ന്യൂദല്‍ഹി: കുറഞ്ഞവിലയ്ക്ക് അസംസ്കൃത എണ്ണയും മറ്റ് ചരക്കുകളും നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചേക്കുമെന്ന് രണ്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് എന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി മൂലം വില പിടിച്ചുനിര്‍ത്താമെന്ന പ്രതീക്ഷയാണ് ഇന്ത്യയ്ക്കുള്ളത്.
അതേ സമയം റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് മൂലം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഉപരോധം ഏറ്റുവാങ്ങാന്‍ ഇന്ത്യ ഒരുക്കമല്ല. ചരക്ക് നീക്കം, ഇന്‍ഷുറന്‍സ് രക്ഷ എന്നീ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ റഷ്യയുടെ വാഗ്ദാനം സ്വീകരിക്കാനാണ് ഇന്ത്യയുടെ പദ്ധതി.
യൂറോപ്യന്‍ യൂണിയന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയതോടെ രൂപ-റൂബിള്‍ ഇടപാടിലൂടെ അസംസ്കൃത എണ്ണയും മറ്റ് ചരക്കുകളും ഇറക്കുമതി ചെയ്യുന്നതിനുള്ള കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയാണെന്നും പറയുന്നു.
ഇന്ത്യ 80 ശതമാനം എണ്ണയും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ റഷ്യയില്‍ നിന്നും രണ്ട് മുതല്‍ 3 ശതമാനം വരെ മാത്രമാണ് വാങ്ങുന്നത്.യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും അമേരിക്കയും ശക്തമായ ഉപരോധനീക്കങ്ങളാല് വലയുന്ന റഷ്യ പല രീതികളില്‍ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കുറഞ്ഞ വിലയ്ക്ക് അസംസ്കൃത എണ്ണ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തത്. യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: