”വേട്ടക്കാരവരുടെ കൈയ്യുകള്‍
വെട്ടും ഞാന്‍ കല്‍മഴുവോങ്ങി
മലതീണ്ടിയശുദ്ധം ചെയ്തവര്‍
തലയില്ലാതൊഴുകണമാറ്റില്‍”
കടമ്മനിട്ടയുടെതാണീ വരികള്‍. കവി കലാപത്തിന് കോപ്പു കൂട്ടുന്നുവെന്ന പരാതി ക്ഷണിച്ചു വരുത്തിയ കവിത. എന്നാല്‍ മണ്ണാര്‍ക്കാട്ടെ എസ്സി-എസ്ടി കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ അട്ടപ്പാടിയില്‍ അടിച്ചു കൊന്ന ആദിവാസി മധുവിന്റെ കേസ് പരിഗണിക്കുമ്പോള്‍ മജിസ്ട്രേറ്റ് രോഷാകുലനായി എവിടെ നിങ്ങളുടെ പ്രോസിക്യൂട്ടര്‍ എന്ന് ചോദിച്ചപ്പോള്‍ കടമ്മനിട്ടയുടെ വിവാദമായ അതേ വരികള്‍ ഇവിടെ പുനര്‍വായിക്കപ്പെടുകയാണ്. ഒരു കാലത്ത് നെറ്റി ചുളിച്ചവര്‍ കാലത്തിന്നു മുന്നേ നടന്ന കവിയുടെ വെളിപാടായിരുന്നു അതെന്ന് ഇന്ന് തിരിച്ചറിയുന്നു.
എവിടെ നിങ്ങളുടെ പ്രോസിക്യൂട്ടര്‍ എന്ന മജിസ്ട്രേറ്റിന്റെ ചോദ്യം ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ മര്‍മ്മത്താണ് ചെന്നുതറച്ചത്. കൈ പിടിച്ചുകെട്ടി വളഞ്ഞിട്ട് അടിച്ചു കൊല്ലുമ്പോഴും മധുവിന്റെ മുഖം നിര്‍വികാരമായിരുന്നു. കൊലയാളികള്‍ തന്നെ പോസ്റ്റ് ചെയ്ത ചിത്രം അതാണ് വിളിച്ചു പറഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞതോടെ കൊടിയുടെ നിറം നോക്കി തരാതരം പോലെ പ്രതികരിക്കാന്‍ ശീലിച്ച സാംസ്കാരിക നായകരും പതിവുപോലെ പിന്‍വാങ്ങി. മല പോലെ വന്ന പ്രതിഷേധം മഞ്ഞു പോലെ അലിഞ്ഞു തീര്‍ന്നു. മുഖ്യധാരാ പത്രങ്ങളുടെ ഒന്നാം പേജില്‍ വന്നു നിറഞ്ഞ വാര്‍ത്തകളും പതിയെ അപ്രത്യക്ഷമായി. അന്നും ആ കുടുംബത്തിന്റെ കണ്ണീരൊപ്പാനും ആത്മവിശ്വാസം പകരാനും ഓടിയെത്തിയത് ദേശീയ പ്രസ്ഥാനത്തിന്റെ വക്താക്കള്‍ മാത്രമായിരുന്നു .
രാഷ്ടീയ കേരളം സജീവമായി ചര്‍ച്ച ചെയ്ത ഈ കൊലക്കേസിന്റെ വിചാരണ ആരംഭിക്കുന്നത് തന്നെ നാലു വര്‍ഷത്തിന് ശേഷമാണ്. നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന കാഴ്ചപ്പാട് ഇവിടെ പ്രസക്തമാണ്. കൊല നടന്ന് ഒട്ടും വൈകാതെ 16 പ്രതികളും നിഷ്പ്രയാസം ജാമ്യത്തിലിറങ്ങി. അറിഞ്ഞിടത്തോളം നിര്‍ണ്ണായകമായ പല തെളിവുകളും ഇതുവരെ ഡോക്യുമെന്റ് ചെയ്തിട്ടുപോലുമില്ല. തെളിവുകളുടെ കണ്ണികള്‍ മുറുക്കി പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ആത്മാര്‍ഥമായ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. പ്രതികള്‍ സാക്ഷികളെ കോടതിയില്‍ വച്ചു പോലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നത് പതിവായി. ഇരകള്‍ വോട്ടുബാങ്കല്ല. ചോദിക്കാനും പറയാനും ആരുമില്ല. എന്തുമാവാമല്ലൊ? പൊതുഖജനാവ് കൊള്ളയടിച്ചവരെയും പൊതുമുതല്‍ കട്ടുമുടിച്ചവരെയും സംരക്ഷിക്കാന്‍ ജനങ്ങളുടെ ചെലവില്‍ ദല്‍ഹിയില്‍ നിന്ന് വന്‍ തുക ഫീസ് കൊടുത്ത് വക്കീലന്മാരെ നിയോഗിക്കുന്ന പിണറായി ഈ വിഷയത്തില്‍ കൈക്കൊണ്ട നിലപാട് പാവപ്പെട്ടവരോടുള്ള സിപിഎമ്മിന്റെ നിലപാടുതന്നെയാണ് വ്യക്തമാക്കുന്നത്.
ഈ കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ പ്രകടമാണ്. ആദ്യം പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചത് സംശയത്തിന്റെ നിഴലില്‍ നില്ക്കുന്ന വ്യക്തിയെ. മധുവിന്റെ ബന്ധുക്കള്‍ ഈ കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് വന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒരിക്കല്‍പ്പോലും കോടതിയില്‍ ഹാജരായില്ല. കേസ് അനന്തമായി നീളാനും അനാഥമാവാനും അതു കാരണമായി. അപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അന്വേഷണമോ നടപടിയോ ഉണ്ടായില്ല. അങ്ങനെ നീണ്ട കാലയളവിനു ശേഷം കേസ് കഴിഞ്ഞ നവംബര്‍ 15 ലേക്ക് വച്ചു. പ്രോസിക്യൂട്ടര്‍ അന്നും അവധിയായതിനാല്‍ ജനുവരി 25 ലേക്ക് നീട്ടി. പ്രതികള്‍ എല്ലാ സംവിധാനങ്ങളുമായി എത്തിയപ്പോഴും ജുഡീഷ്യറിയെ വെല്ലുവിളിച്ചുകൊണ്ട് പ്രോസിക്യൂട്ടര്‍ പതിവുപോലെ അന്നും അവിടെക്കു തിരിഞ്ഞു നോക്കിയില്ല. ഈ സാഹചര്യത്തിലാണ് മജിസ്ട്രേറ്റ് ക്ഷുഭിതനായി എവിടെ നിങ്ങളുടെ പ്രോസിക്യൂട്ടര്‍ എന്ന് ചോദിക്കുന്നത്. വിഷയം ചര്‍ച്ചയാവുകയും സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അന്വേഷണമായി. പ്രോസിക്യൂട്ടര്‍ ഇപ്പോള്‍ പറയുന്നത് അതിലേറെ വിചിത്രമായ കാര്യമാണ്. താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നേരത്തെ തല്‍സ്ഥാനത്തുനിന്നു ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്ന്. പ്രതികളെ രക്ഷിക്കാന്‍ അട്ടപ്പാടി കേസിലെന്ന പോലെ സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നതിന്ന് ഇതില്‍പ്പരം ഒരു തെളിവ് ആവശ്യമില്ല. ഉത്തരവാദപ്പെട്ടവരുടെ നിരുത്തരവാദപരമായ ഈ നിലപാടാണ് കാര്യങ്ങള്‍ ഇവിടം വരെയെത്തിച്ചത് .
ഏറെ സാമൂഹ്യ പ്രാധാന്യമുള്ള ഒരു കേസാണിത്. പല കാലഘട്ടങ്ങളിലായി പലവിധ കാരണങ്ങളാല്‍ ക്രൂരമായി പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയാണ് ഇവിടെ ഇരയാക്കപ്പെട്ടിരിക്കുന്നത്. ശക്തമായ തെളിവുകളും ശാസ്ത്രീയമായ അന്വേഷണവും പോലും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെടുന്ന കാലഘട്ടത്തില്‍ ഈ കേസ് എവിടെയെത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: