പൂക്കളില്ലാതെ പൂജകള്‍ അപൂര്‍ണമാണെന്നു തന്നെ പറയാം. അര്ച്ചനയിലുള്ള വൈവിധ്യം ഓരോ ദേവതയ്ക്കുമുള്ളതുപോലെ പൂജയ്ക്കെടുക്കുന്ന പൂക്കളിലുമുണ്ട്. ഹനുമാനെ പ്രീതിപ്പെടുത്താന്‍ ഒരു പിടി മുല്ലപ്പൂക്കള്‍ മതി. മഞ്ഞള്പ്പൊടിക്കൊപ്പമാണ് മുല്ലപ്പൂക്കള്‍ അര്‍പ്പിക്കേണ്ടത്. സരസ്വതീ ദേവിക്ക് പ്രിയങ്കരം വെളുത്തപൂക്കളാണെങ്കിലും പലാശപ്പൂക്കളില്ലാതെ ദേവിക്കുള്ള പൂജകള്‍ അപൂര്‍ണമാകും. ജമന്തിപ്പൂവുകള്‍ അര്ച്ചിച്ചാലെ ഗണേശഭഗവാന് സംപ്രീതനാവൂ. ചുവന്ന ചെമ്പരത്തിപ്പൂക്കളും ഭഗവാന് പ്രിയപ്പെട്ടതു തന്നെ. പാരിജാതപ്രിയനായ വിഷ്ണുഭഗവാനും ജമന്തിപ്പൂക്കള്‍ അര്ച്ചിക്കാറുണ്ട്.
ഐശ്വര്യദേവതയായ ലക്ഷീദേവിക്ക് പൂജയ്ക്കെടുക്കേണ്ടത് താമരപ്പൂക്കളാണ്. താമരയില്ലാതെ ദേവിയുടെ ചിത്രം പോലും അപൂര്‍ണം. ചുവന്ന ചെമ്പരത്തിയുടെ ഇതളുകള്‍ ഭദ്രകാളിയുടെ നീട്ടിയ നാവിന്റെ രൗദ്രതയ്ക്ക് സമാനമാണ്. ദേവിയെ പ്രസാദിപ്പിക്കാനും നല്ലത് ചെമ്പരത്തിപ്പൂക്കള്‍. പൂജയ്ക്കെടുക്കരുതാത്ത പൂക്കളുമുണ്ട്. നിലത്തുവീണ പൂക്കള്‍ അര്ച്ചിക്കാനെടുക്കരുത്. മറ്റാരുടെയെങ്കിലും തൊടിയില്‍ നിന്നോ വേലിയില്‍ നിന്നോ പറിച്ചെടുത്ത പൂക്കളും ദേവതകള്‍ക്ക് നിഷിദ്ധമാണ്. പൂക്കള്‍ ഒരിക്കലും കഴുകിയെടുക്കരുത്. വെള്ളം തളിച്ചേ എടുക്കാവൂ. വാടിയപൂക്കളും പുഴുക്കുത്തുള്ള പൂക്കളും ഉപയോഗിക്കരുത്. പക്ഷേ ശിവഭഗവാന് പ്രിയപ്പെട്ട കൂവളപ്പൂക്കളുടെ കാര്യത്തില്‍ മാത്രം ഇക്കാര്യത്തില്‍ ഇളവുണ്ട്. ശിവന് അര്‍പ്പിച്ച കൂവള ഇലകള്‍ കഴുകി വീണ്ടും പൂജയ്ക്കെടുക്കാമെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: