പത്മജ എസ്. മേനോന്
രണ്ടായിരത്തി ഒമ്പതില്‍ ആദ്യമായി വാരാണസിയിലെത്തുമ്പോള്‍ ഇതായിരുന്നില്ല അനുഭവം. വൃത്തിഹീനമായ ഇടുങ്ങിയ റോഡുകളും കാശി വിശ്വനാഥക്ഷേത്ര പരിസരങ്ങളും മലിനമായ ഗംഗാനദിയും. എന്റെ അമ്മൂമ്മ പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു, ‘മരിക്കാന്‍ കിടക്കുമ്പോള്‍ ഇത്ര മലിനമായ ഗംഗാജലം തരല്ലേ മോളേ. തിളപ്പിച്ചാറ്റിയ വെള്ളം തുളസി ഇലയില്‍ ഇറ്റിച്ച് നല്കിയാല് മതിയെന്ന്’. ആ വാക്കുകളില്‍ നിന്നും ഹിന്ദുക്കളുടെ പവിത്രഭൂമിയായ കാശിവിശ്വനാഥ പരിസരത്തെ സാഹചര്യം ഊഹിക്കാമല്ലോ. ഇക്കുറി യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാണ് വാരാണസിയില്‍ എത്തിയത്. എവിടെയും മാറ്റങ്ങള്‍ പ്രകടമായിരുന്നു. അന്ന് ചെറിയ വിമാനങ്ങള്‍ മാത്രം ഇറങ്ങിയിരുന്ന ഒരു കുഞ്ഞന്‍ എയര്‍പോര്‍ട്ട് ആയിരുന്നെങ്കില്‍ ഇന്നത് ലോകോത്തര നിലവാരത്തിലെത്തിയിരിക്കുന്നു. ചുറ്റും പൂന്തോട്ടം. വീതിയേറിയ റോഡുകള്‍…
ബഡാ ഗാവിലായിരുന്നു ഞങ്ങളുടെ പ്രവര്‍ത്തനം. തീര്‍ത്തും ഗ്രാമപ്രദേശം. പട്ടാണിപ്പയര്‍, കടല തുടങ്ങിയവയുടെ കൃഷിയിടങ്ങളാണ് ചുറ്റും. കാര്‍ഷിക ബില്ലിനെ തുടര്‍ന്ന് യുപിയില്‍ ഉണ്ടായ കോലാഹലങ്ങളൊന്നും ഗ്രാമീണരെ അലട്ടിയിട്ടേയില്ല. അതേക്കുറിച്ച് പറയുമ്പോള്‍ അവര്‍ പരസ്പരം നോക്കി ചിരിക്കുന്നതായാണ് തോന്നിയത്, ഇവിടെ നമ്മള് ടിവിയില്‍ കണ്ട പരാക്രമങ്ങള്‍ ഒന്നും ആ നാട്ടുകാരെ ബാധിച്ചിട്ടില്ല.
യോഗിഭരണത്തില്‍ ഭൂരിപക്ഷംപേരും സന്തുഷ്ടരാണ്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍. ഹൈസ്കൂളുകളിലും കോളജുകളിലും പഠിക്കാനുള്ള സാഹചര്യമൊരുങ്ങിയതുതന്നെ ഇപ്പോഴാണ്. കുറച്ചു വര്‍ഷങ്ങള്‍ മുമ്പുവരെ 15-16 വയസില്‍ വിവാഹം കഴിപ്പിച്ച് അയച്ചിരുന്ന അവസ്ഥയായിരുന്നു. ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും ശല്യം അവരെ ഭയപ്പെടുത്തിയിരുന്നു. യോഗി ആദിത്യനാഥ് നടപ്പാക്കിയ ആന്റി റോമിയോ സ്ക്വാഡ് പെണ്‍കുട്ടികള്‍ക്ക് അഭിമാനം പകര്‍ന്നു.
കാര്‍ ഓടിച്ചിരുന്ന യുവാവ് പറഞ്ഞത് പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായി കഴിയുമ്പോള്‍ അവരുടെ ഗ്രാമത്തില്‍ തന്നെയുള്ള പൂവാലന്മാരുടെ അതിക്രമം ഭയന്ന് അച്ഛനമ്മമാര്‍ അവരെ എത്രയും വേഗം വിവാഹം കഴിച്ചയയ്ക്കുകയായിരുന്നു എന്നാണ്. ഇന്ന് ശക്തമായ പോലീസ് ഇടപെടലുണ്ട്. ഇന്ന് ബഡാഗാവിലെ പെണ്‍കുട്ടികള്‍ ബിഎയ്ക്കും എംഎയ്ക്കും ഒക്കെ പഠിക്കുന്നു. ഭാവിയെക്കുറിച്ചും അവര്‍ക്ക് സ്വപ്നങ്ങളുണ്ട്. ബിഎ കഴിഞ്ഞു, ഇനി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ചെയ്ത് ഒരു കോച്ചാവണം എന്നാണ് ഒരു പെണ്‍കുട്ടി പറഞ്ഞത്. യോഗി സര്‍ക്കാര്‍ അവരെ നല്ല സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു. പെണ്‍കുട്ടികള്‍ അവരുടെ രക്ഷകനായി അവതരിച്ച ഒരു യുഗ പുരുഷനെപ്പോലെയാണ് യോഗിയെ കാണുന്നത്.
മോദി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളുടെ എല്ലാം പ്രായോജകര്‍ ആണ് അവിടുത്തെ ജനങ്ങള്‍. അഞ്ചര അടി പൊക്കത്തില്‍ കളിമണ്ണ് കൊണ്ടുണ്ടാക്കിയ ഇടുങ്ങിയ മുറികളെയാണ് ‘വീട് ‘ എന്ന് അവര്‍ വിളിച്ചിരുന്നത്. ആ ഒറ്റ മുറിയില്‍ തന്നെ ഒരു കട്ടിലുണ്ടാവും. പാചകവും ബാക്കി കാര്യങ്ങളും പുറത്തുതന്നെയാണ്. ആ അവസ്ഥയ്ക്കും മാറ്റമുണ്ടായി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പലര്‍ക്കും ഇന്ന് നല്ല കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള, ഇഷ്ടികമതിലുകളുള്ള വീടുകള്‍ ലഭിച്ചു. കുറച്ചുപേര്‍ക്ക് ഇനിയും കിട്ടാനുണ്ട്. അവര്‍ ആ വിഷമം മറച്ചുവച്ചില്ല. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുന്ന 2022 ഓടെ എല്ലാവര്ക്കും സ്വന്തം വീട് എന്ന വലിയ സ്വപ്നത്തില്‍ നിന്നാണ് പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയത്. പക്ഷേ കൊവിഡ് പ്രവര്‍ത്തനങ്ങളുടെ വേഗം കുറച്ചു. അത് മാറും എന്ന് അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. എന്നാല്‍ ഇത്രയധികം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന യുപി യിലെ എല്ലാവര്ക്കും വാക്സിന് ലഭിച്ചു എന്നത് ആഹ്ലാദം പകരുന്നതാണ്.
സ്ത്രീകള്‍ വിവിധ തരം കൈത്തൊഴിലുകളും ചെയ്യുന്നുണ്ട്. ഉല്പന്നങ്ങള്ക്ക് വിപണിയുമുണ്ട്. തുണിത്തരങ്ങള്‍ക്ക് മുത്ത് പിടിപ്പിക്കുന്ന വേലകള്‍, രുദ്രാക്ഷമാല തീര്‍ക്കുന്നവര്‍, കട്ടില് വരിയുന്ന ജോലി…. ഇങ്ങനെ പലതാണ് കൃഷിയിടങ്ങളില്‍ നിന്നുള്ളതിനൊപ്പമുള്ള വരുമാനമാര്‍ഗം. ജനങ്ങളില്‍ ഭൂരിപക്ഷവും കൃഷിക്കൊപ്പം കൈത്തൊഴിലും ശീലമാക്കിയവരാണ്. യുപി മാറിയിരിക്കുന്നു. നഗരവികസനം മാത്രമല്ല ആത്മാഭിമാനം പേറുന്ന ഗ്രാമജീവിതവും ആ നാടിന്റെ കരുത്തായി തീരുന്നു എന്നതാണ് കാഴ്ചകള്‍ നല്കുന്ന പാഠം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: