ന്യൂദല്‍ഹി: യുദ്ധം തുടങ്ങും മുമ്പ് നാലായിരം വിദ്യാര്‍ഥികള്‍ ഉക്രൈനില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയതായി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. കേന്ദ്ര സര്‍ക്കാര്‍ ഫെബ്രുവരി 15നാണ് മടങ്ങാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ആദ്യ നിര്‍ദേശം നല്‍കിയത്. അതിന് ശേഷം രണ്ട് സര്‍ക്കുലറുകള്‍ കൂടി ഇറക്കിയിരുന്നു. ഇതനുസരിച്ച് നാലായിരത്തിലേറെ ഇന്ത്യക്കാര്‍ യുദ്ധം തുടങ്ങും മുമ്പ് മടങ്ങിയെത്തി. വിദേശകാര്യമന്ത്രാലയത്തിന്റെ സര്‍ക്കുലറുകള്‍ വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാല അധികൃതരും ഗൗരവമായി എടുത്തില്ലെന്നും സര്‍വ്വകലാശാലകള്‍ കുട്ടികളെ ഉക്രൈന് വിടാന്‍ അനുവദിച്ചില്ലെന്നും പീയൂഷ് ഗോയല്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ പാര്‍ട്ടികള്‍ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളെ സമാധാനിപ്പിക്കുന്നതിന് പകരം തെറ്റായ പ്രചാരണം നടത്തിയെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഓപ്പറേഷന് ഗംഗ വഴി ഉക്രൈനില്‍ നിന്നെത്തിയ 18,500 വിദ്യാര്‍ത്ഥികളുടെ വീടുകള്‍ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് സഹായങ്ങള്‍ ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി ലോകരാജ്യങ്ങള്‍ക്ക് ഉക്രൈനില്‍ നിന്ന് സ്വന്തം പൗരന്മാരെ രക്ഷിക്കാനാകാതെ വന്ന സമയത്താണ് ഇന്ത്യ സ്വന്തം പൗരന്മാരെ ധീരമായി രക്ഷപ്പെടുത്തിയത്. അയല്‍രാജ്യങ്ങള്‍ വഴി ആദ്യദിനം മുതല്‍ ഇന്ത്യ രക്ഷാപ്രവര്‍ത്തനം
ശക്തമാക്കി. വിദ്യാര്‍ത്ഥികളെ മാത്രമല്ല അവരുടെ വളര്‍ത്തുമൃഗങ്ങളെയും ഇന്ത്യ സുരക്ഷിതമായി തിരികെ എത്തിച്ചു. പാകിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ അയല്‍രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: