കൊച്ചി: കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പാള്‍മാരായി സിപിഎമ്മുകാരെയും സഹയാത്രികരെയും സ്വന്തക്കാരെയും തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി, ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ച് കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പ്രിന്‍സിപ്പാള്‍ നിയമനത്തിന്റെ കൂടിക്കാഴ്ച്ച കഴിഞ്ഞതിനു ശേഷമാണ് ഈ സര്‍ക്കുലര്‍ വന്നത്. ആവശ്യത്തിന് പ്രബന്ധങ്ങളില്ലാത്ത ചില നേതാക്കള്‍ക്കു വേണ്ടി മാത്രമുള്ളതാണ് സര്‍ക്കുലര്‍.
കൃത്രിമമായി തട്ടിക്കൂട്ടിയ പഴയ പ്രബന്ധങ്ങള്‍ കൊണ്ടുവരാനുള്ള അനുവാദമാണ് പരസ്യത്തിലൂടെ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയത്. സ്വന്തം അപേക്ഷയില്‍ അവകാശപ്പെട്ടിട്ടില്ലാത്ത പ്രബന്ധങ്ങള്‍ വിളിച്ചു വരുത്തി പരിഗണിക്കുന്നതിലെ സാംഗത്യം വ്യക്തമല്ല. മാത്രമല്ല, നിയമനത്തിനുള്ള കൂടിക്കാഴ്ച്ച കഴിഞ്ഞതാണ്. അതിനാല്‍ ഇന്റര്‍വ്യൂ ബോര്‍ഡ് തന്നെ സ്വഭാവികമായും ഇല്ലാതായി. ഇനി കഷണങ്ങളായി ലഭിക്കുന്ന ഗവേഷണ പ്രബന്ധങ്ങള്‍ ആരു വിലയിരുത്തും, ഇല്ലാതായ ഇന്റര്‍വ്യൂ ബോര്‍ഡ് ഇനി ചേരുമോ, അങ്ങനെയെങ്കില്‍ മുന്‍പു നടന്ന കൂടിക്കാഴ്ചകള്‍ക്ക് എന്തു പ്രസക്തി തുടങ്ങിയ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് സൂചന. രണ്ടാം ഗസറ്റഡ് തസ്തികയായ പ്രിന്‍സിപ്പാള്‍മാരുടെ നിയമനം നടത്തേണ്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പാണ്. എന്നാല്‍ അതിനു പകരം ജോയിന്റ് സെക്രട്ടറി റാങ്ക് മാത്രമുള്ള കോളജ് വിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നിയമപരമായും തെറ്റാണിത്. സന്ദര്‍ശക ബാഹുല്യം ഒഴിവാക്കാന്‍ പറ്റിയ സെക്രട്ടേറിയറ്റില്‍ വച്ച് അതിവ ഗൗരവത്തോടെ നടത്തേണ്ട കൂടിക്കാഴ്ച്ച നടത്തുന്നത്, കെടിഡിസിയുടെ തമ്പാനൂരിലെ ഗ്രാന്റ് ചൈത്രം ഹോട്ടലിലാണ്.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന അധ്യാപകരും അവരെ ഇന്റര്‍വ്യൂ ചെയ്യേണ്ട വിഷയ വിദഗ്ധരും രണ്ട് മൂന്ന് ദിവസം മുമ്പു തന്നെ ഈ ഹോട്ടലില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതും തിരുകിക്കയറ്റലിന് വഴിയൊരുക്കാനാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാത്ത സംഘടനാ നേതാക്കളും ദിവസങ്ങളായി കൂട്ടത്തോടെ ഇവിടെ മുറിയെടുത്ത് താമസിക്കുന്നുണ്ട്. അവരില്‍ പലരും ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളെ പരസ്യമായും രഹസ്യമായും സ്വാധീനിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. അതിന്റെ ഫലമായാണ് ഈ സര്‍ക്കുലര്‍ തന്നെ.
സര്‍ക്കാര്‍ കോളജുകളിലെ പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രമോഷനുള്ള ഇന്റര്‍വ്യൂവും ഇതോടൊപ്പം നടക്കുന്നുണ്ട്. പ്രൊഫസര്‍, പ്രിന്‍സിപ്പാള്‍ തസ്തികകള്‍ക്ക് ഒരേ യോഗ്യത തന്നെയാണ് യുജിസി നിഷ്ക്കര്‍ഷിക്കുന്നത്. 2021 സപ്തംബറിലാണ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രമോഷനുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. യോഗ്യതയില്ലെന്ന കാരണത്താല്‍, പലരും അതിന് അപേക്ഷിച്ചിരുന്നില്ല. അതിനുള്ള അപേക്ഷ നല്കിയിട്ടില്ലാത്ത പലരും, വെറും രണ്ടു മാസത്തിനു ശേഷമാണ് പ്രിന്‍സിപ്പാള്‍ നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളത്.
പ്രൊഫസര്ഷിപ്പിനുള്ള പ്രപ്പോസല്‍ നല്കിയിട്ടില്ലാത്തതും അതിനുള്ള യോഗ്യത നേടിയിട്ടില്ലാത്തവരുമായ ചില അധ്യാപകര്‍ ഇപ്പോള്‍ സര്‍വ്വീസ് സംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി പ്രിന്‍സിപ്പാള്‍ നിയമനത്തിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. അത്തരം അധ്യാപകര്‍ക്ക് യോഗ്യത ഉറപ്പുവരുത്താന്‍ മാത്രമാണ്, പഴയകാല ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ കൃത്രിമമായി ഉണ്ടാക്കി സമര്‍പ്പിക്കുവാനുള്ള അവസരം നല്‍കിയത്.
പുതിയ പ്രസിദ്ധീകരണങ്ങളാണെങ്കില് അത്, യുജിസി കെയര്‍ ലിസ്റ്റിലാകണം. അതും പണം കൊടുത്ത് ലഭ്യമാക്കാന്‍ പറ്റുമെങ്കിലും, കാലതാമസം വരും. എന്നാല്‍, പഴയ പ്രസിദ്ധീകരണങ്ങള്‍ വേഗത്തില്‍ ലഭിക്കും. അതിനാലാണ് പഴയ ജേണലിലെ പ്രസിദ്ധീകരണങ്ങള്‍ മാത്രം സമര്‍പ്പിക്കാനായി വളരെ ചുരുങ്ങിയ സമയം നല്കി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.
ഒരു പ്രത്യേക വിഷയത്തില്‍ രണ്ട് അധ്യാപകരുടെ യോഗ്യതയിലെ കുറവ് പരിഹരിക്കാന്‍ അവര്‍ക്കു മാത്രം ഗുണം ചെയ്യുന്ന, പഴയ കാലത്തെ പ്രബന്ധങ്ങള്‍ നല്‍കാനായി പുതിയ സര്‍ക്കുലര്‍. ഇക്കാര്യത്തില്‍ പല കോളജ് അധ്യാപകര്‍ക്കും വലിയ പ്രതിഷേധമുണ്ട്. വിവരാവകാശ നിയമ പ്രകാരം എല്ലാ വിവരങ്ങളും കരസ്ഥമാക്കിയതിനുശേഷം നിയമ നടപടികള്‍ സ്വീകരിക്കാനാണ് പലരും തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: