ഹോസ്റ്റ് ചെയ്യുന്നതിനാല്‍, ചൈനീസ് നുഴഞ്ഞുകയറ്റത്തിനെതിരെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സ്ഥാപനങ്ങളും അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: