ചാത്തന്നൂര്‍: അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉണ്ടായിട്ടും പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമില്ല. ഇഎസ്ഐ കോര്‍പ്പറേഷന്റെ കീഴിലായിരുന്ന മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍കോളേജായി ഉയര്‍ത്തിയതാണ്.
ഇതോടെ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരുടെ പ്രതീക്ഷയായിരുന്ന പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് ഒരു താലൂക്ക് ആശുപത്രിയുടെ നിലവാരം പോലും പുലര്‍ത്താന്‍ കഴിയുന്നില്ലന്ന ആക്ഷേപം വ്യാപകമാണ്. സംസ്ഥാന ബജറ്റില്‍ പോലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് നീക്കിവച്ച തുക അപര്യാപ്തമാണ്.കോടികള്‍ ചെലവഴിച്ച് കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് പ്രവര്‍ത്തനം പൂര്‍ണമാക്കാനുള്ള ന്യൂറോസര്‍ജറി, ന്യൂറോളജി, യൂറോളജി തുടങ്ങിയ വിഭാഗങ്ങള്‍ ഒന്നും തന്നെ ആരംഭിക്കാത്തതിനാല്‍ സാധാരണക്കാര്‍ക്ക് യാതൊരു പ്രയോജനവുമില്ല.
ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മെഡിക്കല്‍ കോളേജില്‍ റോഡ് അപകടങ്ങള്‍ പറ്റിയും, മറ്റ് അത്യാഹിതങ്ങള്‍ സംഭവിച്ചും ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. സംവിധാനങ്ങളുടെ അഭാവം മൂലം റഫര്‍ ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വിടുകയാണിപ്പോള്‍. ഇതുകാരണം പാരിപ്പള്ളി മെഡിക്കല്‍ കോളേജിന് റഫറന്‍സ് ആശുപത്രി എന്ന വിളിപ്പേരും വന്നിട്ടുണ്ട്.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാത്ത്ലാബ് സേവനം പോലും രോഗികള്‍ക്ക് അന്യമാണ്. 2500 ഒപി വരെ ഉണ്ടായിരുന്ന മെഡിക്കല്‍ കോളജില്‍ സ്പെഷ്യാലിറ്റി കേഡറുകളുടെ കുറവ് മൂലം ആളുകള്‍ ഗണ്യമായി കുറഞ്ഞു. ഇവിടെ കൊവിഡ് ഐസലേഷനും ഐസിയുവുമാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.
ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ പ്രവര്‍ത്തനവീഴ്ച കാരണം മെഡിക്കല്‍ കോളേജ് പരിസരം വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. മെഡിക്കല്‍ കോളേജ് കെട്ടിടങ്ങളുടെ ചുവര് വരെ പാഴ്മരങ്ങള്‍ വളര്‍ന്ന് പന്തലിച്ചു. ഇതൊക്കെ ശ്രദ്ധിക്കേണ്ട മെഡിക്കല്‍കോളേജ് ഹെല്‍ത്ത് മാനേജ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നിട്ട് വര്‍ഷങ്ങളായി.
രാഷ്ട്രീയ പാര്‍ട്ടി നോമിനികളെ തീരുമാനിച്ചു ഹെല്‍ത്ത് മാനേജ്മെന്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ തുടരുന്ന തര്‍ക്കത്താലാണ് കമ്മിറ്റി പുനസംഘടിപ്പിക്കാന്‍ വൈകുന്നത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഓരോ വര്‍ഷവും അഫിലിയേഷന് പുതുക്കുമ്പോള്‍ കണ്ടെത്തുന്ന ന്യൂനതകള്‍ ഉടന്‍ പരിഹരിക്കാമെന്ന സത്യവാങ്മൂലം നല്കുന്നതല്ലാതെ അധികൃതര്‍ യാതൊരു പരിഹാര നടപടികളും സ്വീകരിക്കാറില്ല.
ഡ്രെയിനേജ് സൗകര്യങ്ങളുടെ അപര്യാപ്തത മൂലം മലിനജലം പ്രദേശവാസികള്‍ക്ക് നിത്യദുരിതമായി. ഇത് സംബന്ധിച്ചും പ്രദേശ വാസികളുടെ നിരവധി പരാതികളും കെട്ടിക്കിടക്കുകയാണ്. മെഡിക്കല്‍ കോളേജിലെ ഹെല്‍ത്ത് മാനേജ്മെന്റ് കമ്മിറ്റി അടിയന്തരമായി പുനസംഘടിപ്പിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: