മട്ടാഞ്ചേരി: കൊവിഡ് കാലത്ത് കേരളത്തില്‍ മാസ്ക് ധരിക്കാത്ത 42,73,735 പേരില്‍ നിന്ന് കേരളം പിഴയിടാക്കിയത് 213 കോടി 68 ലക്ഷം രൂപ. 2020 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് 28 വരെയുള്ള കണക്കാണിത്. അഞ്ഞൂറ് രൂപ മുതല്‍ രണ്ടായിരം രൂപ വരെയായിരുന്നു പിഴ. വയനാട്ടില്‍ 2020 ഏപ്രിലില്‍ മാസ്ക് ധരിക്കാത്തതിന് കേരള പോലീസ് ആക്ട് സെക്ഷന്‍ 118 (ഇ) പ്രകാരം 5000 രൂപ പിഴയിടാക്കിയത് വിവാദമായിരുന്നു.
കൊവിഡ് നിയന്ത്രണ പ്രതിരോധ നിയമ ലംഘനത്തിലൂടെ കേരളത്തിന്റെ ട്രഷറിയിലെത്തിയ വരുമാനനേട്ടം 350 കോടി രൂപയെന്നാണ് പ്രാഥമിക കണക്ക്. ലോക്ഡൗണ്‍, കണ്ടയ്മെന്റ് സോണ്‍, സമയക്രമം തെറ്റിക്കല്‍, നിരോധിത മേഖലകളിലെ ഉത്പന്ന വിപണനം, പ്രതിരോധ പ്രവര്‍ത്തന നിയമ ലംഘനം, വിവാഹമടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ ക്രമാതീതമായുള്ള വര്‍ധന, ഉത്സവകാലങ്ങളിലെ ഒത്തുക്കൂടല്‍, മതിയായ കൊവിഡ് മാനദണ്ഡങ്ങള്‍ (സാനിറ്റൈസര്‍, ശാരീരിക ഉഷ്മാവ് നിരീക്ഷണ ഉപകരണം, സോപ്പ് തുടങ്ങിയവ) പാലിക്കാത്ത സാഹചര്യം തുടങ്ങിയവയിലൂടെയുള്ള പിഴയും കൂടി കണക്കിലെടുത്താല്‍ 400-425 കോടി രൂപ വരും.
66 ലക്ഷം പേരാണ് രണ്ടു വര്‍ഷത്തിനിടയില്‍ കൊവിഡ് നിയമ ലംഘകരായത്. സംസ്ഥാനത്തെ ജനസംഖ്യയുടെ നാലിലൊന്ന് വരുമാണിത്. 2020 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് 15 വരെ 5,97,015 പേരെയാണ് അറസ്റ്റ് ചെയ്തത്. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 7,01,706 പേര്, പിടിച്ചെടുത്ത വാഹനങ്ങള്‍ 5,38,150 എണ്ണമെന്നുമാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: