ചേര്‍ത്തല: നഗരത്തിന്റെ സമഗ്ര വികസനം സാധ്യമാകുന്ന വടക്കേ അങ്ങാടി കവല വികസനം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. തടസങ്ങളെ തുടര്‍ന്ന് ഏറ്റെടുക്കാന്‍ കഴിയാതെ വന്ന ഭൂമിയാണ് റവന്യൂ വകുപ്പിന്റ 2013 ലെ ഉത്തരവ് പ്രകാരം ഏറ്റെടുക്കുന്നത്. ഇതോടെ മുടങ്ങിയ വികസന പദ്ധതികള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
ആറ് ഭൂ ഉടമകളില്‍ നിന്നായി ഏഴര സെന്റ് സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. പദ്ധതിയുടെ ഭാഗമായുള്ള റോഡ് നിര്‍മാണം ഭാഗീകമായി പൂര്‍ത്തിയായെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ നടപടി വൈകുന്നതിനാല്‍ കാന, ബസ്ബേ, ഡിവൈഡറുകള്‍, നടപ്പാത എന്നിവയുടെ നിര്‍മാണം തടസപ്പെട്ടിരുന്നു. ജില്ലാ കലക്ടറുടെ ശിപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. രേഖകള്‍ പൂര്ണമല്ലാത്തതാണ് ഏറ്റെടുക്കല്‍ നടപടി വൈകുന്നതിന് കാരണമായത്. നേരത്തെ 24 ഭൂ ഉടമകളില്‍ നിന്ന് 33 സെന്റ് സ്ഥലം ഏറ്റെടുത്തിരുന്നു.
ചേര്‍ത്തല വടക്ക് വില്ലേജില്‍ ഉള്‍പ്പടുന്നതാണ് സ്ഥലം. റവന്യൂ, പൊതുമരാമത്ത് അധികൃതരുമായി കൂടിയാലോചിച്ച ശേഷം സ്ഥലം ഏറ്റെടുത്ത് കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റാന്‍ നടപടി സ്വീകരിക്കുമെന്നാണ് സൂചന. സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ തടസങ്ങള്‍ മൂലം രണ്ട് വര്‍ഷം മുന്‍പ് ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തില്‍ എത്തിക്കാനായില്ല. സര്‍ക്കാര്‍ ഫണ്ടും മുന്‍ മന്ത്രി പി. തിലോത്തമന്റെ ആസ്ഥി വികസന പദ്ധതിയില്‍ നിന്ന് അനുവദിച്ച 10.25 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: