മാവേലിക്കര: നാടിന്റെ മഹോത്സവവമായ ചെട്ടികുളങ്ങര കുംഭഭരണി ഇന്ന്. പുലര്‍ച്ചെ അഞ്ചു മുതല്‍ വഴിപാടുകാരുടെ വീടുകളില്‍ നടന്ന കുത്തിയോട്ടങ്ങള്‍ ഘോഷയാത്രയായി ക്ഷേത്രത്തിലേക്കെത്തി തുടങ്ങി. 11 മണിയോടെ കുത്തിയോട്ടങ്ങള്‍ പൂര്‍ണമായി ക്ഷേത്രത്തില്‍ എത്തുച്ചേരുമെന്നാണ് പ്രതീക്ഷ. ഇത്തവണ എട്ടു കുത്തിയോട്ടങ്ങളാണുള്ളത്. പോലീസ്, റവന്യു, അഗ്‌നിശമനസേന, ആരോഗ്യ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി.
കായംകുളം, ചെങ്ങന്നൂര്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം. വൈകിട്ട് നാലു മുതല്‍ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്‌ക്കാവ് എന്നീ ക്രമത്തിലാണ് കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തിലേക്ക് ഇറങ്ങുക. രാത്രി ഏഴു മണിയോടെ കെട്ടുകാഴ്ചകള്‍ പൂര്‍ണമായും കാഴ്ചക്കണ്ടത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ഇതിന് അനുസൃതമായ നിര്‍ദേശങ്ങള്‍ കരകള്‍ക്ക് നല്‍കിയിട്ടുണ്ട്.
രാത്രിയുടെ രണ്ടാം യാമത്തില്‍ ഭഗവതി തണ്ടില്‍ എഴുന്നള്ളി തെക്കേ മുറ്റത്തെ വേലകളി ദര്‍ശിക്കും. തുടര്‍ന്ന് വടക്ക് വശത്ത് ക്ഷേത്രക്കുളത്തില്‍ എത്തി പീഠത്തില്‍ ഇരുന്ന് കുളത്തില്‍ വേല കാണും. തുടര്‍ന്ന് കെട്ടുകാഴ്ചകളുടെ മുന്നിലെത്തും. കെട്ടുകാഴ്ചകള്‍ക്ക് മുന്നില്‍ ലക്ഷ്മീതാളത്തില്‍ ചുവടു വച്ച് അനുഗ്രഹം നല്‍കിയ ശേഷം ശ്രീകോവിലിലേക്ക് തിരികെ എഴുന്നള്ളുന്നതോടെ കുംഭഭരണി ചടങ്ങ് പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: