കൊളംബോ: ശ്രീലങ്കയിലെ മൂന്നു ദ്വീപുകളില്‍ വൈദ്യുത പദ്ധതികള്‍ പണിയാനുള്ള കരാര്‍ ഇന്ത്യ ഏറ്റെടുത്തു. ഇവിടങ്ങളില്‍ വൈദ്യുത നിലയങ്ങള്‍ നിര്‍മിക്കാന്‍ ശ്രീലങ്ക കഴിഞ്ഞ വര്‍ഷം ചൈനയ്ക്ക് അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ തീരത്തോട് അടുത്തായതിനാല്‍ സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി മോദി സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ജാഫ്നയ്ക്കടുത്തുള്ള ദ്വീപുകളില്‍ ഹൈബ്രിഡ് വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കാനുള്ള കരാറില്‍ ഇന്ന് ഇരു രാജ്യങ്ങളും ഒപ്പിട്ടു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ലങ്കന്‍ വിദേശകാര്യ മന്ത്രി ജി.എല്‍. പെരിസും പങ്കെടുത്തു. ലങ്കയുടെ വടക്ക്, പടിഞ്ഞാറന്‍ മേഖലകളില്‍ ഇന്ത്യ പണിയുന്ന മൂന്നാമത്തെ വൈദ്യുത പദ്ധതിയാണിത്. കിഴക്കന്‍ സാമ്പൂരില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനും മാന്നാറിലും പൂനേരിലും അദാനി ഗ്രൂപ്പുമാണ് വൈദ്യുത നിയലങ്ങള്‍ സ്ഥാപിക്കുക. നൈനത്തീവ്, നെടുന്തീവ്, അനലൈത്തീവ് എന്നിവിടങ്ങളില്‍ മൂന്ന് നിലയങ്ങള്‍ പണിയാന്‍ 2021 ജനുവരിയില്‍ ലങ്കന്‍ സര്‍ക്കാര്‍ ചൈനയ്ക്ക് അനുമതി നല്‍കിയിരുന്നു. എഡിബിയാണ് ശ്രീലങ്കയ്ക്ക് വായ്പ നല്‍കാമെന്ന് അറിയിച്ചിരുന്നതും. ചൈനീസ് കമ്പനി സിനോസോറിനാണ് ചുമതല നല്‍കിയത്. എന്നാല്‍ തമിഴ്നാട്ടില്‍ നിന്ന് വെറും 50 കിലോമീറ്റര്‍ മാത്രം അകലെ ചൈന വൈദ്യുതി നിലയം പണിയുന്നതിനെ ഇന്ത്യ എതിര്‍ത്തു.
വായ്പയ്ക്കു പകരം ഗ്രാന്റ് (ധനസഹായം) നല്കി നിലയങ്ങള്‍ പണിയാം എന്ന വാഗ്ദാനം അടുത്തിടെ ഇന്ത്യ മുന്നോട്ടുവച്ചു. ഇത് ലങ്ക സ്വീകരിക്കുകയായിരുന്നു. സമുദ്ര രക്ഷാ കേന്ദ്രം സ്ഥാപിക്കും ഇന്ത്യയും ശ്രീലങ്കയും ചേര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാരിടൈം റസ്ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ ആരംഭിക്കും. പ്രതിരോധ രംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്നതാണ് ഈ നടപടി. ഇന്ത്യ ഇതിന് 60 ലക്ഷം ഡോളര്‍ ഗ്രാന്റ് നല്‍കും. ഭാരത് ഇലക്ട്രോണിക്സ് ആകും ഇത് നിര്‍മിക്കുക. ഇതിനു പുറമേ പോയന്റ് പെദ്രോ,പേശാലൈ, ഗുരുനഗര്, ബലപിടിയ എന്നിവിടങ്ങളില്‍ ഇന്ത്യ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മിക്കാന്‍ സഹായിക്കും.
നിരവധി വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ ലാബുകളും സ്മാര്‍ട്ട് ബോര്‍ഡുകളും സ്ഥാപിച്ചു നല്‍കും. ആധാര്‍ മാതൃകയില്‍ ശ്രീലങ്ക നടപ്പാക്കുന്ന യുണീക്ക് ഡിജിറ്റല്‍ ഐഡന്റിറ്റി പദ്ധതിക്ക് ധനസഹായം നല്‍കാനും ചര്‍ച്ചകളില്‍ തീരുമാനമായി.ഭീകരത, അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കെതിരെ യോജിച്ചു പോരാടാനും എസ്. ജയശങ്കറും ജി.എല്‍. പെരിസുമായി നടത്തിയ ചര്‍ച്ചകളില്‍ തീരുമാനിച്ചു. ലങ്കയുമായുള്ള സഹകരണം ശക്തമാക്കുമെന്ന് ബിംസ്റ്റിക് സമ്മേളനത്തിലും ജയശങ്കര്‍ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: