ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി നടത്തിയ അപ്രതീക്ഷിതമെന്നു പറയാവുന്ന സന്ദര്‍ശനം വാര്‍ത്തകളില്‍ നിറഞ്ഞത് ഭാരതം സ്വീകരിച്ച ശക്തവും മാറ്റമില്ലാത്തതുമായ നിലപാടുകള്‍കൊണ്ടാണ്. വിദേശ കാര്യമന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും നടത്തിയ ചര്‍ച്ചകളില്‍ സൗഹൃദാന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയേണ്ട കാര്യങ്ങള്‍ നാം പറഞ്ഞിരിക്കുന്നു. അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍നിന്ന് ചൈനയുടെ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കാമെന്ന ധാരണ പാലിക്കുന്നതുവരെ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് ഭാരതം വ്യക്തമാക്കിയത്. സൈനികതല ചര്‍ച്ചയില്‍ ഇങ്ങനെയൊരു ധാരണയില്‍ ഇരുരാജ്യങ്ങളും നേരത്തെ എത്തിച്ചേര്‍ന്നിരുന്നു. മേഖലയിലെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് വാങ് യി ഭാരതത്തിലെത്തിയത്. ചൈനയില്‍ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ആദ്യം ഇരുരാജ്യങ്ങളും തമ്മിലെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്ക്, എന്നിട്ടാവാം തുടര്‍ ചര്‍ച്ചകള്‍ എന്നാണ് ചൈനയെ ഭാരതം അറിയിച്ചിരിക്കുന്നത്. അതിര്‍ത്തിപ്രശ്നം ഒരു യാഥാര്‍ത്ഥ്യമാണെന്നും, അത് നിലനില്ക്കുമ്പോള് തന്നെ മറ്റു കാര്യങ്ങളില്‍ സഹകരിക്കാമെന്ന നിലപാടാണ് ചൈനയ്ക്ക്. ഇത് ചൈന സ്വീകരിച്ചുവരുന്ന വിലകുറഞ്ഞ ഒരു തന്ത്രമാണ്. അതിര്‍ത്തി സംഘര്‍ഷഭരിതമാക്കി തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുകയും, തെറ്റായി ഉന്നയിച്ചുപോരുന്ന അവകാശവാദങ്ങള്‍ ബലപ്പെടുത്തുകയുമാണ് ചൈന ചെയ്തുപോരാറുള്ളത്. ഈ തന്ത്രത്തില്‍ വീഴില്ലെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ഭാരതം നല്‍കിയിരിക്കുന്നത്.
മേഖല സംഘര്‍ഷഭരിതമായി തുടരണമെന്നു തന്നെയാണ് ചൈനയുടെ ആഗ്രഹം. ആഗോളതലത്തില്‍ തങ്ങളുടെ കേമത്തം കാണിക്കാനും, ഭാരതത്തിന്റെ പുരോഗതിക്ക് തടയിടാനും ഇതിലൂടെ കഴിയുമെന്ന് ആ രാജ്യം കരുതുന്നു. ഭാരതത്തിന്റെ അയല്‍രാജ്യങ്ങളെയൊക്കെ എങ്ങനെ നമുക്ക് എതിരാക്കാമെന്ന ദുഷ്ടലാക്കാണ് വര്‍ഷങ്ങളായി ചൈന വച്ചുപുലര്‍ത്തുന്നത്. പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ശ്രീലങ്കയെയും നേപ്പാളിനെയുമൊക്കെ പല മാര്‍ഗങ്ങളിലൂടെ സ്വന്തം വരുതിയില്‍ നിര്‍ത്തി ഭാരതത്തിനെതിരാക്കുന്ന നയതന്ത്രമാണ് ചൈന പ്രയോഗിക്കുന്നത്. വാങ് യിയുടെ ഇപ്പോഴത്തെ ഭാരതസന്ദര്‍ശനം പോലും അതിന്റെ ഭാഗമാണോയെന്ന് സംശയിക്കണം. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സന്ദര്‍ശിച്ച ശേഷം ഭാരതത്തിലേക്കുള്ള വരവ് തന്നെ അത്ര മാന്യമായ ഒരു ഏര്‍പ്പാടല്ല. നയതന്ത്ര മര്യാദകള്‍ പാലിക്കുന്നതുകൊണ്ടു മാത്രമാണ് ഭാരതം ഈ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. പാക് സന്ദര്‍ശനത്തിനിടെ ജമ്മുകശ്മീര്‍ വിഷയത്തില്‍ വാങ് യി നടത്തിയ അനാവശ്യമായ പരാമര്‍ശങ്ങളില്‍ ഭാരതം ശക്തമായി പ്രതികരിക്കുകയുണ്ടായല്ലോ. തങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ ഭാരതം സന്ദര്‍ശിക്കുന്ന അവസരങ്ങളിലെല്ലാം ചൈന പ്രകോപനപരമായ പ്രതികരണങ്ങള്‍ നടത്താറുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മനഃശാസ്ത്രപരമായ ഒരു ആധിപത്യം നേടുന്നതിനുവേണ്ടിയാണിത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ് ഈ കളി നടക്കാതെ പോകുന്നത്.
ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമാണ് കമ്യൂണിസ്റ്റ് ചൈന. അവര്‍ എന്തുപറയുന്നു എന്നതല്ല, എന്താണ് പ്രവര്‍ത്തിക്കുന്നതെന്നു നോക്കി മാത്രമേ അവരോട് ഇടപഴകാന്‍ കഴിയൂ. ഈ വിവേകം ഭാരതത്തിന്റെ മുന്‍കാല ഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയതാണ് യുദ്ധക്കെടുതി പോലുള്ളവയ്ക്ക് നാം ഇരയാവാന്‍ കാരണം. ഇന്ത്യ-ചീനി ഭായ് ഭായ് എന്ന വഞ്ചനാത്മകമായ മുദ്രാവാക്യത്തില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മയങ്ങിപ്പോയതാണ് 1962 ലെ യുദ്ധത്തില്‍ ഭാരതത്തിന് തിരിച്ചടിയായത്. ചൈനയോടുള്ള ഭാരതത്തിന്റെ സമീപനം അടിസ്ഥാനപരമായി തിരുത്തുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചെയ്യുന്നത്. ദോക് ലാം അതിര്‍ത്തിയില്‍ സൈനിക സാഹസത്തിനു മുതിര്‍ന്ന ചൈനയ്ക്ക് കനത്ത നാശം വിതച്ച് ഒരിക്കലും മറക്കാത്ത പാഠമാണ് ഭാരതസൈന്യം പഠിപ്പിച്ചത്. കൊവിഡ് മഹാമാരിയുടെ കാലത്ത് അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്കും ഭാരതം ചുട്ടമറുപടി നല്കി. തിരിച്ചടികള്‍ കാര്യമാക്കാതെ തന്നെ കുടിലതന്ത്രങ്ങളുമായി മുന്നോട്ടുപോകുകയാണ് ചൈനയുടെ ഭരണനേതൃത്വം. അതിന് നിന്നുകൊടുക്കില്ലെന്ന ശക്തമായ മുന്നറിയിപ്പുകളാണ് ഭാരതം നല്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി വാങ് യിയ്ക്ക് കൂടിക്കാഴ്ച അനുവദിക്കാതിരുന്നത് ഇതിലൊന്നാണ്. നയതന്ത്ര മര്യാദകളെ വിലമതിക്കുന്ന രാജ്യമല്ല ചൈന. പുത്തന്‍ ലോകക്രമത്തില്‍ സമാധാനപരമായി സഹവര്‍ത്തിക്കാനല്ല, സ്വന്തം ആധിപത്യത്തിനാണ് ചൈനയുടെ ഓരോ നീക്കവും. ഇതിനേറ്റ തിരിച്ചടികളിലൊന്നാണ് വാങ് യിയ്ക്ക് ഭാരതത്തില്‍നിന്ന് വെറും കയ്യോടെ മടങ്ങിപ്പോകേണ്ടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: