സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തവണ കണ്ണൂരിലാണ്. അതിന്റെ ഭാഗമായി സംസ്ഥാന സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ കണ്ട് ഹൈക്കോടതി പോലും നടുങ്ങി. ഇനി പാര്‍ട്ടി കോണ്‍ഗ്രസിന്റെ മോടിയും വെടിപ്പും എങ്ങിനെയാകുമെന്ന് പറയേണ്ടതില്ലല്ലോ.
കണ്ണൂര്‍ സമ്മേളനത്തിന്റെ കവാടത്തിന്റെ ചിത്രം പുറംലോകം അറിഞ്ഞു കഴിഞ്ഞു. ദല്‍ഹിയിലെ ചെങ്കോട്ടയാണ് പുനഃപ്രതിഷ്ഠിക്കുന്നത്. ‘ആഫ്ടര്‍ നെഹ്റു ഇഎംഎസ്’ എന്ന പഴയ മുദ്രാവാക്യം ഓര്‍ത്തുപോവുകയാണ്. ചെങ്കോട്ടയില്‍ നെഹ്റുവിന് ശേഷം പതാക ഉയര്‍ത്തുന്നത് ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട് എന്ന് സഖാക്കള്‍ പാടി നടന്ന കാലം. അന്ന് ഇന്ത്യയിലെ രണ്ടാമത്തെ കക്ഷിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇന്ന് അതിന്റെ സ്ഥാനം എത്രയാണെന്ന് ഒരു നിശ്ചയം പോലുമില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യേകിച്ച് സിപിഎം മെലിഞ്ഞ് മെലിഞ്ഞ് വല്ലാതെ വികൃതമായിപ്പോയി. 34 വര്‍ഷം പശ്ചിമബംഗാള്‍ അടക്കി ഭരിച്ചത് ഇപ്പോള്‍ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. ഒരു സീറ്റുപോലും അവിടെ ഇല്ലാതായിരിക്കുന്നു എന്നു പറഞ്ഞാല്‍ അതിന്റെ ആഘാതം ചെറുതല്ല. പിന്നെ അധികാരം വച്ച് അനുഭവിച്ച സംസ്ഥാനം ത്രിപുരയായിരുന്നല്ലൊ. അവിടെയും ബിജെപിയാണ് ഇപ്പോള്‍ ഭരിക്കുന്നത്. സഹിക്കാന്‍ കഴിയുമോ ഇതൊക്കെ.
അധികാരത്തിലെത്തിയില്ലെങ്കിലും മഹാരാഷ്ട്രയും ആന്ധ്രയും ബീഹാറും തമിഴ്നാടും പഞ്ചാബുമെല്ലാം ഏറെ പ്രതീക്ഷയോടെ കണ്ട സംസ്ഥാനങ്ങളായിരുന്നല്ലൊ. അവിടത്തെ കഥയൊന്നും വിസ്മരിക്കുന്നില്ല. ദല്‍ഹി പാര്‍ട്ടി ആസ്ഥാനത്തെ ചുമതലക്കാരനായിരുന്നു പോളിറ്റ് ബ്യൂറോ അംഗം പി. സുന്ദരയ്യ. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല ആന്ധ്രയിലേക്ക് മാറ്റിയത് എന്തിനായിരുന്നു എന്നല്ലെ. പാര്‍ട്ടി അവിടെ അധികാരത്തിലേറാന്‍ പോകുന്നു. അതിന് പറ്റിയ മുഖ്യമന്ത്രി വേണമല്ലോ എന്ന കണക്കുകൂട്ടലായിരുന്നു. പറഞ്ഞിട്ടെന്ത് ഫലം. എല്ലാം തകര്‍ന്നു തരിപ്പണമായി.
കോണ്‍ഗ്രസില്‍ നുഴഞ്ഞുകയറി അധികാരം പിടിക്കാന്‍ പദ്ധതിയിട്ടു. ഒട്ടനവധി നേതാക്കള്‍ അങ്ങനെ കോണ്‍ഗ്രസിലെത്തി. നിര്‍ഭാഗ്യമെന്ന് പറയട്ടെ. അതും പൊളിഞ്ഞുപോയി. നന്ദിനി സത്പതി, കൃഷ്ണകാന്ത് തുടങ്ങിയ നേതാക്കള്‍ മോഹിച്ചിരുന്നതല്ലാതെ മറ്റൊന്നും നടന്നില്ല. ഇനിയിപ്പോള്‍ അവശേഷിക്കുന്നത് കേരളമാണ്. കേരളത്തിലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസ്ഥ കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനവും സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവുമെല്ലാം കോണ്‍ഗ്രസ് വിരുദ്ധമായിരുന്നു.
ബിജെപി ഭരണത്തില്‍ സംഘപരിവാര്‍ ശക്തികള്‍ അഴിഞ്ഞാടുകയാണെന്നാണ് മുഖ്യമന്ത്രി എഴുതി പിടിപ്പിച്ചത്. കോര്‍പ്പറേറ്റ് താത്പര്യം സംരക്ഷിക്കുന്നതിനൊപ്പം വര്‍ഗീയത കൂടി വ്യാപിപ്പിക്കുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ അജണ്ട എന്നും ആക്ഷേപിച്ചിരിക്കുന്നു. ഹരിദ്വാറിലെ ധര്‍മ്മസന്‍സദ് ഒടുവിലത്തെ ഉദാഹരണമാണ്. ഹിന്ദു രാഷ്ട്രം എന്ന പ്രഖ്യാപിത ലക്ഷ്യം സ്ഥാപിക്കാന്‍ ആഹ്വാനം ചെയ്താണ് ധര്‍മ്മസന്‍സദ് സമാപിച്ചതെന്ന് വിലയിരുത്തിയ പിണറായി കടുത്ത ഭാഷയിലാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയത്. വര്‍ഗ്ഗീയതയുടെ പുതിയ ആഖ്യാനം സൃഷ്ടിച്ച് ബിജെപിയോട് മത്സരിക്കുകയാണവര്‍. മാധ്യമങ്ങളാകട്ടെ ലജ്ജാകരമായി നിശബ്ദതയിലുമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
എന്നാല്‍ കണ്ണൂരില്‍ നടക്കാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊള്ളാന്‍ പോകുന്ന നയം എന്തെന്ന് വ്യക്തമാകുന്നതായിരുന്നു എറണാകുളത്ത് കണ്ടത്. എറണാകുളം സമ്മേളനം ഉദ്ഘാടനം ചെയ്തത് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയാണ്. യച്ചൂരി കോണ്‍ഗ്രസിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. സിപിഎം സ്വയം ശക്തി പ്രാപിക്കേണ്ടതും ഇടത് ഐക്യം എടുത്തു പറഞ്ഞും വാചാലനായ യച്ചൂരി കോണ്‍ഗ്രസ് നിലപാടുകളെ പൂര്‍ണമായും അവഗണിച്ചു. ബിജെപിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുക എന്നത് തെരഞ്ഞെടുപ്പിലൂടെ മാത്രം സാധ്യമാകുന്നതല്ലെന്ന നിലപാടിലായിരുന്നു. സ്വയം ശക്തമാകുന്നതിനൊപ്പം ബിജെപി വിരുദ്ധ വോട്ടുകള്‍ പരമാവധി സമാഹരിക്കാനും കഴിയണം. അര്‍ത്ഥം വ്യക്തം കോണ്‍ഗ്രസ് പാര്‍ട്ടിക്കായ് വെറുതെ ഒരു പാര്‍ട്ടി കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: