ന്യൂദല്‍ഹി: ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ അപൂര്‍വവും ചരിത്രപ്രസിദ്ധവുമായ ഇരുപത്തൊമ്പത് പുരാവസ്തുക്കള്‍ ഓസ്ട്രേലിയ തിരികെയെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായുള്ള വെര്‍ച്വല്‍ ഉച്ചകോടിക്ക് മുന്നോടിയായാണിത്. ഇതോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കവര്‍ന്നുകൊണ്ടുപോയ ഇരുന്നൂറിലധികം പുരാവസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടെടുത്തവയുടെ പട്ടികയില്‍പ്പെടുന്നു. രാജ്യത്തിന്റെ പൈതൃകം വീണ്ടെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമായാണ് ഇതെന്ന് എഎസ്ഐ ചൂണ്ടിക്കാട്ടി.
ഒന്‍പതാം നൂറ്റാണ്ടിലെയും പത്താംനൂറ്റാണ്ടിലെയും സാമൂഹികജീവിതവുമായി ബന്ധപ്പെട്ട ശില്‍പ്പങ്ങളാണ് ഇക്കുറി തിരിച്ചുപിടിച്ചത്. ശൈവ, ശാക്തേയ, വൈഷ്ണവ ആരാധനാ സമ്പ്രദായങ്ങളില്‍പ്പെട്ട ശില്പ്പങ്ങള്, ജൈന പാരമ്പര്യങ്ങള്‍, ഛായാചിത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുരാതന വസ്തുക്കളാണിവ. ഓസ്ട്രേലിയ തിരിച്ചുനല്‍കിയ പുരാവസ്തുക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിച്ചു.
ഒന്‍പതാം നൂറ്റാണ്ടിലെ രാജസ്ഥാന് മണല്‍ക്കല്ലില്‍ തീര്‍ത്ത ശിവഭൈരവ്, പന്ത്രണ്ടാം നൂറ്റാണ്ടിലെ ബാല-സന്യാസി സംബന്ദര്‍, മൗണ്ട് അബു മേഖലയില്‍ നിന്നുള്ള ഇരിപ്പുറപ്പിച്ച ജിന ശില്‍പ്പം, ഹീരാലാല്‍ എ. ഗാന്ധിയുടെ സ്മാരക ഛായാചിത്രം, നാഥദ്വാരയിലെ’മനോരഥ്’ ഛായാചിത്രം എന്നിവയും കൂട്ടത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: