ആലപ്പുഴ: വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജുകളില്‍ കടമ്പകള്‍. ഇന്ത്യയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയവരെ മാത്രമേ ഇതിനായി പരിഗണിക്കൂയെന്നാണ് നിലപാട്. 51 വിദേശ രാജ്യങ്ങളിലായാണ് ഇന്ത്യയില്‍ നിന്ന് വിദ്യാര്‍ഥികള്‍ എംബിബിഎസ് പഠനം നടത്തുന്നത്. കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജുകളില്‍ ആകെയുള്ളത് 1455 സീറ്റുകളാണ്. സംസ്ഥാനത്താകെ 4100 മെഡിക്കല്‍ സീറ്റുകള്‍ മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ വിദ്യാര്‍ഥികളും പഠനത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്.
ചൈനയില്‍ മാത്രം മൂവായിരത്തിലധികം മലയാളികളാണ് മെഡിക്കല്‍ പഠനം നടത്തുന്നത്. ഇവര്‍ പഠനം പൂര്‍ത്തിയാക്കി ജന്മനാട്ടില് തിരികെയെത്തുമ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ സേവനം നിഷേധിക്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന അഭിമുഖ അറിയിപ്പില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് വിജയിച്ച വിദ്യാര്‍ഥികളെ മാത്രമേ ഇതിന് പരിഗണിക്കൂ എന്ന് പറഞ്ഞിരുന്നു.
വിദേശ രാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ കേരളത്തിലെ ഗവ. മെഡിക്കല്‍ കോളജുകളില്‍ താത്കാലികമായിപ്പോലും നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതു കൂടാതെ ഒരു വര്‍ഷം കേരളത്തില്‍ ഇന്റേന്‍ഷിപ്പ് ചെയ്യുന്നതിന് സര്‍ക്കാരിലേക്ക് ഒന്നര ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നേരത്തെ ഈ തുക ഈടാക്കിയിരുന്നെങ്കിലും പിന്നീട് മുപ്പതിനായിരം രൂപ വരെയായി കുറച്ചു. എന്നിട്ടും കേരളത്തില്‍ ഇപ്പോഴും ഭീമമായ തുകയാണ് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ വളരെ തുച്ഛമായ വേതനത്തിലാണ് ഇവര്‍ ജോലി ചെയ്യുന്നത്.
നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമ പ്രകാരം 50 ശതമാനത്തിലധികം മാര്‍ക്ക് നേടുകയും സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമ പ്രകാരം ഒന്നര വര്‍ഷത്തോളം കാത്തിരുന്ന് ഒന്നര ലക്ഷത്തോളം രൂപ സര്‍ക്കാരില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളോടാണ് ഈ അയിത്തം. ലക്ഷങ്ങള്‍ ചെലവഴിച്ച് പഠനം നടത്തിയിട്ടും ജന്മനാട്ടില് സര്‍ക്കാര്‍ മേഖലയില്‍ താല്‍ക്കാലികമായി പോലും സേവനം നടത്താന്‍ കഴിയാത്തതിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: