ന്യൂദല്‍ഹി: കേന്ദ്ര സര്‍വ്വകലാശാലകളിലും അവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലും ഇനി ബിരുദം അടക്കമുള്ള അണ്ടര്‍ ഗ്രാജുവേറ്റ് പ്രവേശനങ്ങള്‍ക്ക് ബോര്‍ഡ് പരീക്ഷാ മാര്‍ക്ക് പരിഗണിക്കില്ല.
2022-23 അധ്യയന വര്‍ഷം മുതല്‍ പൊതു സര്‍വ്വകലാശാല പ്രവേശന പരീക്ഷ(കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) ആയിരിക്കും പ്രവേശനത്തിന്റെ അടിസ്ഥാനമെന്ന് യുജിസി പ്രഖ്യാപിച്ചു. ഈ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കിയാകും അഡ്മിഷനുകള്‍. പന്ത്രണ്ടാം ക്ലാസ് സിലബസ് അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരമാകും നടത്തുക. ബോര്‍ഡ് പരീക്ഷകളില്‍ ഒരു നിശ്ചിത ശതമാനം മാര്‍ക്ക് വാങ്ങുന്നവര്‍ക്കു മാത്രമേ പ്രവേശന പരീക്ഷ എഴുതാന്‍ കഴിയൂ. ഓഡിയോ വിഷ്വല്‍ കോഴ്സുകള്‍, കലകള്‍ സ്പോര്‍ട്സ് പാഠ്യേതര വിഷയങ്ങള്‍ എന്നിവയിലുള്ള കോഴ്സുകള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷകളും നടത്താം. സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സര്‍വ്വകലാശാലകള്‍ക്കും കല്പിത സര്‍വ്വകലാശാലകള്‍ക്കും ഈ രീതിയിലേക്ക് മാറാം.
ഡിഗ്രി അടക്കമുള്ള പ്രവേശനങ്ങളില്‍ പ്ലസ് ടൂ പരീക്ഷാ മാര്‍ക്കിന് ഇനി വെയ്റ്റേജ് ലഭിക്കില്ലെന്നും യുജിസി ചെയര്മാന് എം. ജഗദീഷ് കുമാര്‍ അറിയിച്ചു. പൊതുപ്രവേശന പരീക്ഷ വരുന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതികളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളിലും അഫിലിയേറ്റ് ചെയ്ത കോളജുകളിലും പഠിക്കാന്‍ തുല്യാവസരമാകും ലഭിക്കുക.
പ്രവേശനങ്ങള്‍ക്ക് പല പരീക്ഷകള്‍ എഴുതേണ്ടിവരില്ല. അതിനാല്‍ രക്ഷിതാക്കള്‍ക്ക് പണവും ലാഭിക്കാം. പുതിയ വിദ്യാഭ്യാസ വര്‍ഷം മുതല്‍ സംസ്ഥാന, കേന്ദ്ര, സ്വകാര്യ, ഡീംഡ് സര്‍വ്വകലാശാലകളിലെ പ്രവേശനത്തിന് ഈ പൊതു പ്രവേശന പരീക്ഷ ഉപയോഗപ്പെടുത്താം.രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവേശന പരീക്ഷ. ഷിഫ്റ്റ് ഒന്നില്‍ ഭാഷാ പരീക്ഷ(നിര്‍ബന്ധം) രണ്ട് വിഷയങ്ങളും ഒരു പൊതു പരീക്ഷയും. രണ്ടാം ഷിഫ്റ്റില്‍ നാലു വിഷയങ്ങളും 19 നിര്‍ദ്ദിഷ്ട ഭാഷകളില്‍ ഒന്നുമാണ് ഉള്‍പ്പെടുത്തുക. പുതിയ പ്രവേശനപരീക്ഷ സംവരണ നയങ്ങളെ ബാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: