ചങ്ങനാശ്ശേരി ഈസ്റ്റ്: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളിലെ ഉത്സവ ചടങ്ങുകള്‍ക്ക് ആറുമാസം മുമ്പ് ദേവസ്വംബോര്‍ഡ് ആനകളെ എഴുന്നെള്ളിപ്പിന് അതത് ക്ഷേത്രങ്ങളിലേക്ക് അനുവദിക്കും. ഡെപ്യൂട്ടി കമ്മീഷണറാണ് ഇതിന്റെ ഉത്തരവാദിത്വം. പക്ഷേ ഉത്സവസമയത്ത് ആനകളുടെ പ്രോഗ്രാം യാതൊരു കാരണവും കൂടാത റദ്ദാക്കുന്ന ബോര്‍ഡിന്റെ നടപടി ഉപദേശകസമിതകള്‍ക്ക് തലവേദനയാകുന്നു.
ഉത്സവത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാണ് മിക്കപ്പോഴും ബോര്‍ഡ് ആനകളെ റദ്ദാക്കുന്നത്. പിന്നീട് സ്വകാര്യ ഉടമസ്ഥതയിലള്ള ആനകളെ ആശ്രയിക്കാനെ ഉപദേശക സമിതിക്ക് നിവൃത്തിയുള്ളു.
അവസാന നിമിഷത്തില്‍ ആനകള്‍ക്ക് അമിത വാടക നല്‍കിയാണ് പല ക്ഷേത്രങ്ങളിലും എഴുന്നെള്ളത്തിന് കൊണ്ടുവരുന്നത്. എഴുന്നെള്ളത്തിന് അനുവദിക്കുന്ന ആനകള്‍ എവിടെനിന്നാണോ വരുന്നത് അവിടെനിന്നുള്ള ലോറി വാടകയും നല്‍കിയാണ് ഉപദേശകസമിതികള്‍ ആനകളെ കൊണ്ടുവരുന്നത്. ഇത് മുന്‍കൂട്ടി തയാറാക്കുന്ന ഉത്സവ ബജറ്റുതന്നെ താളം തെറ്റിക്കാനിടയാക്കുന്നതായി ഭക്തജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്. സ്വകാര്യ ആന ഉടമകളാണോ ഇതിനു പിന്നിലെന്ന സംശയങ്ങളും ഉയരുന്നുണ്ട്.
ആനകളെ ഒഴിവാക്കാനാവാത്ത ഉത്സവങ്ങളാണ് കൂടുതല്‍ ക്ഷേത്രങ്ങളിലും നടക്കുന്നത്. ഇപ്പോള്‍ ആനക്കാര്‍ക്കുള്ള ബാറ്റയും ക്ഷേത്രോപദേശക സമിതിയാണ് നല്‍കിവരുന്നത്. സ്വകാര്യ ആനകളെ സമയത്ത് വിളിക്കുമ്പോള്‍ അമിതമായ വാടകയാണ് ആന ഉടമകള്‍ വാങ്ങുന്നത്.
ഇത് ക്ഷേത്രോപദേശകസമിതികള്ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. രണ്ടു തിടമ്പുകള് എഴുന്നെള്ളിക്കുന്ന ക്ഷേത്രങ്ങളുണ്ട്. ഇവിടെ രണ്ടാനയില്ലാതെ എഴുന്നെള്ളത്ത് നടത്താനാവില്ല. ഉത്സവസമയത്ത് പണ്ടു മുതല്‍ അനുവദിച്ചിരുന്ന ആന എഴുന്നെള്ളത്താണ് ഇപ്പോള്‍ ദേവസ്വംബോര്‍ഡ് റദ്ദാക്കുന്നത്.
നിശ്ചിത കാലയളവില്‍ ഒരേ സമയത്ത് ദേവസ്വംബോര്‍ഡിന്റെ ആനകളെ ഉത്സവകാലത്ത് എങ്ങനെയാണ് കെട്ടിയിടുന്നതെന്നും ഭക്തജനങ്ങള്‍ ചോദിക്കുന്നു. അതേസമയം ഈ കാലയളവില്‍ സ്വകാര്യ ആനകള്‍ക്ക് ഒരു കുഴപ്പവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: