മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കാനാവില്ലെന്ന് നഗരസഭാ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയായി. വിദഗ്ധസമിതി കണ്ടെത്തിയ കാര്യങ്ങള്‍ പരിഹരിക്കുന്ന മുറയ്ക്ക് മത്സ്യമാര്‍ക്കറ്റിന് അനുമതി നല്‍കാമെന്ന് യോഗത്തില്‍ ചെയര്മാന് സി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
മത്സ്യമാര്‍ക്കറ്റില്‍ മതിയായ ശുചിമുറികള്‍ ഇല്ല. എട്ടു ശുചിമുറികള്‍ എങ്കിലും വേണം. എന്നാല്‍ ഇത് സ്ഥാപിച്ചിട്ടില്ല. മത്സ്യ മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ വെളിച്ച സൗകര്യം ഉറപ്പുവരുത്തിയിട്ടില്ല. 15 വൈദ്യുതി കാലുകളില്‍ വെളിച്ചം ഉറപ്പുവരുത്തേണ്ടതാണ്. ഇത് പാലിച്ചിട്ടില്ല.മാര്‍ക്കറ്റിന്റെ അതിരുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി താലൂക്ക് സര്‍വ്വേയില്‍ നിന്നും പുതിയ സ്കെച്ച് ഹാജരാക്കേണ്ടതാണ്. അത് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
മഴക്കാലത്ത് കുന്തിപ്പുഴയില്‍ നിന്നും മാര്‍ക്കറ്റിലേക്ക് വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ 12 അടിയോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് ചുറ്റുമതില്‍ അനിവാര്യമാണ്. ഇത് നിര്‍മ്മിച്ചിട്ടില്ല. മാര്‍ക്കറ്റിലെ മാലിന്യം സമീപമുള്ള വീടുകളിലെ കിണറുകളിലേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. ഇതിനായി ചുറ്റുമതില്‍ നിര്‍മ്മിക്കുന്നത് അനിവാര്യമാണ്. എന്നാല്‍ അത് ചെയ്തിട്ടില്ല.
സമീപവാസികളുടെ പരാതി ഉള്ളതിനാല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം പുറത്ത് പോകാതിരിക്കാന്‍ കോണ്‍ക്രീറ്റ് കെട്ടിടവും ആധുനിക രീതിയില്‍ മത്സ്യ സംസ്കരണ സംവിധാനവും അനിവാര്യമാണ്. എന്നാല്‍ അത് സ്ഥാപിച്ചിട്ടില്ല.
മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചിട്ടില്ല. മാര്‍ക്കറ്റിലേക്ക് വാഹനങ്ങള്‍ എത്തുന്നത് മണ്ണ് പാതയിലൂടെയാണ്. ഇത് കോണ്‍ക്രീറ്റ് ചെയ്യണം. ഈ പ്രവര്‍ത്തിയും നടത്തിയിട്ടില്ല. തുടങ്ങി ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് മാര്‍ക്കറ്റിനെതിരെ വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുത്തെങ്കിലും ഇടത് അംഗങ്ങള്‍ പ്രതികരിച്ചില്ല. ഇതോടെ അടുത്ത അജണ്ടയിലേക്ക് യോഗം നീങ്ങുകയായിരുന്നു. ഇതോടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം ശരിയാക്കുന്ന മുറക്ക് മത്സ്യ മാര്‍ക്കറ്റിന് ലൈസന്‍സ് നല്‍കാമെന്നാണ് നഗരസഭയുടെ നിലപാട്.
മത്സ്യ മാര്‍ക്കറ്റിന് അനുമതി നല്‍കാത്തതിന്റെ കാരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചതിന് ശേഷമുള്ള യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചക്ക് വന്നപ്പോള്‍ സിപിഎം അംഗങ്ങള്‍ പ്രതികരിച്ചിരുന്നു. നഗരസഭ അപ്പീല്‍ പോകുമെന്ന് തീരുമാനമെടുത്തതാണ് സിപിഎം അംഗങ്ങള്‍ പ്രശ്നമുണ്ടാക്കാന്‍ കാരണമായത്. നഗരസഭക്ക് സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന കാര്യത്തിലും കോടതിയലക്ഷ്യമായതിനാല്‍ ഇക്കാര്യത്തില്‍ സഹകരിക്കാന്‍ ആവില്ല എന്ന നിലപാടിലായിരുന്നു സിപിഎം അംഗങ്ങള്‍. എന്നാല്‍ നഗരസഭയില്‍ ഇതേ വിഷയം ചര്‍ച്ചക്ക് എടുത്തപ്പോള്‍ ഇടത് അംഗങ്ങളെല്ലാം മൗനം പാലിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: