വണ്ണപ്പുറം: ഏഴുപതിറ്റാണ്ടിന്റെ കുടിയേറ്റ ചരിത്രം പേറുന്ന നാക്കയം നിവാസികള്‍ അധികൃതരുടെ അവഗണയില്‍ വീര്‍പ്പുമുട്ടുന്നു. വണ്ണപ്പുറം പഞ്ചായത്തിലെ ബ്ലാത്തിക്കവലയില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ ഉള്ളിലാണ് ഈഗ്രാമം. വണ്ണപ്പുറം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട പ്രദേശമാണിത്. ഇവിടേക്കുള്ള റോഡ് തകര്‍ന്ന നിലയിലായിട്ട് കാലമേറെയായി. ജനപ്രതിനിധികള്‍ വേണ്ട താല്പര്യം കാണിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
രണ്ട് പഞ്ചായത്തുകളുടെ അതിര്‍ത്തിയായതും റോഡ് പണിക്ക് വിഘാതമാകുന്നുണ്ട്. നാക്കയത്തേയ്ക്ക് കഞ്ഞിക്കുഴി പഞ്ചായത്തിലുള്‍പ്പടുന്ന ബ്ലാത്തിക്കവല ഭാഗത്തുനിന്നും വണ്ണപ്പുറം പഞ്ചായത്തിലെ ബ്ലാത്തിക്കലയില്നിന്നും എത്താന്‍ കഴിയും. അതിര്‍ത്തി ഗ്രാമമായതിനാല്‍ നാക്കയം പ്രദേശത്തോട് കടുത്ത അവഗണനയാണെന്നു നാട്ടുകാര്‍ പറയുന്നു.
കഞ്ഞിക്കുഴി വണ്ണപ്പറം പഞ്ചായത്തിലെ ജനപ്രധിനിധികളോട് നാക്കയംകാരുടെ യാത്രാ ദുരിതത്തെപ്പറ്റി ചോദിച്ചാല്‍ ഉടന്‍ ശരിയാക്കാം എന്ന മറുപടി മാത്രമാണ് കിട്ടുന്നത് എന്ന ആക്ഷേപം ഉണ്ട്. ഗതാഗത സൗകര്യത്തിന്റെ അഭാവത്താല്‍ ബുദ്ധിമുട്ടുന്ന നാക്കയം പ്രദേശത്തുള്ളവരുടെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കുവാന്‍ അധികൃതര്‍ തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: