ന്യൂദല്‍ഹി: നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് (എന്‍എസ്ഇ) അഴിമതിക്കേസില്‍ അറസ്റ്റിലായ എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്മണ്യത്തെക്കുറിച്ച് ദൂരൂഹത ഏറുന്നു. ഇദ്ദേഹം തന്നെയാണോ എന്‍എസ്ഇ സിഇഒ ആയ ചിത്ര രാമകൃഷ്ണനെ നിയന്ത്രിച്ചിരുന്ന, വഴി തെറ്റിച്ചിരുന്ന ഹിമാലയന്‍ യോഗി എന്ന സംശയവും ഏറുകയാണ്.ചെന്നൈയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത ആനന്ദ് സുബ്രഹ്മണ്യത്തെ നാല് ദിവസം ചോദ്യം ചെയ്ത് കഴിഞ്ഞു.
വെറും 15 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ട്രാന്‍സേഫ് സര്‍വ്വീസസ് ലി. എന്ന ബാമര്‍ ആന്റ് ലോറിയുടെ സബ്സിഡിയറി കമ്പനിയില്‍ ജോലി ചെയ്തിരുന്ന ആനന്ദ് സുബ്രഹ്മണ്യത്തെയാണ് പിന്നീട് 1.68 കോടി രൂപ വാര്‍ഷിക ശമ്പളത്തില്‍ ചിത്ര രാമകൃഷ്ണ എന്‍എസ്ഇയുടെ ചെന്നൈ റിജ്യണല്‍ ഓഫീസില്‍ 2013ല്‍ നിയമിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സുനിതയെയാകട്ടെ എന്‍എസ്ഇ ചെന്നൈ റീജ്യണല്‍ ഓഫീസറായി 60 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തിലാണ് നിയമിച്ചത്.
പിന്നീട് ദ്രുതഗതിയില്‍ ആനന്ദ് സുബ്രഹ്മണ്യത്തിന്റെയും ഭാര്യയുടെയും ശമ്പളം കുതിച്ചുയര്‍ന്നു. 2014ല്‍ സുനിതയുടെ വാര്‍ഷിക ശമ്പളം 72 ലക്ഷം രൂപയായി ഉയര്‍ന്നു. ആനന്ദ് സുബ്രഹ്മണ്യന്റേതാകട്ടെ 2014ല്‍ 2.01 കോടിയും 2014 മെയില്‍ 2.32 കോടിയും 2015 മാര്‍ച്ചില്‍ 3.33 കോടിയും 2015 ഏപ്രിലില്‍ 3.67 കോടിയും 2016 മാര്‍ച്ചില്‍ 4.21 കോടിയും ആയി ഉയര്‍ന്നു. ഇക്കാലയളവില്‍ ഭാര്യ സുനിതയുടെ ശമ്പളം 1.15 കോടി വരെ ഉയര്‍ന്നിരുന്നു.
ഇവര്‍ ഇരുവരുടെയും ശമ്പളം വര്‍ധിപ്പിച്ചിരുന്നത് എന്‍എസ്ഇ സിഇഒ ആയിരുന്ന ചിത്ര രാമകൃഷ്ണയായിരുന്നു. ഇവര്‍ പറയുന്നത് ഹിമാലയത്തിലെ ഒരു യോഗിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ ആനന്ദ് സുബ്രഹ്മണ്യത്തെയും ഭാര്യയെയും നിയമിക്കുകയും അവരുടെ ശമ്പളത്തില്‍ കാലാകാലം വര്‍ധന വരുത്തിയെന്നുമാണ്. എന്നാല്‍ ഇപ്പോള്‍ ഈ ഹിമാലയന്‍ യോഗി ആനന്ദ് സുബ്രഹ്മണ്യം തന്നെയാണോ എന്ന സംശയവും ഉയരുകയാണ്.
സിബി ഐ ചിത്ര രാമകൃഷ്ണനെയും എന്‍എസ്ഇ എംഡിയായ രവി നാരായ്നെയും ചോദ്യം ചെയ്തിരുന്നു. പിന്നീട് മുങ്ങിയ ചിത്ര രാമകൃഷ്ണയ്ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബി ഐ.
ഒപിജി സെക്യൂരിറ്റീസ് എന്ന ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രൊമോട്ടറായ സഞ്ജയ് ഗുപ്തയെയും സിബി ഐ അന്വേഷിക്കുന്നുണ്ട്. തന്റെ ഭാര്യസഹോദരന് അമന് കോക്രാഡിയും മറ്റ് ചില അഞ്ജാത വ്യക്തികളുമാണ് എന്എസ്സിയുടെ ഡാറ്റ സെന്റര്‍ മാനേജ് ചെയ്തിരുന്നതെന്ന് പറയുന്നതു. ഇവര്‍ എന്‍എസ്ഇ എക്സ്ചേഞ്ചുകളുടെ സ്വിച്ചോണ്‍ ടൈം കൃത്യമായി ഒപിജിയെ അറിയിച്ചിരുന്നുവെന്നും ആ സമയം നോക്കി ഒപിജി തിരക്കില്ലാത്ത സമയത്ത് എന്‍എസ്ഇയില്‍ ലോഗിന്‍ ചെയ്ത് അഴിമതി നടത്തിയെന്നും പറയുന്നു.
ഒരു വിസില്‍ ബ്ലോവര്‍ (അഴിമതി രഹസ്യമായി ചൂണ്ടിക്കാട്ടുന്ന അജ്ഞാതന്‍) ആണ് 2014ല്‍ എന്‍എസ്ഇയില്‍ അഴിമതി നടക്കുന്നതായി സെബിയെ അറിയിച്ചത്. എന്‍എസ്ഇയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ചില ബ്രോക്കര്‍മാരും കൈകോര്‍ത്ത് അഴിമതി നടത്തുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: