ജയപാലന് കാര്യാട്ട്
കരുതല്‍ക്കരങ്ങള്‍ തലോടി ഉറക്കുന്ന
കരുണാലയത്തിന് പടികടന്നെത്തിയോര്
ഉരുകിയെരിയും മെഴുതിരി വെട്ടമായ്
പെരുകി നിറമിഴിതേടുന്നതാരെയോ?
വരുമെന്നുറച്ചും മിഴിനട്ടു വീഥിക്കി-
ന്നെരിപൊരികൊള്ളുമെന് നെഞ്ചിന് പിടപ്പുകള്‍.
വിളിവന്നിടും കാതുകൂര്പ്പിച്ചനന്തമായ്
കളിവാക്കില്‍ നൊമ്പരപ്പാടേന്തുമുക്തികള്.
വഴിവിട്ടകന്നുലഞ്ഞറിയാതെ ബന്ധങ്ങള്‍
പഴി കേട്ടതെന്നുമീയമ്മയെന്നോര്ത്തുവോ?
പണി ചെയ്തു തളരുവാനാകാതെ ദിനരാത്ര-
മണയാതെ തിരിനാളമെരിയിച്ച നാളുകള്‍.
തിരികെവരാനില്ലകാലത്തകന്നുപോയ്
ഇരുവയറെരിയുന്നതറിയാതെ കാന്തനും.
ഇഴചേര്ത്തിണക്കിക്കൊരുത്ത ബന്ധങ്ങളില്‍
തുളവീണുലഞ്ഞാടിയൊഴുകുന്ന നൗകയില്‍
പുലരാത്ത പുലരിയെ പുണരാന്‍ കൊതിച്ചുവോ
വിലയറ്റു തളരുന്ന വാര്ദ്ധക്യക്കാഴ്ചകള്.
വിധിയെന്നു മാത്രം വിധിച്ചു മനസ്സിന്റെ
നിധികാക്കും ഭൂതക്കഥകളാവര്ത്തനം.
കൊതിമാറിയില്ലൊന്നു പുണരുവാനെങ്കിലും
പതിരായ്ച്ചിതറി കാറ്റകലത്തെറിഞ്ഞതും
വഴി മുന്നിലൊന്നായടഞ്ഞിരുള് മൂടിയോ
പഴികേട്ടൊരുള്ളം ഉറവയായ് കണ്ണുനീര്
വിധിവന്നഗതിയായ് നീട്ടിയ കട്ടിലില്‍
ദിനരാത്രമറിയാതൊതുങ്ങുന്ന ജീവിതം.
മിഴിവറ്റിയിടറുന്ന ചൊടിയിലെ നൊമ്പരം
ഒഴിവാക്കി പുണരാന്‍ കൊതിച്ചെത്ര നാളുകള്‍
തിരയുന്നുവോ കഥ കവിതകളോതിയും
വിരലില്പ്പിടിച്ച നാളകലത്തിലെങ്കിലും
സുഖമാണ് കൂട്ടിനായ് സമദുഃഖ സഖികള്തന്
മുഖമൊന്നവര് ചൊല്ലും കഥയൊന്നാണോര്ക്കുകില്.
പരിഭവമില്ല ശാപോക്തികള്‍ തെല്ലുമേ
കരുതലായ് തമ്പുരാനൈശ്വര്യമേകണേ!
ഒരു ദുഃഖകഥയിന്നൊഴിവായി നെഞ്ചകം
കരുണക്കണം കാണാതടരട്ടെ ജന്മവും.
മതിയെന്നു ചൊല്ലിയാളണയുന്നീയഗതിക്കു-
ഗതിയായി കരുതല്ക്കരങ്ങളിലഭയം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: