തിരുവനന്തപുരം: ഇടതുപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനിടെ കോടതിയിലേക്കുപോയ മജിസ്ട്രേറ്റിന്റെ യാത്ര പണിമുടക്കനുകൂലികള്‍ തടഞ്ഞു. വഞ്ചിയൂര്‍ കോടതിയിലേക്ക് പോയ സെക്കന്റ് ക്ലാസ്സ് കോടതിയിലെ മജിസ്ട്രേറ്റിനെയാണ് തടഞ്ഞത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് സമരക്കാരെ മാറ്റി മജിസ്ട്രേറ്റിന് യാത്രാ സൗകര്യം ഒരുക്കുകയായിരുന്നു.
ഇന്നു രാവിലെ 10 മണിയോടെ പേട്ട ജംഗ്ഷനിലായിരുന്നു സംഭവം. പ്രദേശത്തെ കടകള്‍ അടച്ചുപൂട്ടിപ്പിച്ച ശേഷം ജംഗ്ഷനില്‍ തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതിനിടയിലാണ് മജിസ്ട്രേറ്റിന്റെ വാഹനവും തടഞ്ഞത്. ചാക്കയില്‍ നിന്നും പേട്ടയില്‍ കൂടി വഞ്ചിയൂരിലേക്ക് പോവുകയായിരുന്നു മജിസ്ട്രേറ്റ്.
പേട്ട ജംഗ്ഷനില്‍ തടഞ്ഞ പ്രവര്‍ത്തകര്‍ മജിസ്ട്രേറ്റിനെ പള്ളിമുക്ക് ഭാഗത്ത് കുടി വഞ്ചിയൂരിലേക്ക് പോകാന്‍ അനുവദിക്കാതെ വഴിമാറ്റി വിടാന്‍ ശ്രമിച്ചു. ഇതിനിടെ മജിസ്ട്രേറ്റ് പേട്ട സിഐയെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. തുടര്‍ന്ന് പോലീസ് പണിമുടക്കനുകൂലികളെ മാറ്റി മജിസ്ട്രേറ്റിന് യാത്രാസൗകര്യം ഒരുക്കുകയായിരുന്നു. സംഭവത്തില്‍ സിപിഎമ്മുകാരായ അനു, ബാബു, രതീഷ് തുടങ്ങി കണ്ടാലറിയാവുന്ന പതിമൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി പേട്ട പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: