ഷാര്‍ജ: ഈ വര്‍ഷത്തെ വനിതാദിനത്തിന് ഒരു കൃത്യമായ സന്ദേശമുണ്ട്. യുണൈറ്റഡ് നേഷന്‍സ് മുന്നോട്ടുവച്ച ‘സുസ്ഥിരമായ ഭാവിക്കായി പക്ഷപാതമില്ലാതെ ലിംഗ സമത്വം ഉറപ്പാക്കാം ‘ എന്ന തീം ആണത്. എന്നാല്‍ ശാരീരികാധ്വാനം ഏറ്റവും കൂടുതല്‍ ആവശ്യമായ ജോലികളില്‍ നിന്ന് വനിതകളെ ഒഴിവാക്കുക എന്നത് ഇപ്പോഴും ഒരു അലിഖിത നിയമമായി പല മേഖലകളും പിന്തുടരുന്നു . ഈ അവസ്ഥയാണ് ഈ വനിതാദിനത്തില്‍ മാറുന്നത്. ഇതുവരെ ആഗോളതലത്തില്‍ത്തന്നെ പൂര്‍ണ്ണമായും പുരുഷകേന്ദ്രീകൃതമായിരുന്ന ‘റോപ്പ് ആക്സസ് സര്‍വ്വീസ് ‘ മേഖലയില്‍ ജോലി ചെയ്യുവാനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് പത്തൊന്‍പത് വയസ്സ് മാത്രം പ്രായമുള്ള ഈ പെണ്‍കുട്ടി കരസ്ഥമാക്കിയിരിക്കുന്നത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിയാണ് അതുല്യയ്ക്ക് ‘ഏരിസ് റോപ്പ് ആക്സസ് ടീമിന്റെ ‘ ഭാഗമായി ഇനിമുതല്‍ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യാനാകും.
ഏറ്റവും ഉയരത്തിലുള്ള സ്ഥലങ്ങളില്‍ ചെന്നെത്തി ശാരീരികാധ്വാനം ഉപയോഗിക്കേണ്ടിവരുന്ന പ്രത്യേക സാഹചര്യങ്ങളില്‍ പ്രസ്തുത ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുക എന്നതാണ് റോപ്പ് ആക്സിസ് ടീം ചെയ്യുന്നത്. ഏത് ഉയരത്തിലും റോപ്പ്, അനുബന്ധ ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഏറ്റവും സുരക്ഷിതമായും സമയബന്ധിതമായും പൂര്‍ത്തിയാക്കേണ്ടത് റോപ്പ് അക്സസ് ടീമിന്റെ ബാധ്യതയാണ്. ഓയില്‍ ആന്‍ഡ് ഗ്യാസ്, സിവില്‍ കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിംഗ്, പെട്രോകെമിക്കല്‍ തുടങ്ങിയ മേഖലകളിലെ പ്രത്യേക ജോലികള്‍ക്കാണ് റോപ്പ് ആക്സിസ് ടീമിന്റെ പിന്തുണ വേണ്ടിവരിക. സുരക്ഷയുടെ കാര്യത്തില്‍ ഒരു ചെറിയ പിഴവു പോലും ഉണ്ടാകാത്ത വിധം ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ വളരെയധികം ശാരീരികക്ഷമത ആവശ്യമുള്ള ജോലി എന്ന നിലയില്‍ പുരുഷന്മാരെ മാത്രമാണ് ഇതിലേയ്ക്ക് ഇതുവരെ പരിഗണിച്ചിരുന്നത്.
ആ മേഖലയിലേക്ക് ഒരു സ്ത്രീക്ക് അവസരം നല്‍കുക എന്നത് വിപ്ലവകരമായ ഒരു തീരുമാനമാണെന്ന് ‘ഏരിസ് റോപ്പ് ആക്സസ് ‘ ട്രെയിനിങ് വിഭാഗം മേധാവിയും ഷാര്‍ജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ഡയറക്ടറുമായ ഷിജു ബാബു പറയുന്നു.
‘അതുല്യ ദിനേശ് പൂര്‍ത്തീകരിച്ചത് ‘ഐ.ആര്‍എ.ടി.എ ലെവല്‍ വണ്‍ സര്ട്ടിഫിക്കേഷന് ‘ ആണ്. ഒരു ട്വിന്‍ റോപ്പിലൂടെ കയറാനും ഇറങ്ങാനും ഉള്ള പരിശീലനം, റിഗ്ഗിങ്ങിലുള്ള സാങ്കേതിക പരിശീലനം, അപകട സാഹചര്യങ്ങളില്‍ കയര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങിയവയെല്ലാം ഈ പരിശീലനത്തിന്റെ ഭാഗമാണ്. കായികക്ഷമത അങ്ങേയറ്റം ആവശ്യമുള്ള മേഖലയായതിനാല്‍ പുരുഷന്മാര് മാത്രമാണ് ഈ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ സാധ്യമായ മേഖലകളിലെല്ലാം ലിംഗസമത്വം സാധ്യമാക്കുക എന്നത് ഏരിസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാനായ ഡോ സോഹന്‍ റോയിയുടെ പ്രത്യേക താല്പര്യവും നിലപാടുമാണ്. സാഹസികത ഏറെ ഇഷ്ടപ്പെടുന്ന അതുല്യ ഈ ജോലിക്ക് സ്വയം തയ്യാറായി മുന്നോട്ടു വന്നപ്പോള്‍ പരിശീലനം നല്കാന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.
ഏരിസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പ്രഭിരാജ് നടരാജനും ഈ നടപടിയ്ക്ക് എല്ലാ പിന്തുണയും നല്കി. ഞങ്ങളെയെല്ലാം അമ്പരപ്പിച്ച് വളരെ ഉന്നത നിലവാരത്തോടെയാണ് പരിശീലനം പൂര്‍ത്തിയാക്കി അതിന്റെ അന്താരാഷ്ട്ര സാക്ഷ്യപത്രം അതുല്യ കരസ്ഥമാക്കിയത്. ഇതോടുകൂടി ലോകത്ത് എവിടെയും അവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കും. ഇനിമുതല്‍ ഏരിസ് റോപ്പ് ആകസസ് ടീമില്‍ അതുല്യയും ഉണ്ടാവും. ഈ വനിതാദിനം ഞങ്ങളെ സംബന്ധിച്ച് ഇത്തരത്തില്‍ അങ്ങേയറ്റം സാര്‍ത്ഥകമാക്കാന്‍ സാധിച്ചതില്‍ ഒരുപാട് ചാരിതാര്‍ത്ഥ്യമുണ്ട്. ഇനിയും കൂടുതല്‍ പെണ്‍കുട്ടികളെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരുവാനാണ് ഞങ്ങളുടെ തീരുമാനം ‘ ഷിജു ബാബു പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന്റെ പാതയിലേക്ക് ഒരു ഗ്രാമത്തെ തന്നെ ഉയര്‍ത്തിക്കൊണ്ടുവന്ന് കോര്‍പ്പറേറ്റ് രംഗത്ത് മാതൃകയാവുകയാണ് ഏരിസ് ഗ്രൂപ്പ്. പുനലൂര്‍ ഗ്രാമത്തില്‍ ഗ്രൂപ്പിന്റെ പുതിയ ഓഫീസില്‍ തൊണ്ണൂറ്റിഒന്‍പത് ശതമാനം ജീവനക്കാരും സ്ത്രീകളാണ്. അതില്‍ ഭൂരിഭാഗവും വീട്ടമ്മമാരും. ഏരീസ് ഗ്രൂപ്പിന്റെ പതിനാറ് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അറുപതോളം സ്ഥാപനങ്ങളിലേയ്ക്ക് വേണ്ട ‘ഡോക്യുമെന്റെഷന്‍ സപ്പോര്‍ട്ട് ‘ ഫലപ്രദമായി നിര്‍വഹിക്കാനുള്ള പരിശീലനം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. സാമുദ്രിക രംഗത്ത് ലോകമെമ്പാടും പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളും ഇവരുടെ സഹായം ആവശ്യപ്പെടുന്നുണ്ട്. ഗ്രൂപ്പിലെ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഓഫീസ് എന്ന അംഗീകാരവും ഈ ഓഫീസ് നേടിയെടുത്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: