തിരുവനന്തപുരം: സിപിഎമ്മും ഊരാളുങ്കല്‍ സൊസൈറ്റിയും കെ ഫോണ്‍ പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമിതി നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ആര്. സന്ദീപ് വാചസ്പതി. ഇതിനായി കരാര്‍ വ്യവസ്ഥകള്‍ സര്‍ക്കാര്‍ അട്ടിമറിച്ചു. ജൂണ്‍ അവസാനത്തോടെ കെ ഫോണ്‍ യാഥാര്‍ത്ഥ്യമാകുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ നല്‍കിയത് കിലോ മീറ്ററിന് 48,000 രൂപ വരെയുള്ള നിരക്കിലാണ്. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് കേബിള്‍ ഇടുന്നത് വെറും 8,000 മുതല്‍ 10,000 രുപയ്ക്കാണ്. ഉപകരാര്‍ സംഘടിപ്പിച്ച ഊരാളുങ്കല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ കമ്പനികളുടെ പോക്കറ്റിലേക്കാണ് ബാക്കി തുക പോകുന്നത്. ഇത് സിപിഎം അറിവോടെയാണ്. കരാര്‍ എടുക്കുന്ന കമ്പനി ഉപകരാര്‍ നല്കാന് പാടില്ല എന്ന വ്യവസ്ഥ അട്ടിമറിക്കപ്പെട്ടത് ഊരാളുങ്കല്‍ സൊസൈറ്റിക്ക് വേണ്ടിയാണ്. ഒരു കിലോമീറ്റര്‍ കേബിളിടാന്‍ ഖജനാവില്‍ നിന്ന് 48,000രൂപ വരെ ചെലവാകുന്നുണ്ടെങ്കിലും വെറും 8000 രൂപയുടെ പണി മാത്രമേ യഥാര്‍ത്ഥത്തില്‍ നടക്കുന്നുള്ളൂ. ബാക്കിപ്പണം സിപിഎമ്മിനുള്ള നോക്കുകൂലിയാണ്. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം.
സംസ്ഥാനം മുഴുവന്‍ ഒ.എഫ്.സി കേബിളിടാന്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത കോതമംഗലം സ്വദേശിക്ക് കരാര്‍ കിട്ടിയതില്‍ ദുരൂഹതയുണ്ട്. ബെല്ലിനെ മുന്നില്‍ നിര്‍ത്തി ഇത്തരത്തില്‍ വന്‍ അഴിമതി നടത്തുന്നത് ആരാണെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണം. ഓരോ ജില്ലയിലേയും പണി തീര്‍ന്നതിന് ശേഷം മാത്രമേ കരാറുകാരന് ബില്‍ മാറി നല്‍കാവൂ എന്നാണ് കരാര്‍ വ്യവസ്ഥ. ഇതും അട്ടിമറിക്കപ്പെട്ടു. കെ.എസ്.ഐടി.ഐ.എല്ലിന്റെ തലപ്പത്തേക്ക് സ്വമേധയാ വിരമിച്ച തമിഴിനാട് കേഡര്‍ ഐ.എ.എസുകാരനെ അവരോധിച്ചതിന് ശേഷമാണ് ഇത് നടന്നത്. ഇക്കാര്യത്തിലും അഴിമതിയുണ്ട്. കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളെ കേരളത്തിലെത്തിച്ചത് ഇവിടെ ഐ.എ.എസുകാര്‍ ഇല്ലാത്തതു കൊണ്ടാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഭൂരിഭാഗം പണിയും പൂര്‍ത്തിയായി എന്ന മുഖ്യമന്ത്രിയുടെ അവകാശവാദം യാഥാര്‍ഥ്യവുമായി ചേര്‍ന്നതല്ല. ഇപ്പോഴത്തെ വേഗത്തിലാണ് പണി പൂര്‍ത്തിയാകുന്നതെങ്കില്‍ മൂന്നു വര്‍ഷം കഴിഞ്ഞാലും കെ ഫോണ്‍ യാഥാര്‍ത്ഥ്യമാകില്ലെന്നും സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: