ന്യൂയോര്‍ക്ക്: ലോക ഇസ്ലാമോഫോബിയ വിരുദ്ധദിനം ആചരിക്കാന്‍ തീരുമാനമെടുത്ത് ഐക്യരാഷ്ട്ര സഭ. യുഎന്‍ പൊതുസഭയില്‍ പാകിസ്ഥാന് കൊണ്ടുവന്ന പ്രമേയത്തിന്റെ മറപറ്റിയാണ് തീരുമാനം. മാര്‍ച്ച് 15 ന് ദിനം ആചരിക്കാനുള്ള തീരുമാനത്തെ 51 മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളും ചൈനയും പിന്താങ്ങി.
എന്നാല്‍ ഇസ്ലാമോഫോബിയ മാത്രമല്ല ഹിന്ദുവിരുദ്ധ, സിഖ് വിരുദ്ധ ഫോബിയകളുണ്ടെന്ന് ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ ഇന്ത്യ തുറന്നടിച്ചു. എല്ലാ മതങ്ങള്‍ക്കുമെതിരെ വെറുപ്പും ഭയവും വിവേചനവും ഉണ്ടാകുന്ന അവസ്ഥയുണ്ടെന്നും അത് അംഗീകരിക്കാന്‍ തയ്യാറാകണമെന്നും ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. ഇന്ത്യയുടെ വാദത്തെ ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും പിന്താങ്ങി.
ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാനുള്ള അന്താരാഷ്ട്ര ദിനമായി മാര്‍ച്ച് 15നെ പ്രഖ്യാപിക്കാനുള്ള പാകിസ്ഥാന് കൊണ്ടുവന്ന പ്രമേയം യുഎന്‍ പൊതുസഭ അംഗീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇസ്ലാമോഫോബിയയെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. മറ്റെല്ലാ മതങ്ങള്‍ക്കുമെതിരായി നടക്കുന്ന ആക്രമണങ്ങളുടെ ഗൗരവം ഇത് കുറയ്ക്കുമെന്നും ടി.എസ്. തിരുമൂര്‍ത്തി പറഞ്ഞു. പ്രമേയത്തെ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷനിലെ (ഒഐസി) 57 അംഗങ്ങളും റഷ്യയും ചൈനയുമടക്കമുള്ള മറ്റ് രാഷ്ട്രങ്ങളും പിന്തുണച്ചു.
ഇസ്ലാമോഫോബിയ മാത്രം എടുത്ത് പറയുന്നതിന് പകരം റിലീജിയോഫോബിയ അംഗീകരിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണം. അമുസ്ലീം സമുദായങ്ങള്‍ക്കെതിരെയാണ് ഇത്തരം ആക്രമണങ്ങള്‍ നിരന്തരം നടക്കുന്നത്. ആന്റി സെമിറ്റിസം, ക്രിസ്ത്യാനോഫോബിയ, ഇസ്ലാമോഫോബിയ തുടങ്ങി എല്ലാത്തിനെയും അപലപിക്കുന്നു. എന്നാല്‍ ഈ ഫോബിയകളെ തടയല്‍ അബ്രഹാമിക് മതങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കരുതെന്നും തിരുമൂര്‍ത്തി പറഞ്ഞു. ഹിന്ദു സംസ്കാരം ആചരിക്കുന്ന 1.2 ബില്യണ്‍ ജനങ്ങള്‍ ലോകത്തുണ്ട്. ബുദ്ധിസത്തില്‍ 535 മില്യണ്‍ ആളുകളും, സിഖിസത്തില് 30 മില്യണ്‍ ആളുകളും വിശ്വസിക്കുന്നു. ഇവര്‍ക്കെല്ലാം എതിരെയും ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു മതത്തെ മാത്രമല്ല, മൊത്തം റിലീജിയോഫോബിയയാണ് അംഗീകരിക്കേണ്ടതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
അബ്രഹാമിക് മതങ്ങളല്ലാത്തവയില്പ്പെട്ട ഗുരുദ്വാരകളും ആശ്രമങ്ങളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെടുന്നത് ഇതിന് തെളിവാണ്. ഈ മതങ്ങള്‍ക്കെതിരെ ചില രാജ്യങ്ങളില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുണ്ടെന്ന് വ്യക്തമാണ്. മറ്റ് മതങ്ങള്‍ക്കെതിരായി പ്രചാരണത്തിന്റെ ഗൗരവത്തെ ഈ പ്രമേയം കുറച്ച് കാണിക്കുന്നുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് റിലീജിയോഫോബിയ പ്രതിരോധിക്കേണ്ടത്.
അബ്രഹാമിക് മതങ്ങളില്പ്പെടാത്ത ബാമ്യന്‍ ബുദ്ധ പ്രതിമ അഫ്ഗാനിസ്ഥാനില്‍ നശിപ്പിക്കപ്പെട്ടത്, ഗുരുദ്വാര ആക്രമണം, സിഖ് തീര്‍ത്ഥാടകരെ കൂട്ടക്കൊല ചെയ്തത്, ക്ഷേത്രങ്ങള്‍ ആക്രമിച്ച് വിഗ്രഹങ്ങള്‍ തകര്‍ക്കല്‍, അത് മഹത്വവത്കരിക്കല്‍ എന്നിവയെല്ലാം മതവിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ്. ഇതെല്ലാം ഒരു തരത്തില്‍ ഫോബിയകള്‍ കൂടിയാണ്.
എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും സ്വാഗതം ചെയ്ത വൈവിധ്യമാര്‍ന്ന ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എല്ലാ മതങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന ഭൂമിയിലെ സ്വര്‍ഗമാണ് ഇന്ത്യ. ഇവിടെ യാതൊരുതരത്തിലുള്ള വേര്‍തിരിവുമില്ല. സൗരാഷ്ട്രിയന്‍, ബുദ്ധിസ്റ്റ്, ജുതന്മാര് തുടങ്ങി എല്ലാ വിശ്വാസികളും സമാധാനത്തോടെ ഇന്ത്യയില്‍ ജീവിക്കുന്നു. എന്നാല്‍ പലരാജ്യങ്ങളും അസഹിഷ്ണുതയോടെയാണ് മറ്റ് മതക്കാരെ കാണുന്നതും വേട്ടയാടുന്നുതും.
കോടിക്കണക്കിന് വരുന്ന വിവിധ മതവിശ്വാസികള്‍ തുല്യതയോടെയും സുരക്ഷിതത്വത്തോടെയുമാണ് ഇന്ത്യയില്‍ കഴിയുന്നത്. യുഎന്‍ അംഗീകരിച്ച ഇസ്ലാമോഫോബിയ എന്ന പ്രമേയം മതങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒന്നിലധികം ഫോബിയകളിലേക്ക് നയിക്കുകയും ഐക്യരാഷ്ട്രസഭയെ മത ക്യാമ്പുകളായി വിഭജിക്കുകയും ചെയ്യുന്ന ഒരു മാതൃക സൃഷ്ടിക്കുന്നില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: