കൊല്ലം: മാനവരാശിക്ക് ഭൗതികതയും ആത്മീയതയും ഒരുപോലെ ആവശ്യമാണെന്നും ഇവ രണ്ടിനെയും കണക്കിലെടുക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതിക്ക് മാത്രമേ മാനവരാശിയെ മുന്നോട്ടുകൊണ്ടുപേകാന്‍ സാധിക്കുവെന്നും ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. തൃപ്പനയം ക്ഷേത്രം ആഡിറ്റോറിയത്തില്‍ തൃപ്പനയത്തമ്മ സേവാസംഘത്തിന്റെ ഉദ്ഘാടനവും ആംബുലന്‍സ് സര്‍വീസിന്റെ ഫ്ളാഗ് ഓഫും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വേദ സംസ്കാരത്തിന്റെ അടിസ്ഥാനത്തിലൂന്നിയ മാനവസേവ മാധവസേവയെന്ന നമ്മുടെ തത്വം മനസിലാക്കാന്‍ ഇന്ന് സമൂഹത്തിന് കഴിയുന്നു. എന്റെ പ്രസ്ഥാനം കുഞ്ഞുന്നാളില്‍ എനിക്ക് പകര്‍ന്നുതന്നതാണ് ഈ ആശയം. ഞാന്‍ അതില്‍ അഭിമാനിക്കുന്നു. ലോകമുള്ളിടത്തോളം കാലം നിലനില്‍ക്കുന്നതാണ് ശിവരാത്രിയുടെ ത്യാഗത്തിന്റെയും സമര്പ്പണത്തിന്റെതുമായ സന്ദേശം. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും ഒന്നായിക്കണ്ട് ഭാരതം കാട്ടിയ മാര്‍ഗത്തിലൂടെ ചരിക്കാന്‍ ലോകം നിര്‍ബന്ധിതമായെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ സംസ്കാരത്തില്‍ സേവനമാണ് ഏറ്റവും വലിയ ധര്‍മം. മനുഷ്യനെ സേവിക്കലാണ് ഈശ്വരപൂജ. ഇങ്ങനെ അനേകം സേവാസന്ദേശങ്ങളിലൂടെയാണ് നാം മുന്നോട്ടുപോകുന്നതെന്ന് സേവാ സന്ദേശം നല്കിയ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്. ശശിധരന് പറഞ്ഞു. സേവാ പ്രവര്‍ത്തനത്തിലൂടെ മാനസിക വികാസവും നമ്മള് നേടുകയാണ്. തൃപ്പനയത്തമ്മയുടെ ചൈതന്യം വ്യാപരിക്കുന്ന പ്രദേശത്തെ എല്ലാ ജനങ്ങള്‍ക്കും സേവനം ചെയ്യാന്‍ സേവാസംഘത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെടിഎസ്എസ് പ്രസിഡന്റ് എം. ജനാര്ദ്ദനന്, ദീര്‍ഘകാലം തൃപ്പനയം ക്ഷേത്രം പ്രസിഡന്റായിരുന്ന എം.കെ. ജനാര്ദ്ദനന് പിള്ള എന്നിവരെ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ആദരിച്ചു. യുവശാസ്ത്രജ്ഞനുള്ള ദേശീയ അവാര്‍ഡ് നേടിയ സിഎസ്ഐആര്‍ ശാസ്ത്രജ്ഞന് ഡോ. അച്ചു ചന്ദ്രനെ അനുമോദിച്ചു. തൃപ്പനയത്തമ്മ സേവാ സംഘത്തിന്റെ ഉപഹാരം ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയ്ക്ക് സേവാസംഘം രക്ഷാധികാരി സി.കെ. ചന്ദ്രബാബു കൈമാറി.
സേവാസംഘം ആംബുലന്‍സിന്റെ താക്കോല്‍ സേവാഭാരതി പനയം പഞ്ചായത്ത് സമിതി പ്രസിഡന്റ് വി. ബാബുവിന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്. ശശിധരന് കൈമാറി. ചികിത്സാ ധനസഹായ വിതരണം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറും കൊല്ലം താലൂക്ക് യൂണിയന് പ്രസിഡന്റുമായ ഡോ.ജി. ഗോപകുമാറും, വിദ്യാഭ്യാസ ധനസഹായ വിതരണം അഖിലകേരള വിശ്വകര്മ്മമഹാസഭ സംസ്ഥാന പ്രസിഡന്റ് പി.ആര്. ദേവദാസും നിര്‍വഹിച്ചു. സേവാസംഘം രക്ഷാധികാരി സി.കെ. ചന്ദ്രബാബു അധ്യക്ഷനായി. സെക്രട്ടറി എസ്. മുരളീധരന് പിള്ള, പ്രസിഡന്റ് സി. പ്രദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: