പത്തനംതിട്ട: പരിസ്ഥിതി വിഷയങ്ങളില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് ബിജെപി ദേശീയനിര്വ്വാഹകസമിതിഅംഗം കുമ്മനം രാജശേഖരന്. പന്തളത്ത് നടന്ന കെ റയില്‍ വിരുദ്ധ ജനകീയ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറന്മുളയിലെ പാടശേഖരം സംരക്ഷിക്കാന്‍ ഒന്നിച്ച് സമരം ചെയ്ത സിപിഎം അന്ന് പറഞ്ഞത് പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ്. ഇന്ന് കെ റയിലിനായി 155 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പാടശേഖരം നികത്തുമ്പോള്‍ നൂറുകണക്കിന് ഏക്കര്‍ നെല്‍വയലുകളാണ് നഷ്ടപ്പെടുന്നത്. ആറന്മുളയില് 325 ഏക്കര്‍ വയലുകളാണ് ഭീഷണി നേരിട്ടതെങ്കില്‍ അതിലും എത്രയോ ഇരട്ടി പാടശേഖരങ്ങളും തണ്ണിര്ത്തടങ്ങളുമാണ് സില്‍വര്‍ലൈന്‍ പദ്ധതിയിലൂടെ ഇല്ലാതാകുന്നത്. കേരളത്തെ വെട്ടിമുറിച്ച് ഈ ലൈന്‍ കടന്നുപോകുമ്പോള്‍ എത്ര ഏക്കര്‍ ഭൂമി മണ്ണിട്ടുനികത്തണം. എത്ര പാറകള്‍ പൊട്ടിച്ച് മതിലുകള്‍ തീര്‍ക്കണം, കുമ്മനം ചോദിച്ചു.
മണ്ണും വെള്ളവും വായുവും അന്നവും വിലപ്പെട്ടതാണെന്ന് തോന്നുന്നെങ്കില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണം. ജനങ്ങളെ പരിഭ്രാന്തിയിലാക്കി അവരുടെ വീടും കിടപ്പാടവും നശിപ്പിച്ച്, പരിസ്ഥിതി തകര്‍ക്കുന്നതാണോ വികസനം. വികസിക്കേണ്ടത് മന്ത്രിമാരുടെ ഹൃദയമാണ്. കോടികള്‍ കൊണ്ട് കീശ വികസിപ്പിക്കുന്നതാണ് അവരുടെ വികസനനയം. മുഖ്യമന്ത്രിയുടെ ഹൃദയം വികസിച്ചിട്ടില്ല. അത് സങ്കുചിതതാത്പര്യങ്ങള്‍ കൊണ്ട് ഇടുങ്ങിയിരിക്കുകയാണ്. അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത് നിങ്ങളുടെ ഹൃദയം ഒന്ന് തുറക്കു. മനുഷ്യത്വം ഒന്ന് ഈ നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി തുടിക്കട്ടെ എന്നാണ്.
മുഖ്യമന്ത്രീ .. നിങ്ങള്‍ സ്ട്രെയിറ്റ് ഫോര്‍വേഡ് അല്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് മനസ്സില്ല. വളഞ്ഞ മാര്‍ഗത്തിലൂടെ വളവുകള്‍ തീര്‍ത്ത് നിങ്ങള്‍ കേരളത്തിന്റെ പൊതുമുതല്‍ നശിപ്പിക്കുകയാണ്. നമുക്ക് വലുത് കേരളമാണ്, ഇവിടുത്തെ ജനങ്ങളാണ്. എന്തിനാണ് നിങ്ങള്‍ ഈ കൃഷിഭൂമി നശിപ്പിക്കുന്നത്. ഈ നാട്ടില്‍ ഈ മണ്ണില്‍ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കലാണ് ആവശ്യം.
സാധാരണക്കാരായ സിപിഎമ്മുകാരും ഈ പദ്ധതിയെ അനുകൂലിക്കുന്നില്ല, പക്ഷേ എല്ലാവര്ക്കും പിണറായിയെ ഭയമാണ്. ഈ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഇടുന്ന കോണ്‍ക്രീറ്റ് കുറ്റികള്‍ സാധാരണക്കാരന്റെ നെഞ്ചിലാണ് തറയ്ക്കുന്നത്. ഈ കുറ്റികള്‍കൊണ്ട് സിപിഎമ്മിന്റെ ശവക്കല്ലറ തീര്‍ക്കുകയാണ്. ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് കുറ്റികള്‍ തറയ്ക്കുന്നത്. ഇതിനെതിരെ ബഹുജനപ്രതിഷേധം ഉയര്‍ന്നു വരികയാണ്.
പദ്ധതിക്കാവശ്യമായ ഒരുനടപടിക്രമവും സര്‍ക്കാര്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഈ പദ്ധതി നടപ്പാക്കുകയല്ല ലക്ഷ്യം. കോടികളിലാണ് കണ്ണെന്ന് കുമ്മനം പറഞ്ഞു. ബിജെപി ജില്ലാപ്രസിഡന്റ് വി.എ. സൂരജ് അദ്ധ്യക്ഷനായി. പശ്ചിമഘട്ടസംരക്ഷണസമിതി ചെയര്മാന് ജോണ്‍ പെരുവന്താനം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പരിസ്ഥിതി അവാര്‍ഡ് ജേതാവ് ഗോപിനാഥപിള്ള മുഖ്യാതിഥിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: