തിരുവനന്തപുരം: ഏഴു ഗോള്‍ഡ് മെഡലുകള്‍ ഉള്‍പ്പെടെ 13 അവാര്‍ഡുകള്‍ ഏറ്റുവാങ്ങി ഡോ ഗോമതി ആരതി വേദി വിടുമ്പോള്‍ സദസില്‍ കരംഘാഷം അതിന്റെ പാരമ്യതയിലെത്തിയിരുന്നു. കഠിനപ്രയത്നം സമ്മാനിച്ച മധുരതരമായ നിമിഷം ആ കൊച്ചുമിടുക്കിയുടെ ആത്മാഭിമാനം വാനോളമുയര്‍ന്ന സന്ദര്‍ഭം കൂടിയായിരുന്നു അത്. പഠിപ്പിച്ച അധ്യാപകരും രക്ഷിതാക്കളും സഹപാഠികളുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഡോ ആരതിയെ അഭിനന്ദനങ്ങള്‍ കൊണ്ടു വീര്‍പ്പുമുട്ടിക്കുകയായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 2020, 2021 വര്‍ഷത്തെ പി ടി എ എന്‍ഡോവ്മെന്റ് അവാര്‍ഡ് ദാനച്ചടങ്ങിലാണ് 2020 അണ്ടര്‍ ഗ്രാജുവേറ്റ് വിഭാഗത്തില്‍ ഡോ ആരതി 13 അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്. 44 എന്‍ഡോവ്മെന്റ് അവാര്‍ഡുകളാണ് 2020-ല്‍ ആകെ സമ്മാനിച്ചത്. 2021 വര്‍ഷം അണ്ടര്‍ ഗ്രാജുവേറ്റ് വിഭാഗത്തില്‍ 26 അവാര്‍ഡുകളും പോസ്റ്റ് ഗ്രാജുവേറ്റ് വിഭാഗത്തില്‍ ആറു അവാര്‍ഡുകളും നല്കി. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ പഠന മികവിന് പി ടി എ വര്‍ഷങ്ങളായി എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍ നല്കി വരുന്നു.
ആരോഗ്യ മന്ത്രി വിണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടന പ്രസംഗം നടത്തുകയും അവാര്‍ഡ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. നിരവധി ആള്‍ക്കാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്നതിന് പര്യാപ്തമായ ഒരു മേഖലയാണ് ആരോഗ്യ രംഗമെന്നും അര്‍പ്പിതമായ തൊഴിലിന്റെ മാനുഷിക മൂല്യങ്ങള്‍ പുലര്‍ത്തി മുന്നോട്ടു പോകാന്‍ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു. മെഡിക്കല്‍ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന് അധ്യക്ഷനായി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ ആശാ തോമസ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ഡി ആര് അനില്‍, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ ബി പി രാജ്മോഹന്‍, പി ടി എ പ്രസിഡന്റ് അഡ്വ പി രാജേന്ദ്രന്, വൈസ് പ്രസിഡന്റ് ജോളി ജോബ് എന്നിവര്‍ സംസാരിച്ചു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ സാറാ വര്‍ഗീസ് സ്വാഗതവും പി ടി എ സെക്രട്ടറി ഡോ കവിതാ രവി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: