ന്യൂദല്‍ഹി: ലോക്സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കിയിട്ടല്ല സംസ്ഥാനങ്ങളില്‍ ബിജെപി ഭരണനിര്‍വഹണം നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഒരു തിരഞ്ഞെടുപ്പ് തോല്‍വിയെയും ബിജെപി ഭയത്തോടെ വീക്ഷിക്കുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രത്യയശാസ്ത്രവും, ഭരണമികവും, ഭരണകാലത്തെ പ്രകടനവും മുന്‍നിര്‍ത്തിയാണ് ബിജെപി തിരഞ്ഞെടുപ്പുകളില്‍ പോരാടുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഗോവയിലേക്ക് പോയവരാണ് തൃണമൂലുകാര്‍. പക്ഷേ, പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളെ വധിച്ചിട്ടോ സ്ത്രീകളെ ഉപദ്രവിച്ചിട്ടോ ഒരു സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരല്ല ബിജെപിക്കാരെന്നും അമിത് ഷാ ലോക്സഭയില്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം മൂലമാണ് ദല്‍ഹിയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാര്‍ നീട്ടിക്കൊണ്ട് പോകുന്നതെന്ന ആംആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങള്‍ക്കും അമിത് ഷാ മറുപടി നല്കി. ‘എന്തിന് എഎപിയെ ഭയപ്പെടണം? തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍, ആറ് മാസത്തിന് ശേഷവും അവര്‍ക്ക് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും വിജയിക്കുകയും ചെയ്യാം. എന്നിട്ടും എന്തിനാണ് പരിഭ്രമമെന്ന് അമിത് ഷാ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: