ഒരു ഭരണാധികാരിയെന്ന നിലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ തനിനിറമാണ് സില്‍വര്‍ലൈനിനെതിരെ ഉയരുന്ന ജനങ്ങളുടെ പ്രതിഷേധത്തെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിലൂടെ വെളിപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, ആലുവ, തിരുവാങ്കുളം, തിരൂര്‍, കല്ലായി എന്നിവിടങ്ങളില്‍ കെ റെയില്‍ പദ്ധതിക്കുവേണ്ടി നിയമവിരുദ്ധമായി കല്ലിടുന്നതിനെ എതിര്‍ത്ത ആബാലവൃദ്ധം ജനങ്ങളെയും പോലീസിനെ കയറൂരി വിട്ട് നേരിടുകയാണ് ആഭ്യന്തരമന്ത്രികൂടിയായ പിണറായി വിജയന് ചെയ്തത്. സ്വന്തം കിടപ്പാടം രക്ഷിക്കാന്‍ ചങ്ങനാശ്ശേരി മാടപ്പള്ളിയിലുള്പ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സ്ത്രീകളോട് മൃഗീയമായി പോലീസ് പെരുമാറിയതുകണ്ട് ജനങ്ങള്‍ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. കൊച്ചുകുട്ടികളുമായി പ്രതിഷേധം പ്രകടിപ്പിച്ച സ്ത്രീകളോട് മാന്യമല്ലാത്ത ഭാഷ ഉപയോഗിച്ചും, അവരെ നിലത്തിട്ട് വലിച്ചിഴച്ചും പകതീര്‍ക്കുകയായിരുന്നു പോലീസ്. പോലീസിന്റെ അതിക്രമത്തില്‍ സ്ത്രീകള്‍ ബോധരഹിതരാവുന്ന സംഭവംവരെയുണ്ടായി. എന്നിട്ടും അരിശം തീരാതെ അതിക്രമം തുടരുകയാണ് പോലീസ്. നിയമസഭയില്‍ ഇത് ചര്‍ച്ചാവിഷയമായപ്പോള്‍ ജനങ്ങള്‍ പോലീസിനെ ആക്രമിച്ചുവെന്നാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്. ഇതുവഴി ജനങ്ങളെ അടിച്ചമര്‍ത്താനുള്ള പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ഒരു ഫോണ്‍കോളില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുമെന്നു അവകാശപ്പെടുന്ന ഭരണത്തില്‍നിന്നാണ് അതിനീചമായ പെരുമാറ്റം സ്ത്രീകള്‍ക്കു നേരെ നിരന്തരം ഉണ്ടാവുന്നത്.
സ്ഥലം ഏറ്റെടുക്കാനല്ല, സാമൂഹികാഘാത പഠനം നടത്താനാണ് കല്ലിടുന്നതെന്നാണ് സര്‍ക്കാരും സിപിഎമ്മും പ്രചരിപ്പിക്കുന്നത്. സാമൂഹികാഘാത പഠനത്തിന് കെ റെയില്‍ എന്നെഴുതിയ കല്ലിടേണ്ട ആവശ്യമില്ല. ഇങ്ങനെ കല്ലിടുന്നതിലൂടെ ഫലത്തില്‍ സ്വന്തം ഭൂമിക്കുമേലുള്ള അവകാശം ജനങ്ങള്‍ക്ക് നഷ്ടമാവുകയാണ്. സ്ഥലം വില്‍ക്കാനോഈട് നല്കി വായ്പയെടുക്കാനോ കഴിയാത്ത അവസ്ഥ വരും. ഇതുമൂലം മക്കളുടെ വിവാഹം മുടങ്ങിയാലോ, ഗുരുതര രോഗമുള്ളവര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ വന്നാലോ ആര് സമാധാനം പറയുമെന്ന ജനങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഇതൊന്നും തങ്ങളുടെ പ്രശ്നമല്ലെന്നും കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ഈ പദ്ധതിതന്നെ വേണ്ടെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും പറയുമ്പോള്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് മതിയായ നഷ്ടപരിഹാരം തരാമെന്നാണ് സര്‍ക്കാരിന്റെ വാഗ്ദാനം. ഇങ്ങനെയൊരു നഷ്ടപരിഹാരം തങ്ങള്‍ക്കു വേണ്ടെന്നാണ് പ്രതിഷേധിക്കുന്ന ജനങ്ങള്‍ ഒറ്റക്കെട്ടായി പറയുന്നത്. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം റെയില്‍വെമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കുകയുണ്ടായി. അനുമതി ലഭിക്കാത്ത പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കാന്‍ ആരാണ് സംസ്ഥാന സര്‍ക്കാരിന് അനുവാദം നല്‍കിയത്? യുഡിഎഫിന്റെ ഭരണകാലത്തെ എക്സ്പ്രസ് ഹൈവേ കേരളത്തെ വെട്ടിമുറിക്കുമെന്നു പറഞ്ഞ് സമരം നടത്തിയവരാണ് അതിനെക്കാള്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതിയുമായി വന്ന് ജനങ്ങളെ അടിച്ചമര്‍ത്തുന്നത്. പിണറായി സര്‍ക്കാര്‍ ആര്‍ജവമുണ്ടെങ്കില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് ഒരു ഹിതപരിശോധന നടത്തട്ടെ.
ഈ പദ്ധതിയുമായി സര്‍ക്കാര്‍ രംഗപ്രവേശം ചെയ്തനാള് മുതല്‍ മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. നിയമസഭയ്ക്കകത്തും പുറത്തും കിട്ടുന്ന അവസരങ്ങളിലൊക്കെ മുഖ്യമന്ത്രി വല്ലാത്ത ധാര്‍ഷ്ട്യത്തോടെ ഇങ്ങനെ ചെയ്തുപോരുകയായിരുന്നു. സംസ്ഥാനം ഭരിക്കുക എന്നുപറഞ്ഞാല്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുക എന്നതാണെന്ന് തെറ്റിദ്ധരിച്ചിട്ടുള്ളയാളാണ് പിണറായി വിജയന്. ഇപ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ മനസ്സ് കൊണ്ടുനടക്കുന്നതിനാലാണ് ഇത്. ആരെതിര്‍ത്താലും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ അര്‍ത്ഥമില്ല. പാരിസ്ഥിതിക പ്രശ്നങ്ങളും സാമൂഹികാഘാതവും പഠിച്ച്, സാമ്പത്തികമായി ലാഭകരമാവുമോ എന്ന് പരിശോധിച്ച് കേന്ദ്രം അനുമതി നിഷേധിച്ചാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നാണോ മുഖ്യമന്ത്രി പറയുന്നത്? അനുമതി ലഭിക്കാത്ത ഒരു പദ്ധതിക്കുവേണ്ടി ഇത്ര ആവേശം കാണിക്കുന്നത് എന്തിനെന്ന് പിണറായിയെ അറിയാവുന്നവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട്. അത് വികസനത്തിനുവേണ്ടിയുള്ള ത്വരയല്ലെന്നും ജനങ്ങള്‍ക്കറിയാം. കള്ളപ്രചാരണത്തിലൂടെ ഇതിനൊക്കെ മറയിട്ട് ജനങ്ങളെ കുടിയിറക്കാമെന്ന് മുഖ്യമന്ത്രി വ്യാമോഹിക്കേണ്ട. ഭരണത്തുടര്‍ച്ച ലഭിച്ചത് ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ലൈസന്‍സാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. ജനങ്ങള്‍ക്കു വേണ്ടാത്ത പദ്ധതി ഉപേക്ഷിക്കുകയാണ് വിവേകം. കുറഞ്ഞപക്ഷം കേന്ദ്രത്തിന്റെ അനുമതി ലഭിക്കുന്നതുവരെ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കണം. അങ്ങനെ ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴാനൊന്നും പോകുന്നില്ല. ഇത് ജനാധിപത്യമാണ്. രാജാക്കന്മാര്ക്ക് അതില്‍ ഇടമില്ല. കമ്യൂണിസ്റ്റ് രാജാക്കന്മാര്ക്ക് പ്രത്യേകിച്ചും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: