ന്യൂദല്‍ഹി: റഷ്യ-ഉക്രൈന് യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് നൂറു ശതമാനം ശരിയെന്ന് വിദേശകാര്യവിദഗ്ധന്‍ കെ.പി. ഫാബിയന്‍. റഷ്യയെയും അമേരിക്ക ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളെയും പിണക്കാതെ മോദി സര്‍ക്കാര്‍ സ്വീകരിച്ച നയതന്ത്ര സമീപനം ശരിയാണെന്നും ഫാബിയന്‍ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.
ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന റഷ്യയ്ക്കെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്ന നിലപാട് ശരിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയുമായും റഷ്യയുമായും നല്ല ബന്ധം ഒരേ സമയം നിലനിര്‍ത്തുക എന്നത് ഇന്ത്യയുടെ ആവശ്യമാണ്. നയതന്ത്രം എന്നത് ഒരര്‍ത്ഥത്തില്‍ എല്ലാവര്‍ക്കുമൊപ്പം ഒരുപോലെ നിലകൊള്ളാനുള്ള ശേഷിയാണ്. എല്ലാവരും സംയമനം പാലിക്കുക, സമാധാനം ഉറപ്പാക്കുക, എന്നിട്ട് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുക എന്ന സമീപനമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ഇത് ശരിയാണ്.- അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഒരു വോട്ട് കൊണ്ട് ഐക്യരാഷ്ട്രസഭയില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. ഈ പ്രമേയത്തെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്ത് നിര്‍വ്വീര്യമാക്കും എന്നതും എല്ലാവര്ക്കും അറിയാം. അതുകൊണ്ട് റഷ്യയെ വെറുപ്പിക്കാതെ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുക എന്നത് തികച്ചും ശരിയായ നിലപാടാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യയോടും അമേരിക്കയോടും നല്ല ബന്ധം വേണം. ഇവിടെ ഒരു തെരഞ്ഞെടുപ്പിന് സാധ്യതയില്ല. അമേരിക്കയുടെ ദേഷ്യം കുറച്ചുകഴിഞ്ഞാല്‍ മാറിക്കൊള്ളും.- ഫാബിയാന്‍ ഇന്ത്യയുടെ നയതന്ത്രനീക്കത്തെ പിന്തുണച്ചുകൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: