ന്യൂദല്‍ഹി: കര്‍ണ്ണാടകയില്‍ ഹിജാബ് ധരിയ്ക്കാന്‍ അനുവദിക്കാത്തതിനാല്‍ പരീക്ഷയെഴുതില്ലെന്ന വാശിയില്‍ പരീക്ഷ ബഹിഷ്കരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാമത് ഒരു അവസരം കൂടി നല്‍കില്ലെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ്.
കര്‍ണ്ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി പുറത്ത് വന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി തീരുമാനം അറിയിച്ചത്. ‘മനപൂര്‍വ്വം പരീക്ഷയെഴുതാത്തത് അനുവദിക്കാനാവില്ല. ഹൈക്കോടതി വിധി പുറത്തുവന്നിട്ടും ഹിജാബാണ് പരീക്ഷാഹാളില്‍ പ്രധാനമെന്ന് പറയുമ്പോള്‍ നിങ്ങള്‍ കോടതി വിധിക്ക് എന്തെങ്കിലും ബഹുമാനം നല്കുന്നുണ്ടോ?’- കര്‍ണാടക നിയമമന്ത്രി ജെ.സി. മധുസ്വാമി പറഞ്ഞു.
സ്കൂളില്‍ യൂണിഫോം മാത്രമേ അനുവദിക്കാവൂ എന്ന് കര്‍ണ്ണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയതിന് ശേഷം പരീക്ഷകള്‍ ബഹിഷ്കരിച്ചവര്‍ക്ക് ഇനി ഒരു അവസരം കൂടി നല്‍കേണ്ടെന്നാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേ പ്രകാരം കര്‍ണ്ണാടകയിലെ 20 ജില്ലകളിലായി ഏകദേശം 3000 വിദ്യാര്‍ത്ഥികള്‍ ഹിജാബ് അനുവദിക്കാത്തതിനാല്‍ പരീക്ഷ എഴുതിയിട്ടില്ല. ‘അതേ സമയം കര്‍ണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് മുന്‍പ് പരീക്ഷ ബഹിഷ്കരിച്ചവര്‍ക്ക് രണ്ടാമത് അവസരം നല്‍കിയേക്കും. കുട്ടികളുടെ അറിവില്ലായ്മയും നിഷ്കളങ്കതയും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം’- ജെ.സി. മധുസ്വാമി പറഞ്ഞു. ഫിബ്രവരി 10നാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിയ്ക്കേണ്ടെന്നും യൂണിഫോം മതിയെന്നും ഉള്ള ഇടക്കാല ഉത്തരവ് കര്‍ണ്ണാടക ഹൈക്കോടതി പുറത്തുവിട്ടത്. മാര്‍ച്ച് 16നാണ് ക്ലാസ് മുറികളില്‍ ഹിജാബ് നിരോധിച്ചുകൊണ്ട് കര്‍ണ്ണാടക ഹൈക്കോടതിയുടെ അന്തിമ വിധി പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: