ആലപ്പുഴ: പിണറായി ഉയര്‍ത്തി കൊണ്ടുവരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കിയാല്‍ വലിയ പരിസ്ഥിതി ദുരന്തത്തിന് കാരണമാകുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഏ.എന്‍ രാധാകൃഷ്ണന്. ബിജെപി യുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ തടസ്സം നില്ക്കുന്നു.അമൃത് നഗരം,സ്മാര്‍ട് സിറ്റി, ഭവന പദ്ധതികളെല്ലാം ഇന്ന് പാതിവഴിയിലാണ്. കേന്ദ്രത്തിന്റെ റെയില്‍വേ വികസനവും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു.ക്രമസമാധാന നില തകര്‍ന്ന നാടായി കേരളം മാറി. ഇടത് പക്ഷ ട്രേഡ് യൂണിയനുകള്‍ കാരണം സംസ്ഥാനത്ത് വ്യവസായ അന്തരീക്ഷം തകര്‍ന്നു.ക്രിമിനലുകള്‍ പോലീസിനെ വളഞ്ഞിട്ട് തല്ലുമ്പോള്‍ സ്ത്രീകളുടെ സുരക്ഷിതത്വം അപകടത്തിലാവുന്നതായും അദ്ദേഹം പറഞ്ഞു.
ജില്ലാ അധ്യക്ഷന്എം.വി ഗോപകുമാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ കരമന ജയന്, പന്തളം പ്രതാപന്, സംസ്ഥാന വക്താവ്സന്ദീപ് വാചസ്പതി, ദക്ഷിണമേഖലാ അധ്യക്ഷന്‍ കെ.സോമന്, ദേശീയ കൗണ്‍സില്‍ അംഗം വെള്ളിയാകുളം പരമേശ്വരന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിമല്‍ രവീന്ദ്രന്, എല്‍.പി ജയചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: