തിരുവനന്തപുരം : ക്വാറി ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയ സിപിഎം നേതാവിനെതിരെ അന്വേഷണം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മൈനിങ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ മടവൂര്‍ അനിലിനെതിരെ പാര്‍ട്ടി അംഗം തന്നെ നല്‍കിയ പാരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
കിളിമാനൂര്‍ മുന്‍ ഏരിയാ സെക്രട്ടറിയാണ് മടവൂര്‍ അനില്‍. നഗരൂര്‍ കടവിളയില്‍ വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണത്തിനായി പാറ ഖനനം നടത്തുന്ന ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിലെ ട്രാന്‍സ്പോര്‍ട്ടിങ് കരാറുകാരനാണ് പരാതിക്കാരനായ രഞ്ജിത്ത് ഭാസി. തൊഴിലാളികള്‍ക്ക് കിലോമീറ്ററിന് നാല് രൂപ 50 പൈസ നിരക്കിലാണ് ലോഡ് കയറ്റി വിടുന്നത്. ചില വാഹനങ്ങള്‍ക്ക് 5 രൂപ 25 പൈസയാണ് ഈടാക്കുന്നത്. കൂടുതല്‍ ഈടാക്കുന്നത് പാര്‍ട്ടിക്കുള്ള കമ്മിഷന്‍ എന്ന രീതിയില്‍ അനില്‍ എടുക്കുന്നെന്ന് ആരോപിച്ചാണ് പരാതി.
സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ ഭാര്യാ സഹോദരിയുടെ മകനാണ് രഞ്ജിത്ത് ഭാസി. കിളിമാനൂര്‍ ഏരിയാ കമ്മിറ്റിക്കാണ് രഞ്ജിത് പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥനത്തില്‍ സിപിഎം അന്വേഷണ കമ്മിഷനെ നിയമിക്കുകയായിരുന്നു. വിഷയത്തില്‍ മൂന്നംഗ കമീഷന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. അതിനുശേഷം തുടര്‍ നടപടി കൈക്കൊള്ളും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി മുരളിയാണ് അന്വേഷണ കമ്മീഷന്‍ കണ്‍വീനര്‍. വര്‍ക്കല എംഎല്‍എ വി. ജോയി, ആറ്റിങ്ങലില്‍ നിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. രാമു എന്നിവരുള്‍പ്പെടുന്നതാണ് അന്വേഷണ കമ്മീഷന്‍.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് മടവൂര്‍ അനില്‍ അറിയിച്ചു. കടവിളയില്‍ തന്റെ നേതൃത്വത്തില്‍ ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) രൂപീകരിച്ചിരുന്നു. ഇതില്‍ ലോറി കോണ്‍ട്രാക്ടര്‍മാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട പ്രതികാരമാണ് തനിക്കെതിരെ ഇത്തരത്തില്‍ കെട്ടിച്ചമച്ച പരാതി നല്‍കുന്നതിലേക്ക് എത്തിയതെന്നും അനില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: