ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ നാളെ ശ്രീലങ്കയില്‍ എത്തും. മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി അദ്ദേഹം 30ന് മടങ്ങും. ലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് സന്ദര്‍ശനം. ശ്രീലങ്കയ്ക്ക് ഇന്ത്യ ഇതിനകം ഏകദേശം രണ്ടര ബില്ല്യണ്‍ ഡോളര്‍ സഹായമായി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം ഇന്ത്യ 40,000 ടണ്‍ ഡീസല്‍ ശ്രീലങ്കയ്ക്ക് നല്‍കിയിരുന്നു.
ഇന്നലെ മാലദ്വീപില്‍ എത്തിയ അദ്ദേഹം ഇന്നലെയും ഇന്നുമായി ഉഭയകക്ഷി ചര്‍ച്ചകളില്‍ പങ്കെടുത്തു. ദ്വീപ് രാജ്യം ഇന്ത്യന്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇവിടെ നിന്നാണ് ജയശങ്കര്‍ ലങ്കയിലെത്തുക.
അതേസമയം, ഇന്ത്യ സാമ്പത്തികമായും മറ്റു തരത്തിലും ലങ്കയെ നിരന്തരം സഹായിക്കുമ്പോള്‍, അവരുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണക്കാരായ ചൈന അവരോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. ലങ്ക നടപ്പാക്കിയ ഉപയോഗശൂന്യമായ വമ്പന്‍ പദ്ധതികളും അവയ്ക്കു വേണ്ടി ചൈന നല്കിയ വായ്പകളുമാണ് ശ്രീലങ്കയില്‍ പ്രതിസന്ധിയുണ്ടാകാനുള്ള ഒരു കാരണം. ശ്രീലങ്ക സഹായം അഭ്യര്‍ഥിച്ചിട്ടും ചൈന ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഭക്ഷണത്തിനും ഇന്ധനത്തിനും വരെ കടുത്ത ദൗര്‍ലഭ്യമായതോടെ ലങ്കയില്‍ ജനങ്ങള്‍ നിത്യ ജീവിതം തള്ളി നീക്കാനാവാതെ വലയുകയാണ്. കടലാസ് ഇല്ലാത്തതിനാല്‍ രാജ്യത്തെ പരീക്ഷകള്‍ മാറ്റിവച്ചു. പല പത്രങ്ങളുടെയും അച്ചടിയും നിര്‍ത്തി. മരുന്നുകള്‍ക്കും കടുത്ത ക്ഷാമമാണ്. ജനം കൊടും പട്ടിണിയിലായതോടെ കൊള്ളയടിയും പിടിച്ചുപറിയും പണത്തിനു വേണ്ടിയുള്ള അരും കൊലകളും വ്യാപകമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപതോളം കൊലപാതകങ്ങളാണ് നടന്നത്.
ഇറക്കുമതിയും ചെലവും വായ്പ്പയെടുപ്പും വലിയ തോതില്‍ കൂടുകയും എന്നാല്‍ വരുമാനവും കയറ്റുമതിയും കുത്തനെ കുറയുകയും ചെയ്തതാണ് ലങ്കയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാണമായത്. ഇതാണ് വിദേശനാണ്യം കുത്തനെ കുറയാന്‍ ഇടയാക്കിയത്.
ചൈനയല്ല ഇന്ത്യയാണ് ആശ്രയിക്കാവുന്ന അയല്ക്കാരന് എന്ന ചിന്ത ശ്രീലങ്കയില്‍ ഇതിനകം ഉടലെടുത്തിട്ടുണ്ട്. തക്കസമയത്ത് ചെയ്യാവുന്ന പരമാവധി സഹായം നല്കിയ ഇന്ത്യ പ്രതിസന്ധി പരിഹരിക്കാന്‍ കാര്യമായി ഇടപെടുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: