ഭോപാല്‍: ഗുണ്ടാത്തലവന്മാരുടെ അനധികൃത വീടുകളും കെട്ടിടങ്ങളും ഇടിച്ചു നിരത്തിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബുള്‍ഡോസര്‍ ബാബ എന്ന പേര് കിട്ടിയത്. ഇപ്പോള്‍ മധ്യപ്രദേശിലെ റെയ്സന് ജില്ലയില്‍ ഗോത്രവര്‍ഗ്ഗക്കാരെ ആക്രമിച്ച ഗുണ്ടകളുടെ അനധികൃത വീടുകള്‍ ഇടിച്ചുനിരത്തുക വഴി മുഖ്യമന്ത്രി ശിവരാജ് ചൗഹാനും പുതിയ പേര് സമ്പാദിച്ചിരിക്കുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ ഇദ്ദേഹത്തെ വിളിക്കുന്നത് ബുള്‍ഡോസര്‍ മാമ എന്നാണ്.
മധ്യപ്രദേശിലെ റെയ്സന് ജില്ലയില്‍ മുസ്ലിങ്ങളും ഗോത്രവര്‍ഗ്ഗക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഗോത്രവര്ഗ്ഗക്കാരന് വെടിയേറ്റ് മരിക്കുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ഗോത്രവര്‍ക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട അക്രമകാരികളായ മുസ്ലിം ചെറുപ്പക്കാരുടെ അനധികൃത വീടുകളും കെട്ടിടങ്ങളും പ്രത്യേക ഉത്തരവ് വഴി ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുകയായിരുന്നു മുഖ്യമന്ത്രി ശിവരാജ് ചൗഹാന് ചെയ്തത്. അക്രമത്തിലെ പ്രതികളായ 16 പേരില്‍ 13 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പേര് പൊലീസിന് പിടികൊടുക്കാതെ ഒളിവിലാണ്.
റെയ്സന് ജില്ലയിലെ ഖമാരിയ പോരി ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബൈക്കില്‍ സഹോദരിയുമായി പോകുകയായിരുന്നു മുസ്ലിം യുവാവിന്റെ അമിതവേഗത്തിലുള്ള ബൈക്കോടിക്കലിനെ ആരോ പരിഹസിച്ചു. ഇയാള്‍ പോയി വലിയൊരു അക്രമിസംഘവുമായി തിരിച്ചുവന്നു. ഇരുസമുദായത്തിലെയും പ്രായമുള്ളവര്‍ തമ്മില്‍ സംസാരിച്ച് പ്രശ്നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് വലിയ ഏറ്റുമുട്ടലാണ് നടന്നത്. ഗുണ്ടകള്‍ കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിച്ചു. അക്രമികള്‍ തോക്കും ഉപയോഗിച്ചിരുന്നു. ഗോത്രവര്‍ഗ്ഗക്കാരനായ രാജു ആദിവാസി വെടിയേറ്റ് മരിച്ചു. അക്രമത്തില്‍ രണ്ട് കടകള്‍ അഗ്നിക്കിരയായി. മൂന്ന് ടു വീലറുകളും കത്തിച്ചു.
ഈ കേസിലാണ് അക്രമികളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ കണ്ടെത്തിയത്. ഇതോടെയാണ് അക്രമികളായവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.
മധ്യപ്രദേശിലെ ഷിയോപുരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളായ മൊഹ്സിന്‍, റിയാസ്, സെഹ് വാജ് എന്നിവരുടെ അനധികൃത വീടുകളും മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ ഇടിച്ചുനിരത്തി. ഇവര്‍ മൂന്ന് പേരും ഒളിവിലാണ്.
ഇതോടെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് ബുള്‍ഡോസര്‍ മാമ എന്ന പേര് മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: