ഡോ. എം. ലക്ഷ്മീകുമാരി
ഉക്രൈന് തലസ്ഥാനമായ കീവ് ഒരു കുരുക്ഷേത്രമായി മാറിയിരിക്കുകയാണല്ലോ. ആ മനോഹര നഗരം ഇടിഞ്ഞു പൊളിഞ്ഞ് യുദ്ധാങ്കണമായി കിടക്കുന്നതു കാണുമ്പോള്‍ വേദന തോന്നുന്നു. കാരണം, ഏകദേശം രണ്ടു വര്‍ഷം കീവില്‍ താമസിക്കാനുള്ള അവസരം ലഭിച്ച ആളാണു ഞാന്‍. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളായിരുന്നു അത്.
1968 ഒക്ടോബറിലാണ് ഉക്രേനിയന്‍ അക്കാദമി ഓഫ് സയന്‍സിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ ബയോളജിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ലഭിച്ച് ഞാന്‍ ഗവേഷണത്തിന് ചേരുന്നത്. ചെന്നൈ യൂണിവേഴ്സിറ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സായാഹ്ന ക്ലാസുകളില്‍ റഷ്യന്‍ ഭാഷ പഠിച്ച് ഡിപ്ലോമ നേടിയത് എനിക്കു പ്ലസ് പോയിന്റായിരുന്നു. അതിലുപരി റഷ്യയിലെ പ്രസിദ്ധ മൈക്രോബയോളജി പ്രൊഫസര്‍ ക്രാസിലിനിക്കോവുമായി എനിക്കുണ്ടായിരുന്ന അടുപ്പവും. കീവ് നഗരത്തില്‍ നിന്ന് 10-15 കിലോമീറ്റര്‍ അകലെയായിരുന്നു ഇന്‍സ്റ്റിറ്റ്യൂട്ട്. നഗരത്തിന്റെ നടുവില്‍ തന്നെയായിരുന്നു ഹോസ്റ്റല്‍. വിശാലമായ റോഡ്. രണ്ടു ഭാഗത്തും ഭംഗിയില്‍ നില്ക്കുന്ന പൈന്‍ മരങ്ങള്‍. രണ്ടുപേര്‍ക്കുള്ള മുറിയിലായിരുന്നു ഞാന്‍. തിളച്ചവെള്ളം സദാ പ്രവഹിച്ചുകൊണ്ടിരുന്ന ഇരുമ്പു കുഴലുകള്‍ മുറിയിലെ ചൂട് 22-23 ഡിഗ്രികളില്‍ നിലനിര്‍ത്തി. പുറത്ത് പലപ്പോഴും മൈനസ് 20 ഡിഗ്രി വരെ താണിരുന്ന ഹിമപാതം. ആദ്യം ഒരു ഉക്രേനിയന്‍ വനിതയായിരുന്നു കൂട്ട്. പിന്നീട് ഒരു ഫ്രഞ്ചുകാരി. അവസാനം യെമന്‍കാരിയും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു താമസിച്ചിരുന്ന ഹോസ്റ്റലുകളാണ് അവിടെയുള്ളത്.
സസ്യഭുക്കുകള്‍ക്ക് കുറച്ച് വിഷമമായിരുന്നു അവിടുത്തെ ‘സ്ഥലോവയ’ എന്ന കാന്റീനിലെ ഭക്ഷണം. ആദ്യമാദ്യം മാംസഭക്ഷണം മാത്രം കണ്ട് ഞാന്‍ മടുത്തു. ഞാന്‍ കയറിച്ചെല്ലുമ്പോള്‍ അവിടുത്തെ മേട്രണ്‍ വിളിച്ച് ചോദിക്കും: ‘ലക്ഷ്മീ, ഇന്ന് നല്ല ഇളം പശുമാംസക്കറികളാണ്. വേണ്ടേ?’ ആദ്യമേ തന്നെ ലക്ഷ്മീ എന്ന പേരിന്റെ അര്‍ത്ഥം ഐശ്വര്യദേവത എന്ന് അവര്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. അതുകൊണ്ടായിരിക്കാം ഇടക്കിടയ്ക്ക് എന്റെ പേര് പറയാന്‍ അവര്‍ക്കെല്ലാം ഇഷ്ടമായിരുന്നു. എനിക്കവിടെ കഴിക്കാന്‍ പറ്റിയിരുന്നത് ചോറും പാലും ചേര്‍ത്ത, അവര്‍ പാല്സൂപ്പ് എന്നു പറഞ്ഞിരുന്ന പാല്‍ക്കഞ്ഞി മാത്രം. അല്ലെങ്കില്‍ ചോറില്‍ ഒഴിച്ച് കഴിക്കാവുന്ന ‘കഫീര്‍’ എന്ന കട്ടത്തൈര്. ഭാഗ്യത്തിന് അമ്മ തന്നിരുന്ന ഉണക്കിയ മാങ്ങയും നാരങ്ങ അച്ചാറും സഹായത്തിനുണ്ടായിരുന്നു.
മൂന്നു നില കെട്ടിടങ്ങളായിരുന്നു ഹോസ്റ്റലുകള്‍. ഓരോ നിലയിലും നിറയെ ഗ്യാസ് കണക്ഷനോടു കൂടിയ വലിയ അടുക്കളകളില്‍ ആര്‍ക്കും സ്വന്തമായി ഭക്ഷണം ഉണ്ടാക്കാം. ഒന്നുരണ്ട് ചെറിയ പാത്രങ്ങള്‍ വാങ്ങിയാല്‍ മാത്രം മതി. നൂറിലധികം രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഞങ്ങളുടെ ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. അധികമാരും ഇല്ലാത്ത സമയത്ത് ഞാന്‍ സ്വയം പാചകം ചെയ്യുമായിരുന്നു. ഞാനൊഴിച്ച് മറ്റൊരു സസ്യഭുക്ക് അവിടെ ഉണ്ടായിരുന്നില്ല എന്നാണോര്‍മ്മ. അവിടെവെച്ചാണ് ഞാന്‍ പാചകത്തിന്റെ സരിഗമ പഠിച്ചത്.
പുറത്തിറങ്ങണമെങ്കില്‍, തണുപ്പിനെ ചെറുക്കാന്‍, അഞ്ചെട്ടു കിലോ ഭാരമുള്ള വസ്ത്രസാമഗ്രികള്‍ അണിയണമായിരുന്നു. കാരണം മൈനസ് 20 മുതല്‍ 25 ഡിഗ്രി വരെയായിരിക്കും തണുപ്പ്. 12 ലെയറുകള്‍ ആണ് വസ്ത്രധാരണത്തിലുണ്ടായിരുന്നത്. കാലില്‍ രണ്ടു സോക്സും ഫര് ലൈനിങ്ങ് ഉള്ള ഷൂസും കമ്പിളിക്കുപ്പായങ്ങള്‍, കൈയുറകള്‍, എല്ലാത്തിലുമുപരി അഞ്ചു കിലോ തൂക്കം വരുന്ന ഫര് കോട്ടും. തലയില്‍ തൊപ്പി അല്ലെങ്കില്‍ കമ്പിളി സ്കാര്‍ഫ്. കീവ് നഗരത്തില്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന മുപ്പതോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. അതില്‍ വയസിനു മൂത്തത് ഞാനായിരുന്നതിനാല്‍ എല്ലാവരും എന്നെ ദീദി എന്നാണ് വിളിച്ചിരുന്നത്. ചെറുകിട വിദ്യാലയങ്ങളില്‍ പഠിക്കുന്നവര്‍ക്ക് 100 റൂബിള്‍ ആയിരുന്നു സ്കോളര്‍ഷിപ്പ്. പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയിരുന്നതിനാല്‍ എനിക്ക് 150 റൂബിളാണ് കിട്ടിയിരുന്നത്. ഭക്ഷണം, ബസ്, തീയേറ്റര്‍, സര്‍ക്കസ് എന്നിവയ്ക്കു മാത്രമാണ് പണം കൊടുക്കേണ്ടി വന്നിരുന്നത്. പഠിത്തവും താമസവും സൗജന്യം.
അന്നത്തെ റഷ്യ ‘ഇരുമ്പുമറ’ക്കു പിന്നിലായിരുന്നുവല്ലോ. അത്യാവശ്യ സാധനങ്ങളും താമസ സൗകര്യങ്ങളുമല്ലാതെ വലിയ ആഡംബര ജീവിതങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. സാധാരണ സാധനസാമഗ്രികളെല്ലാം വിരളമായിരുന്നു. അവിടത്തുകാരുടെ കൈയില്‍ രണ്ടോ മൂന്നോ ഡ്രസുകളേ ഉണ്ടായിരുന്നുള്ളൂ. ഓരോ വര്‍ഷവും സര്‍ക്കാര്‍ നിശ്ചയിക്കുന്ന തരത്തിലും നിറത്തിലുമുള്ള ഓവര്‍ക്കോട്ടുകള്‍. എവിടെ നോക്കിയാലും പച്ച അല്ലെങ്കില്‍ ചുവപ്പ്. ഇതിനിടയില്‍ ഞാന്‍ സാരികള്‍ മാറിമാറി ധരിക്കുന്നത് അവര്‍ക്ക് വളരെ പുതുമയും അത്ഭുതവുമായിരുന്നു. ഞാന്‍ റഷ്യ വിട്ട സമയത്ത് എന്റെ സാരികളെല്ലാം അവര്‍ക്ക് സമ്മാനിച്ചത് അവര്‍ക്കൊരത്ഭുതമായി.
അത്യധികം സൗകര്യമുള്ള തീവണ്ടി യാത്രകള്‍. ഓടിച്ചിരുന്നവരും മറ്റ് പ്രവര്‍ത്തകരും പലപ്പോഴും സ്ത്രീകളായിരുന്നു. 1969ലെ മധ്യവേനല്‍ ഒഴിവില്‍ മോസ്കോ മുതല്‍ ലണ്ടന്‍ വരെ, ഇടയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇറങ്ങി ഒന്നോ രണ്ടോ ദിവസം താമസിച്ച് യാത്ര ചെയ്യാന്‍ സാധിച്ചത് അപൂര്‍വ്വമായ ഒരു അനുഭവമായിരുന്നു. പോളണ്ട്, ഈസ്റ്റ് ജര്‍മ്മനി, വെസ്റ്റ് ജര്‍മ്മനി, ഹോളണ്ട്, ഫ്രാന്‍സ് എന്നീ യൂറോപ്യന്‍ രാജ്യങ്ങളെ ഒന്നു മണത്തറിയാന്‍ ആ യാത്ര ഉപയുക്തമായി. വീടുമായി ബന്ധം പുലര്‍ത്താനുള്ള ഏകമാര്‍ഗം മോസ്കോവിലുള്ള ഇന്ത്യന്‍ എംബസിയിലേക്ക് കത്തുകള്‍ എത്തിക്കുകയാണ്. അവര്‍ അവരുടെ ഡിപ്ലോമാറ്റിക് ബാഗില്‍ ദല്‍ഹിയിലെത്തിച്ച് പോസ്റ്റ് ചെയ്യും. തിരിച്ചും അതുപോലെ.
മനസില്‍ നിറഞ്ഞുനില്ക്കുന്നത് അവിടത്തെ ജനങ്ങളുടെ സ്നേഹാദരങ്ങളാണ്. രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഒരു ദു:ഖാനുഭവം ഉണ്ടായിട്ടില്ല. സാരിയുടുത്ത എന്നെ കാണുമ്പോഴേക്കും ‘ഇന്ത്യായാന്ക’ എന്നുപറഞ്ഞ് കൗതുകത്തോടെ ആള്ക്കാര് നോക്കിനില്ക്കും. ക്യൂവില്‍ നില്ക്കുമ്പോള് എന്നെ മുന്നിലേക്ക് കയറ്റിനിര്‍ത്തും. മഞ്ഞ് നിറഞ്ഞുനില്ക്കെ ബസു കയറാന്‍ ഞാന്‍ ശ്രമപ്പെടുന്നതു കാണുമ്പോള്‍ അകത്തുനിന്നോ പുറത്തുനിന്നോ ആരെങ്കിലും എന്നെ ഉള്ളിലേക്ക് കയറ്റും. ഹോട്ടലുകളില്‍ പോയാല്‍ അവിടുത്തെ ഓര്‍ക്കസ്ട്രാ ഇന്ത്യന്‍ സിനിമാ ഗാനങ്ങള്‍ കേള്‍പ്പിക്കാന്‍ തുടങ്ങും. അന്ന് ഏറ്റവും പോപ്പുലറായിരുന്നത് ‘ആവാര’യിലെ പാട്ടുകളായിരുന്നു. രാജ്കപൂറും നര്‍ഗീസും അവര്‍ക്ക് വളരെ പ്രിയപ്പെട്ടവരായിരുന്നു. ഇന്ത്യയിലെ അന്നത്തെ പല നല്ല ഹിന്ദി സിനിമകളും ഞാന്‍ കണ്ടത് കീവില്‍ വെച്ചാണ്. ലോകപ്രസിദ്ധമായ റഷ്യന്‍ സര്‍ക്കസ്, റഷ്യന്‍ ബാലെ, റഷ്യന്‍ ഓര്‍ക്കസ്ട്രകള്‍ എന്നിവ ആസ്വദിക്കാന്‍ അവസരം ലഭിച്ചത് അക്കാലത്താണ്.
ശനി, ഞായര്‍ ദിവസങ്ങളില്‍ എന്റെ ‘അനുജന്മാര്’ എന്തെങ്കിലും ഭക്ഷ്യസാധനങ്ങളും വാങ്ങി ദീദിയുടെ അടുത്തെത്തും. പിന്നെ പാട്ടും കൂത്തും, ഭക്ഷണം പാകം ചെയ്യലും മറ്റും. ബസ് യാത്രയും മെട്രോ യാത്രയുമെല്ലാം വളരെ സുഗമവും സുരക്ഷാപൂര്ണ്ണവുമായിരുന്നു. ഏത് അര്‍ധരാത്രിയിലും യാതൊരു ഭയവും കൂടാതെ യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തി. കീവിലെ സ്നേഹസമ്പന്നരായ സാധാരണ ജനങ്ങളുടെ സ്നേഹവും ആദരവും ഒരിക്കലും മറക്കാനാവില്ല. അതുകൊണ്ടുതന്നെ കീവ് എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. അത് തകര്‍ന്ന് തരിപ്പണമാകുന്നത് കാണുമ്പോള്‍-യുദ്ധത്തിന്റെ കെടുതികള്‍ സഹിക്കാനാവുന്നില്ല. ഈ ഓര്‍മപുതുക്കലിലൂടെ ഞാന്‍ ആ പ്രിയപ്പെട്ട നഗരത്തിനും അവിടുത്തെ സ്നേഹം നിറഞ്ഞ ജനങ്ങള്‍ക്കും ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ്. വിദ്വേഷവും യുദ്ധവും ഒരിക്കലും ഒരു പ്രശ്നത്തിനും പരിഹാരമാവുകയില്ലെന്ന് ലോകം ഇനിയും പഠിക്കുകയില്ലേ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: