ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ മാത്രമല്ല പ്രിയങ്ക വാദ്രയുടെയും നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. നെഹ്റു കുടുംബത്തിന്റെ സ്തുതി പാഠകരും ഒരു വിഭാഗം മാധ്യമങ്ങളും ഊതിപ്പെരുപ്പിച്ച വ്യക്തിത്വമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കയുടേത്. അതാണ് യോഗി ആദിത്യനാഥിന്റെ പ്രഭാവത്തിനുമുന്‍പില്‍ ബലൂണ്‍ പോലെ പൊട്ടിപ്പോയത്.
ലോക്സഭാ തെരഞ്ഞെടുപ്പുകളിലും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടര്‍ക്കഥയാവുകയും രാഹുല്‍ ഗാന്ധിയുടെ നേതൃത്വം പരാജയമായപ്പോഴും പാര്ട്ടിക്കാര് പ്രതീക്ഷയോടെ നോക്കിക്കണ്ടത് പ്രിയങ്ക വാദ്രയെയായിരുന്നു. കെട്ടിലും മട്ടിലും നടപ്പിലുമെല്ലാം അഭിനവ ഇന്ദിരാഗാന്ധിയെന്ന പ്രതീതിയാണ് ഒരു വിഭാഗം മാധ്യമങ്ങളും സ്തുതിപാഠകരും പ്രിയങ്കയ്ക്ക് നല്‍കിയത്. യുപി തെരഞ്ഞെടുപ്പില്‍ യോഗിയെ മലര്‍ത്തിയടിക്കുമെന്നുവരെ പ്രചരണമുണ്ടായി. ഏറ്റവും കൂടുതല്‍ റാലികള്‍ നടത്തിയതും അവരായിരുന്നു. എന്നാല്‍ പ്രിയങ്കയുടെ പ്രതിഭ വെറും മാധ്യമസൃഷ്ടി മാത്രമാണെന്നും തികഞ്ഞ പരാജയമാണെന്നുമാണ് യുപി നല്കുന്ന സന്ദേശം.
യുപി കേന്ദ്രമാക്കിയാണ് പ്രിയങ്ക വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്. വ്യക്തമായ ലക്ഷ്യവുമുണ്ടായിരുന്നു. യുപി പിടിച്ചെടുക്കുന്നതിനായി ദീര്‍ഘകാല പദ്ധതി തന്നെ തയ്യാറാക്കിയിരുന്നു. ഹാഥ്രസ് സംഭവത്തെ വളര്‍ച്ചയുടെ നാഴികക്കല്ലാക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പില്‍ 159 വനിതകളെ സ്ഥാനാര്‍ഥികളാക്കുകയും ചെയ്തിരുന്നു. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വലിയ ആത്മവിശ്വാസമാണ് പുറത്ത് കാണിക്കുകയും ചെയ്തത്. ഒരവസരത്തില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്ന വനിതകള്‍ പ്രിയങ്കക്കൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ രണ്ടക്ക സംഖ്യയില്‍ എത്തിയില്ലാ എന്നതുമാത്രമല്ല, കഴിഞ്ഞ തവണത്തെക്കാള്‍ സീറ്റുകള്‍ കുറഞ്ഞ് വെറും രണ്ട് സീറ്റുകളില്‍ ഒതുങ്ങിയെന്നതാണ് ഏറ്റവും ദയനീയം. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെ മുഴുവന്‍ സീറ്റുകളും ബിജെപി നേടിയതോടെ കനത്ത പരാജയമാണ് പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനും ഏല്‍ക്കേണ്ടി വന്നത്. പരമ്പരാഗത അമേഠിയാകട്ടെ ലോക്സഭാഫലം പോലെ ബിജെപിക്കനുകൂലമാവുകയും ചെയ്തു.
ന്യൂനപക്ഷങ്ങള്‍ നിര്‍ണായകമായ കേരളത്തില്‍ പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയ്ക്ക് ചലനം സൃഷ്ടിക്കാനായില്ല. അവര്‍ പ്രചരണം നടത്തിയിടത്തെല്ലാം യുഡിഎഫ് തോല്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന യുപിയിലെ പരാജയം കൂടിയായതോടെ പ്രിയങ്കയുടെ നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഇനിയെന്ത് എന്നതാണ് നെഹ്റു കുടുംബത്തെ അലട്ടുന്നത്. തക്കം പാര്‍ത്തിരുന്ന പാര്‍ട്ടിയിലെ വിമത ശബ്ദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ചരിത്രപരമായ, അനിവാര്യമായ പതനത്തെയാണ് കോണ്‍ഗ്രസും നെഹ്റു കുടുംബവും അഭിമുഖീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: