തൃശൂർ: ആക്ടിങ്ങ് ഡ്രൈവർ എന്ന പേരിൽ നാട്യങ്ങളില്ലാതെ അതിജീവനം നടത്തുന്ന ഒരു വിഭാഗം ഡ്രൈവർമാരുണ്ട്. പകരക്കാരനായോ ചുരുങ്ങിയ ദിവസത്തേക്കോ ജോലി ചെയ്യാനെത്തുന്ന ഡ്രൈവർമാരാണിവർ. ഇത്തരം ഡ്രൈവർമാർക്ക് നിരവധി ജോലി സാധ്യതകളും, ഇവരെ ആവശ്യമുള്ളവരും വർദ്ധിച്ചു വരികയാണ്.
ടാക്സി കാറുകൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് കൊവിഡ് നാളുകൾ ദുരിതപൂർണമായിരുന്നു. ഓട്ടം നിലച്ചതോടെ ടാക്സികളുടെ ഉടമസ്ഥരും കൂടിയായ പല ഡ്രൈവർമാരും നട്ടം തിരിഞ്ഞു. വീണ്ടും പൊതു ഗതാഗതമടക്കം എല്ലാ മേഖലയും സജീവമായെങ്കിലും ഡ്രൈവർമാരിൽ കുറെ പേർ ആക്ടിങ്ങ് ഡ്രൈവർമാരായിട്ടാണ് ഇപ്പോൾ തങ്ങളുടെ അന്നം തേടുന്നത്. വാഹനങ്ങളുടെ വായ്പ തിരിച്ചടവാണ് പലരെയും ആക്ടിങ്ങ് ഡ്രൈവർ ജോലിക്ക് പ്രേരിപ്പിച്ചത്.
കാറുകളുടെ മോഡലും തിരിച്ചടക്കുന്നതിനുള്ള വർഷവും കണക്കാക്കി 4000 മുതൽ 20,000 രൂപക്ക് മുകളിൽ വരെ വായ്പ അടക്കുന്നവരുണ്ട്. കൊവിഡ് സമയത്ത് ഓട്ടം കുറഞ്ഞതോടെ ബാധ്യതകൾ മാറ്റാനായി വാഹനങ്ങൾ വിറ്റവരും ഉണ്ട്. മറ്റു ടാക്സി വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലുമായി ഇവരിൽ പലരും ആക്ടിങ്ങ് ഡ്രൈവറായി ജോലി നോക്കുന്നു.
ടാക്സി ഡ്രൈവർമാർ മറ്റു ടാക്സി കാറുകളിൽ ആക്റ്റിങ്ങ് ജോലികൾ ചെയ്യുന്നത് ബാറ്റ അടിസ്ഥാനത്തിലാണ്. 100 രൂപയുടെ ഓട്ടത്തിന് 25 രൂപയാണ് ആക്ടിങ്ങ് ഡ്രൈവർമാർക്ക് മിക്കയിടത്തും ശമ്പളമായി നൽകുന്നത്. എന്നാൽ സ്വകാര്യ വ്യക്തികളുടെ കാറുകളിൽ ആക്ടിങ്ങ് ജോലി ചെയ്യാനാണ് പൊതുവെ ഡ്രൈവർമാർക്കിഷ്ടമെന്ന് 35 വർഷമായി ടാക്സി ഡ്രൈവറായ രമേഷ് നമ്പിള്ളിപ്പുറത്ത് പറയുന്നു. മിനിമം 250 രൂപയും ബാക്കി ഓരോ മണിക്കൂറിന് 100 രൂപയും അതിനു മുകളിലും വാങ്ങുന്ന ഡ്രൈവർമാരുണ്ട്. സ്വന്തം വാഹനത്തിൽ സഞ്ചരിക്കാമെന്നതും, പ്രൊഫഷണൽ ഡ്രൈവർമാരുടെ വിദഗ്ധമായ ഡ്രൈവിംഗിലുള്ള സുരക്ഷിതത്വവും പലരെയും ആക്ടിങ്ങ് ഡ്രൈവർമാരെ നിയോഗിക്കാൻ പ്രേരണ നൽകുന്നതിൽ മുഖ്യ ഘടകമെന്നും ആക്ടിങ്ങ് ഡ്രൈവർ കൂടിയായ രമേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: