തിരുവനന്തപുരം: ജനസംഖ്യയില്‍ മലപ്പുറത്ത് സംസ്ഥാനത്തേക്കാള്‍ മൂന്നിരട്ടി വളര്‍ച്ച. സംസ്ഥാനത്തെ വളര്‍ച്ചാ നിരക്ക് 4.9 ശതമാനം മാത്രമാണ്. മലപ്പുറത്ത് വളര്‍ച്ച 13.4 ശതമാനം. ജനസംഖ്യാ വളര്‍ച്ചാനിരക്ക് സംസ്ഥാനത്ത് കുറയുമ്പോഴും മലപ്പുറത്ത് കൂടി. 2001-2011 കാലയളവിലെ ജനസംഖ്യയുടെ ദശാബ്ദ വളര്‍ച്ച നിരക്ക് അടിസ്ഥാനമാക്കിയുള്ള കണക്കാണിത്. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ജനസംഖ്യ പരിശോധിച്ചാല്‍ ആറ് തെക്കന്‍ ജില്ലകളില്‍ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് സംസ്ഥാനത്തേക്കാള്‍ കുറവാണ്. ഏറ്റവും കുറവ് ജനസംഖ്യാ വളര്‍ച്ച പത്തനംതിട്ടയിലാണ്. പൂജ്യത്തിനും താഴെയാണിത്. മൈനസ് മൂന്ന് ശതമാനം. ഇടുക്കിയിലും ജനസംഖ്യാ വളര്‍ച്ചാനിരക്ക് പൂജ്യത്തില്‍ താഴെയാണ്. മൈനസ് 1.8 ശതമാനം. കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരുശതമാനവും കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീജില്ലകളില്‍ രണ്ട് ശതമാനവും മാത്രമാണ് ജനസംഖ്യ വളര്‍ച്ചാ നിരക്ക്.
മലപ്പുറം കഴിഞ്ഞാല്‍ കാസര്‍കോടാണ് ജനസംഖ്യാ വളര്‍ച്ചയില്‍ മുന്നില്‍, ഒമ്പത് ശതമാനം. പാലക്കാടും കോഴിക്കോടും ഏഴും എറണാകുളം ആറും കണ്ണൂര്‍, വയനാട്, തൃശൂര്‍ അഞ്ചും ശതമാനം വീതമാണ് വളര്‍ച്ചാ നിരക്ക്.
കേരളത്തിലെ കുട്ടികളുടെ എണ്ണം 34,72,955 ആണ്. മൊത്തം ജനസംഖ്യയുടെ 10.3 ശതമാനം. ഇതിന്റെ ആറിലൊന്നും മലപ്പുറത്താണ് (5,74,041). മലപ്പുറത്തെ ജനസംഖ്യുടെ 14 ശതമാനവും കുട്ടികളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ് കുട്ടികളുടെ എണ്ണം. കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ രണ്ട് ലക്ഷത്തിന് മുകളിലും ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒരുലക്ഷത്തിന് മുകളിലുമാണ് കുട്ടികളുടെ എണ്ണം.
കുട്ടികളുടെ എണ്ണം നോക്കിയാല്‍ ഏറ്റവും കുറവ് പത്തനംതിട്ടയിലും( 69,837) വയനാട്ടിലു(92,324) മാണ്
2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ ജനസംഖ്യ 3,34,06,061 ആണ്. രാജ്യത്തെ ജനസംഖ്യയുടെ 2.76 ശതമാനം. കേരളത്തിലെ ആകെ ജനസംഖ്യയില്‍ 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളുമാണ് .
അനീഷ് അയിലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: