കീവ്: റഷ്യന്‍-ഉക്രൈന് യുദ്ധം ഒരാഴ്ച പിന്നിട്ടതോടെ ജീവന് കൈയില്‍ പിടിച്ച് അതിര്‍ത്തികള്‍ താണ്ടി രക്ഷപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ബുധനാഴ്ച വൈകിട്ടു വരെ എട്ടര ലക്ഷം പേരാണ് അയല്‍രാജ്യങ്ങളില്‍ അഭയം തേടിയതെങ്കില്‍ ഇന്നലെയോടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു.
വെറും 4.41 കോടി ജനങ്ങള്‍ മാത്രമുള്ള ഉക്രൈനിലെ പത്തുലക്ഷം പേര് ഉടുതുണിക്ക് മറുതുണിപോലുമില്ലാത്തവരായിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതോടെ അഭയാര്‍ഥികളുടെ എണ്ണം ഭയാനകമാം വിധം ഉയരുമെന്നാണ് അഭയാര്‍ഥികള്‍ക്കു വേണ്ടിയുള്ള യുഎന്‍ ഏജന്‍സി പറയുന്നത്. ഇങ്ങനെ പോയാല്‍ നാല്‍പ്പതു ലക്ഷം ഉക്രൈനികള്‍ എങ്കിലും അഭയാര്‍ഥികളാകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് വക്താവ് ജോങ്ങ് ഖെഡിനി വില്യംസ് പറഞ്ഞു.
അഭയാര്‍ഥി പ്രവാഹം തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധി ഉക്രൈനില്‍ നിന്നുള്ളതായിരിക്കും, മറ്റൊരു വക്താവ് ഷബീബ മന്ടൂ പറഞ്ഞു. ഇപ്പോള്‍ സിറിയന്‍ അഭയാര്‍ഥികളാണ് ലോകത്തേറ്റവും കൂടുതല്‍, 56 ലക്ഷം. 2011മുതല്‍ ഇതുവരെയായി, ആഭ്യന്തര യുദ്ധം മൂലം സിറിയ വിട്ടവരുടെ കണക്കാണിത്.
ഉക്രൈനില്‍ നിന്ന് പോളണ്ടില്‍ മാത്രം എത്തിയത് 5.75 ലക്ഷം പേരാണ്. ബുധനാഴ്ച 95,000 പേര് അതിര്‍ത്തി കടന്നുവെന്ന് അതിര്‍ത്തി സേന പറയുന്നു. റൊമാനിയ, സ്ലൊവാക്യ, ഹംഗറി, മോള്‍ദോവ എന്നിവിടങ്ങളിലേക്ക് മാത്രമല്ല റഷ്യയിലേക്കും ബെലാറസിലേക്കും വരെ ഉക്രൈനികള്‍ കൈയില്‍ കിട്ടിയതെല്ലാമെടുത്ത് പലായനം ചെയ്യുന്നുണ്ട്. ഏറ്റവും അധികം പേര് എത്തിയിരിക്കുന്നതാണ് പോളണ്ടില്‍. ഹംഗറി 139686, മോള്‍ദോവ 97827, സ്ലോവാക്യ 72200, റൊമാനിയ 51,261 റഷ്യ 47,800 ബെലാറസ് 357 എന്നിങ്ങനെയാണ് ഇതുവരെ ഇതര രാജ്യങ്ങളില്‍ എത്തിയവര്‍.
തണുത്തുറയുന്ന കാലാവസ്ഥയില്‍ 15 കിലോമീറ്റര്‍ നീളത്തിലുള്ള ക്യൂവില്‍, 60 മണിക്കൂറും അതിലേറെയും നിന്നിട്ടാണ് ഇവര്‍ പോളണ്ടിലേക്ക് കടക്കുന്നത്. റൊമാനിയയിലേക്ക് കടക്കാനും 20 മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ട അവസ്ഥയുണ്ട്.
അയല്‍രാജ്യങ്ങള്‍ പണം നല്‍കും; ബ്രിട്ടനിലും പോകാം
അയല്‍രാജ്യങ്ങളില്‍ ബന്ധുക്കളോ സൃഹുത്തുക്കളോ ഉള്ളവര്‍ക്ക് അവിടങ്ങളിലേക്ക് പോകാം. ഇല്ലെങ്കില്‍ അയല്‍രാജ്യങ്ങളിലെ റിസപ്ഷന് കേന്ദ്രങ്ങളില്‍ കഴിയാം. അവിടങ്ങളില്‍ അഭയാര്‍ഥികള്‍ക്ക് ആഹാരവും വൈദ്യശുശ്രൂഷയും ലഭിക്കും.
ഹംഗറിയും റൊമാനിയയും ഭക്ഷണത്തിനും വസ്ത്രത്തിനും പ്രത്യേക അലവന്‍സ് നല്‍കും. കുട്ടികളെ പ്രാദേശിക പള്ളിക്കൂടങ്ങളില്‍ ചേര്‍ക്കാം. അഭയാര്‍ഥി കാമ്പുകളില്‍ കഴിയുന്നതിന് നിശ്ചിത ദിവസങ്ങളാണ് നേരത്തെ അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ സമയപരിധിയൊന്നുമില്ല. എത്ര നാള് വേണമെങ്കിലും കഴിയാം. ചെക്ക് റിപ്പബഌക് ഇവര്‍ക്കുള്ള വിസ നടപടികള്‍ ലളിതമാക്കി. രണ്ടു ലക്ഷം പേര്‍ക്ക് അഭയം നല്‍കാമെന്ന് ബ്രിട്ടന് വ്യക്തമാക്കിയിട്ടുണ്ട്.
യൂറോപ്യന്‍ യൂണിയനില്‍ മൂന്നു വര്‍ഷം വരെ
അഭയാര്‍ഥികള്‍ക്ക് വലിയ പദ്ധതികളാണ് യൂറോപ്യന്‍ യൂണിയന് തയ്യാറാക്കുന്നത്. യൂണിയനിലെ 27 രാജ്യങ്ങളില്‍ മൂന്നു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനുമുള്ള അനുമതി നല്കാന് ഒരുങ്ങുകയാണ്. വീട്, ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയും ഇതര സാമൂഹ്യ പദ്ധതികളുടെ പ്രയോജനവും അവര്‍ക്ക് ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: