ശാസ്താംകോട്ട: കൊല്ലം ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന ശൂരനാട്ടെ ഏലാകളില്‍ പരിസ്ഥിതിഘടനയെ തകിടം മറിക്കുന്ന തരത്തില്‍ ആഴത്തിലുള്ള ചെളിയെടുപ്പ് വ്യാപകം. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് റവന്യു വകുപ്പും പോലീസും ചേര്‍ന്ന് നടത്തിയ റെയിഡില്‍ ചെളി കടത്താന്‍ ഉപയോഗിച്ച 31 വള്ളങ്ങള്‍ പിടിച്ചെടുത്തു. വില്‍പ്പനക്കായി വാരിക്കൂട്ടിയിരുന്ന ലോഡുകണക്കിന് ചെളിയും കണ്ടുകെട്ടി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കുന്നത്തൂര്‍ തഹസില്‍ദാര്‍ എം.നിസ്സാം, ശൂരനാട് എസ്ഐ സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പന്ത്രണ്ട് മുറി, പുലിക്കുളം പ്രദേശത്തെ മണലില്‍ പുഞ്ചയില്‍ വ്യാപക റയിഡ് നടന്നത്. ഒരു കാലത്ത് സമൃദ്ധമായി ഇരുപ്പൂ നെല്‍കൃഷി നടന്നിരുന്ന പുഞ്ച ഇന്ന് ചെളിയെടുപ്പ് മാഫിയാസംഘങ്ങളുടെ പിടിയിലാണ്. ഇഷ്ടിക ചൂളക്ക് വില്ക്കാന് പാകത്തിനുള്ള ചെളി നിറഞ്ഞതാണ് പുഞ്ചപ്പാടം. ഇഷ്ടികവിപണിയില് ചെളിയുടെ വന്‍ ഡിമാന്റ് മുന്നില്‍ കണ്ട് ചൂള ഉടമകളും ഇടനിലക്കാരും വ്യാപകമായി പാടങ്ങള്‍ വാങ്ങിക്കൂട്ടി. തുടര്‍ന്നാണ് ചെളി എടുപ്പ് തുടങ്ങിയത്. തുടര്‍ന്ന് പാടം തുരന്ന് അഴത്തില്‍ ചെളിയെടുക്കാന്‍ തുടങ്ങി. ഇതോടെ പുതിയ ഇഷ്ടിക കമ്പനികളും പുഞ്ചയുടെ തീരങ്ങളില്‍ തുടങ്ങി.
ആദായവിലയില്‍ ആവശ്യത്തിന് ചെളി ലഭിക്കാന്‍ തുടങ്ങിയതോടെ ചൂള ഉടമകള്‍ക്ക് ചാകരയായി. പള്ളിക്കലാറിന്റെ തീരത്തുള്ള മണലില്‍ പുഞ്ചയില്‍ നിന്നും ആഴത്തിലുള്ള ചെളിയെടുപ്പ് വ്യാപകമായതോടെ പരിസ്ഥിതി ഘടന താറുമാറായി. മഴക്കാലത്ത് ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ജലം തീരത്തുള്ള പുഞ്ചയിലേക്ക് ഇരച്ചു കയറും. തീരപ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലാകും. ജനങ്ങളുടെ വ്യാപക പരാതിയെ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ പോലീസ്, റവന്യു സംഘം ഇവിടെ റെയിഡിനെത്തിയത്.
നാട്ടുകാരുടെ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ രാത്രി കാലങ്ങളിലാണ് ചെളി എടുപ്പ് നടക്കുന്നത്. പുലര്‍ച്ചെ അവസാനിക്കും. ഇന്നലെ നടന്ന റെയിഡില്‍ പിടിച്ചെടുത്ത വള്ളങ്ങള്‍ റവന്യു ഉദ്യോഗസ്ഥര്‍ തന്നെ ചങ്ങലയിട്ട് പൂട്ടി. തഹസില്‍ദാരെയും എസ്ഐയെ കൂടാതെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയകൃഷ്ണന്, ശൂരനാട് വടക്ക് വില്ലേജ് ഓഫീസര്‍ മിനി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: