കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ജി. സുധാകരനെ ഒഴിവാക്കി. സംസ്ഥാന സമിതിയില്‍ 75 വയസെന്ന പ്രായ പരിധി കര്‍ശനമാക്കുമെന്ന തീരുമാനത്തിനിടെ 75 വയസ്സുള്ള ജി സുധാകരന് ഇളവു ലഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് പാര്‍ട്ടി സെക്രട്ടറികക്ക് കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന സമതിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 75 വയസെന്നതില് ഇളവ് പിണറായി വിജയന് മാത്രം നല്കിയാല് മതിയെന്നാണ് തീരുമാനം.
സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹം ഇല്ലെന്നു വ്യക്തമാക്കി പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും ആണ് സുധാകരന് കത്ത് നല്‍കിയത്. എന്നാല്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കാന്‍ ആകില്ല എന്ന നിലപാടില്‍ ആയിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കേന്ദ്ര കമ്മിറ്റി തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മറ്റിയിലെ അംഗങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചത്. 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്തം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചിരുന്നു.
ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ജി സുധാകരന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ചാരുംമൂട് ഏരിയ കമ്മിറ്റിയിലെ പ്രതിനിധികള്‍ പടനിലം സ്കൂളുമായി ബന്ധപ്പെട്ട കോഴ വിഷയത്തില്‍ ആരോപണവിധേയനായ കെ.രാഘവനെ ജി.സുധാകരന് പിന്തുണച്ചുവെന്നായിരുന്നു പ്രതിനിധികളുടെ ആരോപണം. സുധാകരന്റെ സ്വന്തം തട്ടകമായ അമ്പലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികളും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എച്ച്.സലാമിനെ തോല്‍പ്പിക്കാന്‍ നോക്കി എന്നായിരുന്നു അമ്പലപ്പുഴയിലെ പ്രതിനിധിയുടെ വിമര്‍ശനം. അധികാര മോഹിയാണ് സുധാകരന് എന്നായിരുന്നു മാവേലിക്കരയിലെ പ്രതിനിധിയുടെ വിമര്‍ശനം. ഇതിന് പിന്നാലെയാണ് സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: