പാലക്കാട്: കേരളപ്പിറവിക്കു മുന്‍പേ ജനിച്ചയാളാണ് കേരളദാസനുണ്ണി. വിശ്രമജീവിതം എഴുത്തിനായി മാറ്റിവച്ച കേരളദാസനുണ്ണി എന്ന 75 കാരന് 1143 ദിവസമായി ദിനംപ്രതി നോവലുകള്‍ എഴുതി ഫേസ്ബുക്കിലൂടെ പ്രസിദ്ധപ്പെടുത്തുന്ന തിരക്കിലാണ്.
പാലക്കാട് ജില്ലയിലെ പറളി സ്വദേശി ശാരദ നിവാസില്‍ കേരളദാസനുണ്ണിയാണ് വാര്‍ധക്യ കാലത്തും എഴുത്തിന്റെ ലോകത്ത് സജീവമായിട്ടുള്ളത്. കെഎസ്ഇബിയില്‍ അക്കൗണ്ടന്റായി 35 വര്‍ഷം ജോലി ചെയ്ത ഇദ്ദേഹം 2003 ല്‍ വിരമിച്ചു. ജോലിത്തിരക്കിനിടയില്‍ നിരവധി കഥകള്‍ മനസില്‍ വന്നു നിറയാറുണ്ടെങ്കിലും സമയക്കുറവു മൂലം എല്ലാം ഉള്ളില്‍ ഭദ്രമായി വച്ചത് പിന്നീട് ഗുണം ചെയ്തു. ജോലിയില്‍ നിന്ന വിരമിച്ച ശേഷം സാമൂഹ്യമാധ്യമത്തിലേക്കുള്ള കേരളദാസനുണ്ണിയുടെ ആദ്യ പ്രവേശനം ബ്ലോഗുകള്‍ എഴുതിയായിരുന്നു. പാലക്കാട്ടേട്ടന്‍ എന്ന പേരിലായിരുന്നു എഴുത്ത്. 2019 മുതലാണ് ഫേസ്ബുക്കില്‍ എഴുത്ത് തുടങ്ങുന്നത്.
കേരളദാസനുണ്ണി തന്റെ നോവലുകള്‍ ഫേസ്ബുക്കിലൂടെ ദിവസവും പോസ്റ്റ് ചെയ്ത് ആസ്വാദകരിലെത്തിക്കും. അച്ചടി പ്രസിദ്ധീകരണങ്ങളില്‍ നോവലുകളുടെ തുടര്‍ അധ്യായങ്ങള്‍ക്കായി ആഴ്ച തോറും കാത്തിരിക്കുന്ന അവസ്ഥ ഇവിടെ ഇല്ലാത്തതിനാല്‍ വായനക്കാരും നിരവധിയായി. എഴുത്തുകാരനും വിമര്‍ശകര്‍ക്കും ദിനംപ്രതി സംവാദവുമാകാം. 13 നോവലുകള്‍ ഇതുവരെ എഴുതി. ഒരോ നോവലിനും 75 മുതല്‍ 146 അധ്യായം വരെയുണ്ട്.
76 അധ്യായങ്ങള്‍ പിന്നിട്ട അല്‍പ്പ പ്രാണികള്‍ എന്ന നോവലാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വന്നുകൊണ്ടിരിക്കുന്നത്. ഓര്‍മ്മത്തെറ്റു പോലെ, മുന്നിലാവ്, ഏതോ നിയോഗത്താല്‍, പ്രസക്തന്‍, തേരോടും തെരുവിലൂടെ, അതല്ല ഇത്, വൈത്തിയുടെ വേവലാതികള്‍ എന്നിവയാണ് മറ്റു നോവലുകള്‍. ഇതു കൂടാതെ സ്വന്തം ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കിയ ‘പുഞ്ചിരിയും തേങ്ങലും’ എന്ന വിഭാഗത്തില്‍ 20 കഥകളും, 53 കഥകളുള്ള ‘മാണിക്യന് കഥകള്‍’ എന്നിവ കേരളദാസനുണ്ണിയിലെ എഴുത്തുകാരന്റെ വ്യത്യസ്തമാര്‍ന്ന സൃഷ്ടികളാണ്.
എഴുത്തില്‍ സജീവമായതോടെ വായനക്കാരുടെ നിരവധി ഫോണ്‍ കോളുകളാണ് കേരളദാസനുണ്ണിയെ തേടി ദിനംപ്രതി എത്തുന്നത്. ഈ അഭിപ്രായ പ്രകടനവും സ്നേഹവുമാണ് ഇദ്ദേഹത്തിന്റെ തുടര്‍ എഴുത്തുകള്‍ക്കുള്ള പ്രചോദനമത്രെ. ദിവസവും രാവിലെ 6 മണിക്ക് ഉറക്കമുണര്‍ന്ന ശേഷം ആദ്യം ചെയ്യുന്നത് തലേ ദിവസം തയ്യാറാക്കി വച്ചിരിക്കുന്ന നോവല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതാണ്. രാവിലെ 10 മുതല്‍ വൈകീട്ട് വരെ എഴുത്തിന്റെ ലോകത്താണിദ്ദേഹം. നോവലിന്റെ തുടര്‍ അധ്യായങ്ങള്‍ മുന്‍കൂട്ടി എഴുതിവെക്കാനും ഇദ്ദേഹം ശ്രദ്ധിക്കാറുണ്ട്.
കേരളദാസനുണ്ണിയുടെ മൂന്ന് അദ്ധ്യാത്മിക നോവലുകള്‍ വിവിധ മാസികകളിലും പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ലക്ഷ്മണനെ കേന്ദ്രീകരിച്ച് രാമായണം കഥ പറയുന്ന ‘സൗമിത്രേയം’, ഗുരുവായൂരപ്പനെ കുറിച്ചുള്ള ‘കൈകോര്‍ത്ത് കണ്ണനൊപ്പം’, ദേവീമഹാത്മ്യം നിറഞ്ഞ ‘ദേവീ മഹാമായേ’ എന്നിവയാണ് ക്ഷേത്ര ദര്‍ശനം, ക്ഷേത്ര ശക്തി, ഗോവിന്ദം എന്നീ മാസികളില് പ്രസിദ്ധീകരിച്ചുവരുന്നത്. വീട്ടമ്മയായ സുന്ദരിയാണ് ഭാര്യ. മക്കള്‍: ബിജോയ്, ബിനോയ്, ബിനോജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: